അന്ന് പ്രബലൻ, ദിലീപ് മോഹൻലാലിനൊപ്പം ചെയ്ത സിനിമകൾ നേടിയത്; വീണ്ടും ഒന്നിക്കുമ്പോഴുള്ള സാഹചര്യം
നടൻ മോഹൻലാലിന്റെ പിറന്നാൾ ദിനം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ. മലയാള സിനിമാ ലോകത്തെ അഭിമാനവും അഹങ്കാരവുമായ പ്രിയ താരത്തിന് 65 വയസ് പൂർത്തിയായിരിക്കുന്നു. ഈ പിറന്നാൾ ദിനത്തിൽ മോഹൻലാൽ ഒരു സന്തോഷ വാർത്ത ആരാധകർക്കായി പങ്കുവെക്കുന്നുണ്ട്. 47 വർഷത്തെ മോഹൻലാലിന്റെ സിനിമാ ജീവിതം പുസ്തകമാകുകയാണ്. മുഖരാഗം എന്ന പേരിൽ ഭാനുപ്രകാശ് ആണ് മോഹൻലാലിന്റെ ജീവചരിത്രം എഴുതുന്നത്. സഹപ്രവർത്തകരിൽ നിരവധി പേർ മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിക്കുന്നുണ്ട്.
നടൻ ദിലീപിന്റെ പിറന്നാൾ ആശംസയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. പ്രിയ ലാലേട്ടന് ആരോഗ്യവും സന്തോഷവും നേർന്ന് കൊണ്ടാണ് ദിലീപിന്റെ ആശംസ. ദിലീപിന്റെ വരാനിരിക്കുന്ന ഭ ഭ ബയിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും ദിലീപും ഒന്നിച്ച് ബിഗ് സ്ക്രീനിലെത്താൻ പോകുന്നത്.

വർണ പകിട്ട്, ട്വന്റി ട്വന്റി, ചെെന ടൗൺ, ക്രിസ്ത്യൻ ബ്രദേർസ് എന്നീ സിനിമകളിലാണ് ഇതിന് മുമ്പ് മോഹൻലാലും ദിലീപും ഒന്നിച്ചഭിനയിച്ചത്. 1997 ലാണ് വർണപകിട്ട് റിലീസ് ചെയ്യുന്നത്. അന്ന് ദിലീപ് മുൻനിര താരമല്ല. ട്വന്റി ട്വന്റി, ചെെന ടൗൺ, ക്രിസ്ത്യൻ ബ്രദേർസ് എന്നീ സിനിമകൾ വരുന്നത് ദിലീപ് മലയാള സിനിമാ ലോകത്തെ പ്രബല സാന്നിധ്യമായപ്പോഴാണ്.
ദിലീപ് മോളിവുഡിന്റെ നിയന്ത്രണത്തിൽ തനിക്കുള്ള ശക്തി ഉറപ്പിച്ചത് ട്വന്റി ട്വന്റി എന്ന സിനിമയിലൂടെയാണ്. മുൻനിര താരങ്ങളെയെല്ലാം അണിനിരത്തി ദിലീപ് നിർമ്മിച്ച് വിതരണം ചെയ്ത സിനിമ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. ചിത്രത്തിലെ മോഹൻലാലിന്റെ സീനുകൾ ഇന്നും ജനപ്രിയമാണ്. 150 ദിവസമാണ് ഈ സിനിമ തിയറ്ററിൽ പ്രദർശിപ്പിച്ചത്. 2008 ലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. 32 കോടി രൂപയാണ് ആഗോള തത്തിൽ ലഭിച്ച കലക്ഷൻ.

ട്വന്റി ട്വന്റിക്ക് ശേഷം മൾട്ടി സ്റ്റാർ ചിത്രങ്ങൾ മോളിവുഡിൽ ട്രെൻഡായി. ഈ സമയത്താണ് ചെെന ടൗൺ, ക്രിസ്ത്യൻ ബ്രദേർസ് എന്നീ സിനിമകൾ വരുന്നത്. 2011 ലാണ് ചെെന ടൗണും ക്രിസ്ത്യൻ ബ്രദേഴ്സും റിലീസ് ചെയ്തത്. ചെെന ടൗണിൽ മോഹൻലാൽ, ജയറാം, ദിലീപ് എന്നിവർ പ്രധാന വേഷത്തിലെത്തി. നിർമാണം ആശിർവാദ് സിനിമാസ്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. എന്നാൽ ചെെന ടൗണിലെ താരനിര ബോക്സ് ഓഫീസിൽ തുണച്ചു. 7 കോടി രൂപയ്ക്ക് നിർമ്മിച്ച സിനിമ രണ്ടാഴ്ചക്കുള്ളിൽ മുടക്കു മുതൽ തിരിച്ച് പിടിച്ചു. 13. 2 കോടി രൂപയാണ് ചെെന ടൗണിന്റെ കലക്ഷൻ. 2011 ലെ വിഷു റിലീസായിരുന്നു ചെെന ടൗൺ.
മോഹൻലാൽ, ശരത്കുമാർ, സുരേഷ് ഗോപി, ദിലീപ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. 9 കോടി രൂപയാണ് ക്രിസ്ത്യൻ ബ്രദേഴ്സിന്റെ ബഡ്ജറ്റ്. 100 ദിവസം തിയറ്ററിൽ ചിത്രം പ്രദർശിപ്പിച്ചു. 11. 35 കോടിയാണ് കേരള ബോക്സ് ഓഫീസിൽ നിന്ന് രണ്ടാഴ്ച കൊണ്ട് ചിത്രം നേടിയത്.
2011 ന് ശേഷം മോഹൻലാലും ദിലീപും ഒരുമിച്ച് സിനിമ ചെയ്തിട്ടില്ല. എങ്കിലും ഇവരുടെ സൗഹൃദം തുടർന്നു. വർഷങ്ങൾക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രത്തിലേക്ക് മോഹൻലാൽ കാമിയോ റോളിൽ വരുന്നത്. അന്ന് ദിലീപ് പ്രബലനായിരുന്നെങ്കിൽ ഇന്ന് നടന് പഴയ താരത്തിളക്കമില്ല. തുടരെ വന്ന പരാജയങ്ങൾക്കിടയിൽ പ്രിൻസ് ആന്റ് ഫാമിലി എന്ന സിനിമ മാത്രമാണ് നടന് ആശ്വാസമായത്. അടുത്തിടെ ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെക്കുറിച്ച് ദിലീപ് സംസാരിച്ചിരുന്നു.
'ആരാണ് മലയാളത്തിൽ മോഹൻലാൽ ഫാൻ അല്ലാത്തത്. നമ്മുടെ എല്ലാവരുടെയും അഭിമാനമല്ലേ. ലാലേട്ടൻ, മമ്മൂക്ക എന്നിവർക്ക് ശേഷമാണ് മറ്റുള്ളവർ വന്നത്. സുരേഷേട്ടനും ജയറാമേട്ടനും നമ്മളുമാെക്കെ. ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ ഭാഗ്യം കിട്ടി. പണ്ട് വളരെ ദൂരത്ത് നിന്നയാൾക്കൊപ്പം പിന്നീട് ഒരുമിച്ച് വർക്ക് ചെയ്യാനായി. അദ്ദേഹവുമായി ഇടപഴകാൻ പറ്റി,' ദിലീപ് പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications