twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുടക്കുമുതലിന് പകരം കിട്ടുമോ വീണ്ടുമൊരു ഭരത്?

    By Staff
    |

    ഷാജി എന്‍. കരുണിന്റെ വാനപ്രസ്ഥം നിര്‍മിച്ചത് മോഹന്‍ലാലാണ്. അതുവരെ വാണിജ്യ സിനിമയുടെ കഥക്കൂട്ടുകള്‍ക്കു മാത്രം ചേര്‍ന്ന ചിത്രങ്ങള്‍ നിര്‍മിച്ചിരുന്ന മോഹന്‍ലാല്‍ ഷാജിയുടെ വാനപ്രസ്ഥത്തിന്റെ നിര്‍മാതാവും നായകനുമായി.

    ദിവസം ഒരു ലക്ഷം രൂപ വാടകയുള്ള പാനാവിഷന്‍ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്ത വാനപ്രസ്ഥം ഒരു സാധാരണ ആര്‍ട്ട് ചിത്രത്തിന്റെ നിര്‍മാണച്ചെലവിനേക്കാള്‍ വളരെ കൂടിയ ബജറ്റിലൊരുക്കിയ ചിത്രമാണ്. റൊനത്തോ ബര്‍ത്തോവയെ പോലുള്ള യൂറോപ്യന്‍ ഛായാഗ്രാഹകരെ കൊണ്ടുവന്ന് ഷാജി എന്‍. കരുണ്‍ സിനിമാനിര്‍മാണം 'ആഡംബരം' തന്നെയാക്കിയപ്പോള്‍ എന്തു ചെലവും വഹിക്കാന്‍ തയ്യാറായി മലയാളത്തിന്റെ സൂപ്പര്‍താരം നിര്‍മാതാവിന്റെയും സിനിമയിലെ കഥകളി നടന്റെയും വേഷങ്ങളാടി.

    വാനപ്രസ്ഥം നിര്‍മിച്ചതിന്റെ മുടക്കുമുതല്‍ മുഴുവനായി തിരിച്ചുപിടിക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ മലയാളത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്റെ സാമ്പത്തികശേഷിയെ വാനപ്രസ്ഥത്തിന്റെ തിരികെ കിട്ടാത്ത മുടക്കുമുതല്‍ ഒട്ടും ബാധിച്ചിരിക്കില്ല. മാത്രവുമല്ല, മികച്ച നടനുള്ള രണ്ടാമത്തെ ദേശീയ അവാര്‍ഡ് ഈ ചിത്രത്തിലൂടെ മോഹന്‍ലാലിന് ലഭിക്കുകയും ചെയ്തു. (അവാര്‍ഡിനായി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മത്സരിക്കേണ്ടി വന്നതാകട്ടെ സിനിമ പിടിക്കാന്‍ നയാ പൈസ പോലും പോക്കറ്റില്‍ നിന്നിടാതെ, ഒരു സാധാരണ കച്ചവട സിനിമയില്‍ നായകനായി അഭിനയിച്ച് അവാര്‍ഡ് മത്സരത്തിന്റെ മുന്നണിയിലേത്തിയ കലാഭവന്‍ മണിയോട്!)

    റംസാന് റിലീസ് ചെയ്യുന്ന പി.ടി.കുഞ്ഞുമുഹമ്മദിന്റെ പരദേശി ഇതിനകം മോഹന്‍ലാലിന്റെ നടനവിസ്മയത്തിന് വേദിയൊരുക്കുന്ന ചിത്രമെന്ന റിപ്പോര്‍ട്ടുകളുമായി മാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. വാനപ്രസ്ഥത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആര്‍ട്ട് ചിത്രമാണ് പരദേശി. ഈ ചിത്രവും നിര്‍മിച്ചിരിക്കുന്നത് മോഹന്‍ലാല്‍ തന്നെ. (മോഹന്‍ലാല്‍ നേരിട്ട് ഇപ്പോള്‍ നിര്‍മാണമൊന്നും നടത്തുന്നില്ലെങ്കിലും ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ സിനിമകള്‍ നിര്‍മിക്കുന്ന ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിന്റെ ബിനാമിയാണെന്നത് ഒരു രഹസ്യമല്ല.)

    വാനപ്രസ്ഥം പോലെ പരദേശിയിലും മോഹന്‍ലാലിന് തന്റെ അഭിനയപ്രതിഭയുടെ മാറ്റ് കൂട്ടാനുള്ള കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രം നിര്‍മിക്കാനും മോഹന്‍ലാല്‍ പണം മുടക്കിയത് അത് തിരിച്ചുപിടിക്കാമെന്ന് മോഹിച്ചായിരിക്കില്ല. റംസാന്‍ ചിത്രമായി റിലീസ് ചെയ്യുന്ന പരദേശി കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞോടി വന്‍വിജയമാവുമെന്നൊരു വിചാരം മോഹന്‍ലാലിന് സ്വപ്നത്തില്‍ പോലും ഉണ്ടാവാനിടയില്ല. പക്ഷേ അളവറ്റ സമ്പാദ്യത്തിന്റെ ഒരു അംശം പരദേശിക്കായി മുടക്കുമ്പോള്‍ മോഹന്‍ലാലിന് മറ്റ് ചില സ്വപ്നങ്ങളുണ്ടാവാം. മുടക്കുമുതലിന് പകരം കിട്ടുമോ മോഹന്‍ലാലിന് വീണ്ടുമൊരു ഭരത്?

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X