For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാജി കൈലാസിന്റെ തകര്‍പ്പന്‍ ചിത്രം

  By Staff
  |

  റെഡ് ചില്ലീസ്.. ചുവന്ന മുളകുകള്‍.. മോഹന്‍ലാല്‍ ഷാജി കൈലാസ് ടീമിന്റെ പുതിയ ചിത്രത്തിന് അമാനുഷിക പരിവേഷങ്ങളുടെ എരിവ് തീരെയില്ല.. പകരം പുതിയ യുവത്വത്തിന്റെ ത്രില്ലും ഊര്‍ജവും ഉത്സാഹവുമാണ് പ്രമേയം. അതിനു ചേരുന്ന ഷോട്ടുകള്‍. എഡിറ്റിംഗ്..

  ടൈഗറിലും ചിന്താമണി കൊലക്കേസിലും കണ്ട സൂപ്പര്‍ ടേക്കുകളുടെ മറ്റൊരു ആവിഷ്കാരമായിരിക്കും റെഡ് ചില്ലീസിലെന്ന് സംവിധായകന്‍ ഉറപ്പു നല്‍കുന്നു. പതിവ് അന്വേഷണ കഥകളില്‍ നിന്നും വ്യത്യസ്തമായ സീനുകളും സീക്വന്‍സുകളുമാണ് താന്‍ ഈ ചിത്രത്തില്‍ പരീക്ഷിക്കുന്നതെന്ന് ഷാജി കൈലാസ് പറയുന്നു.

  സൂപ്പര്‍ 35 എന്ന ക്യാമറയാണ് ഈ ചിത്രത്തിനു വേണ്ടി ഉപയോഗിക്കുന്നത്. ഷാജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബാബാ കല്യാണിയാണ് രണ്ടു ഷാജിമാരും ഒന്നിച്ച ആദ്യത്തെ ചിത്രം.

  ചിന്താമണി കൊലക്കേസിനു ശേഷം ഒന്‍പതു പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഒരു കൊലക്കേസിന്റെ കഥയാണ് തിരക്കഥാകൃത്ത് എ കെ സാജന്‍ ആദ്യം മുന്നോട്ടു വെച്ചത്. ഇതില്‍ മോഹന്‍ലാലിന്റെ ശബ്ദം മാത്രം ഉപയോഗിക്കാനായിരുന്നുവത്രേ ധാരണ. എന്നാല്‍ ലാലിന്റെ ശബ്ദം മാത്രം ഉപയോഗിക്കുന്നതിനോട് ആന്റണി പെരുമ്പാവൂരിന് യോജിപ്പുണ്ടായില്ല.

  തുടര്‍ന്ന് മോഹന്‍ലാല്‍ മുഴുനീള കഥാപാത്രമായി വരുന്ന തരത്തില്‍ കഥ പൊളിച്ചെഴുതുകയായിരുന്നു. വന്‍ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായ ഒമര്‍ എന്ന കഥാപാത്രമായാണ് ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

  ഒന്‍പത് അനാഥക്കുട്ടികളെ ഉള്‍പ്പെടുത്തി ഒമര്‍ രൂപം നല്‍കിയ ബാന്റിന്റെ പേരാണ് റെ‍ഡ് ചില്ലീസ്. അവരൊന്നും ഇതുവരെ ഒമറിനെ നേരില്‍ കണ്ടിട്ടില്ല. ഫോണിലൂടെയാണ് റെഡ് ചില്ലീസിന്റെ പ്രവര്‍ത്തനം ഒമര്‍ നിയന്ത്രിക്കുന്നത്. ഒരു പുതുവര്‍ഷരാത്രിയില്‍ നടന്ന കൊലപാതകത്തില്‍ ഈ ബാന്റിലെ അംഗങ്ങള്‍ സംശയത്തിന്റെ നിഴലിലാകുന്നതോടെ യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താന്‍ ഒമര്‍ കേരളത്തിലെത്തുന്നു.

  തുടര്‍ന്നുണ്ടാകുന്ന ആകാംക്ഷാ ഭരിതമായ മുഹൂര്‍ത്തങ്ങളാണ് റെഡ് ചില്ലീസിന്റെ പ്രമേയം. ചിന്താമണി കൊലക്കേസിനെ വെല്ലുന്ന ചിത്രമായിരിക്കും ഇതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.

  മോഹന്‍ലാല്‍ ഷാജി കൈലാസ് ടീം ഒന്നിച്ചപ്പോഴെല്ലാം തീയേറ്ററുകള്‍ ഇളകി മറിഞ്ഞ ഒരു ഭൂതകാലമുണ്ടായിരുന്നു. എന്നാല്‍ ഷാജി കൈലാസിനു വേണ്ടി രഞ്ജിത്ത് തിരക്കഥയെഴുതുന്നത് അവസാനിപ്പിച്ചപ്പോള്‍ തീയേറ്ററുകളുടെ ഉത്സവാഘോഷവും അവസാനിച്ചു. അലിഭായി റെക്കോഡ് കളക്ഷനോടെ തുടങ്ങിയെങ്കിലും മൂന്നാം ദിവസം തന്നെ മൂക്കും കുത്തി വീണു.

  പ്രതീക്ഷകളെ അതിജീവിക്കുന്ന ഒരു തകര്‍പ്പന്‍ ഹിറ്റ് ഒരുക്കാനുളള വാശിയിലാണ് റെഡ് ചില്ലീസിന്റെ അണിയറ ടീം.

  മോഹന്‍ലാലിനു പുറമേ, വിജയരാഘവന്‍, മണിയന്‍പിളള രാജു, ജഗന്നാഥ വര്‍മ്മ, ജഗദീഷ് എന്നിങ്ങനെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിലുണ്ട്. രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്താണ് റെഡ് ചില്ലീസ് നിര്‍മ്മിക്കുന്നത്.

  ബന്ധപ്പെട്ട വാര്‍ത്തകള്‍
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X