മോഹന്‍ലാലും മഞ്ജുവും ഒന്നിച്ചു
വനിതാരത്‌നം മാഗസിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വിനീത് എന്‍. പിള്ള. കുടുംബകോടതിയിലെ അഭിഭാഷക ദീപ. രണ്ടു വ്യത്യസ്ത മേഖലയിലുള്ളവര്‍. എന്നാല്‍ ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങള്‍ അവരെ കൂട്ടിമുട്ടിക്കുന്നു. പിന്നീട് പലപ്പോഴും അവര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു. ഒന്നിച്ചു നിന്ന് മല്‍സരിക്കുന്നു. ആ മല്‍സരം രസകരമായ കുറേ കാര്യങ്ങള്‍ക്കിടയാക്കുന്നു. അതാണ് മോഹന്‍ലാല്‍- മഞ്ജുവാര്യര്‍ ടീം വീണ്ടും ഒന്നിക്കുമ്പോള്‍ നാം കാണാന്‍ പോകുന്നത്.
മോഹന്‍ലാല്‍ ആണ് റിപ്പോര്‍ട്ടറെ അവതരിപ്പിക്കുന്നത്. മഞ്ജു ദീപയെയും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ പ്രധാന രണ്ടു കഥാപാത്രങ്ങളാണിത്. ലാലും മഞ്ജുവും ഒന്നിക്കുമ്പോള്‍ എന്താണോ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് അതാണു ഈ ചിത്രത്തിലൂടെ നല്‍കുന്നതെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. രഞ്ജന്‍ പ്രമോദ് ആണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം. ഇന്നസെന്റ്, ലെന, റിനു മാത്യൂസ്, ഗ്രിഗറി എന്നിവരാണ് മറ്റുപ്രധാന താരങ്ങള്‍.

മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സത്യനും പ്രമോദും ഒന്നിക്കുന്ന ചിത്രത്തില്‍ കാമറ ചലിപ്പിക്കുന്നത് നീല്‍ ഡി. കുഞ്ഞയാണ്. തൂവല്‍കൊട്ടാരം, ഇരട്ടകുട്ടികളുടെ അച്ഛന്‍ എന്നീ ചിത്രങ്ങളിലാണ് മഞ്ജു സത്യനൊപ്പം പ്രവര്‍ത്തിച്ചത്. ആറാം തമ്പുരാന്‍, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം എന്നിവയില്‍ ലാലിനൊപ്പവും.
രണ്ടാംവരവില്‍ മഞ്ജു അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു വന്‍ ഹിറ്റായിരുന്നു.
മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ചേരുമ്പോഴുണ്ടാകുന്ന കുടുംബചിത്രമാണിത്. തന്റെ ചിത്രങ്ങളിലെ പഴയ ലാലിനെയാണ് സത്യന്‍ അന്തിക്കാട് തിരിച്ചുകൊണ്ടുവരുന്നത്. ശരിക്കുമൊരു ആഘോഷ ചിത്രം തന്നെയായിരിക്കും ഇത്.


Click it and Unblock the Notifications











