പൃഥ്വിയ്‌ക്കൊപ്പം മോഹന്‍ലാല്‍ ഇല്ല
അപ്പോള്‍ ആ പ്രതീക്ഷയും പോയി. രഞ്ജിത്ത് സംവിധാനം ചെയ്യാനിരുന്ന 'ജി ഫോര്‍ ഗോള്‍ഡ്' എന്ന ചിത്രത്തിലൂടെ മോഹന്‍ലാലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നു എന്ന വാര്‍ത്ത ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ ചില കാരണങ്ങള്‍ക്കൊണ്ട് രഞ്ജിത്ത് ചിത്രം പിന്‍വലിച്ചതോടെ പൃഥ്വിരാജ്, മോഹന്‍ലാല്‍ ഫാന്‍സിന് നിരാശയായി.
മേജര്‍ രവി സംവിധാനം ചെയ്യുന്ന 'പിക്കറ്റ് 43' എന്ന ചിത്രത്തിലൂടെ മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്നുണ്ടെന്ന് കേട്ടപ്പോള്‍ വീണ്ടും പ്രതീക്ഷയായി. ഇപ്പോഴറിയുന്നു ഈ ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം മോഹന്‍ലാല്‍ ഇല്ല എന്ന്. സംവിധായകന്‍ മേജര്‍ രവി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ സത്യമല്ല. മറിച്ച ബോളിവുഡ് താരം ജാവേജ് ജാഫറി ഒരു പ്രധാനവേഷം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഒരു അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നതെന്നായിരുന്നു വാര്‍ത്തകള്‍. ഇരുപത് മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു രംഗത്തില്‍ മാത്രമേ മോഹന്‍ലാല്‍ അഭിനയിക്കുന്നൂള്ളൂ എന്നും ടീമിനൊപ്പം ജൂണ്‍ അവസാനം മോഹന്‍ലാല്‍ ചേരുമെന്നുമായിരുന്നു വാര്‍ത്തകള്‍. മേജര്‍ രവി ചിത്രത്തില്‍ മോഹന്‍ലാല്‍ ഒഴിച്ചുകൂടാനാകാത്ത വ്യക്തത്വമായതിനാല്‍ റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനമുണ്ടായി.
മേജര്‍ രവി ഇതുവരെ എടുത്തതെല്ലാം പട്ടാളക്കാരുടെ കഥ പറഞ്ഞ ചിത്രങ്ങളും ഇതിലെല്ലാത്തിലും അഭിനയിച്ചത് മോഹന്‍ലാലുമായിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായാണ് ഇത്തവണ പൃഥ്വിരാജിനെ പരീക്ഷിച്ചത്. അതിര്‍ത്തിയില്‍ ഒറ്റപ്പെടുന്ന ഒരു ജവാന്റെ കഥപറയുകയാണ് ചിത്രം. ഇതേ അവസ്ഥയില്‍ എത്തപ്പെടുന്ന ഒരു പാക് സൈനികനുകൂടെയാകുമ്പോള്‍ കഥ ബന്ധങ്ങളെ കുറിച്ചും പറയുന്നു. ഒരു നായ ചിത്രത്തില്‍ പ്രഥാന വേഷം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications