രഞ്ജിത്ത് - മോഹന്‍ലാല്‍ ചിത്രത്തിന് പേരിട്ടു
സ്പിരിറ്റ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിയ്ക്കുന്ന ചിത്രത്തിന് പേരിട്ടു. മോഹന്‍ലാല്‍ വീണ്ടും ഒരു മാസ് ഹീറോ ആയി അവതരിക്കുന്ന ചിത്രത്തിന്റെ പേര് ലോഹം എന്നാണ്. ചിത്രത്തിന്റെ ത്രില്ലര്‍ സ്വഭാവം പേരില്‍ നിന്നു തന്നെ വ്യക്തം.
ആന്‍ഡ്രിയ ജെര്‍മിയ നായികയായെത്തുന്ന ചിത്രത്തില്‍ അജ്മല്‍ അമീറാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. നേരത്തെ മാടമ്പി എന്ന ചിത്രത്തിന് വേണ്ടിയാണ് അജ്മലും മോഹന്‍ലാലും ഒന്നിച്ചെത്തിയത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അനുജന്റെ വേഷമായിരുന്നു അജ്മലിന്. പുതിയ ചിത്രത്തിലെ വേഷം സസ്‌പെന്‍സാണ്.

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ആന്‍ഡ്രിയ ഒടുവില്‍ ചെയ്ത ചിത്രം പൃഥ്വിരാജിനൊപ്പമുള്ള ലണ്ടന്‍ ബ്രിഡ്ജാണ്. ചിത്രം വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല. നേരത്തെ ചിത്രത്തിലെ നായികയായി പരിഗണിച്ചത് മഞ്ജു വാര്യരായിരുന്നു. എന്നാല്‍ പിന്നീട് പല കാരണങ്ങള്‍ കൊണ്ടും അത് ആന്‍ഡ്രിയയില്‍ എത്തപ്പെടുകയായിരുന്നു.
ആശിര്‍വാദ് ഫലിസിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലോഹം നിര്‍മിയ്ക്കുന്നത്. ദുബായി, കൊച്ചി, കോഴിക്കോട്, എന്നിവിടങ്ങിളിലായിരിക്കും ചിത്രത്തിന്റെ പ്രധാന ഷൂട്ട്. ഫെബ്രുവരി അവസാനം കോഴിക്കോട് ചിത്രീകരണം ആരംഭിയ്ക്കും.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന എന്നും എപ്പോഴും എന്ന ചിത്രീകരണ തിരക്കിലാണ് ലാലിപ്പോള്‍. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രം വിഷുവിന് തിയേറ്ററിലെത്തും. അതിന് മുമ്പ് ജോഷി സംവിധാനം ചെയ്ത ലൈല ഓ ലൈല എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമല പോളാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications











