For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നഷ്ടപ്പെടുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വില അറിയുന്നത്! ലോക് ഡൗണ്‍ സമയം ബ്ലോഗുമായി മോഹന്‍ലാല്‍

  |

  കൊവിഡ് 19നെ പ്രതിരോധിക്കാനായി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കണമെന്ന നിര്‍ദ്ദേശം പാലിച്ചുകൊണ്ടിരിക്കുകയാണ് ജനങ്ങള്‍. കൊറോണ ബോധവല്‍ക്കരണ പോസ്റ്റുകളുമായി സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നടന്‍ മോഹന്‍ലാലിന്റെതായി പുറത്തിറങ്ങാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

  ലോക് ഡൗണ്‍ സമയത്ത് പതിവ് പോലെ ഈ മാസവും ബ്ലോഗുമായി എത്തിയിരിക്കുകയാണ് സൂപ്പര്‍ താരം. ഇത്തവണ കോവിഡ് 19നെ പ്രതിരോധിക്കാനായി ഏര്‍പ്പെടുത്തിയ ലോക് ഡൗണുമായി ബന്ധപ്പെട്ടാണ് നടന്‍ എഴുതിയിരിക്കുന്നത്. വീ ഷാള്‍ ഓവര്‍ കം എന്ന തലക്കെട്ടോടെയാണ് മോഹന്‍ലാലിന്റെ ബ്ലോഗ് ആരംഭിക്കുന്നത്.

  വീ ഷാള്‍ ഓവര്‍ കം

  വീ ഷാള്‍ ഓവര്‍ കം

  കാത്തിരിക്കുകയായിരുന്നു നമ്മളെല്ലാം. ഇരുപത്തിയൊന്ന് ദിവസത്തെ അടച്ചിരിപ്പിന് ശേഷം, സ്വാതന്ത്യത്തോടെ ഈ ലോകത്തേക്കിറങ്ങാന്‍, നമ്മുടെ ഇടങ്ങളിലേക്ക്, നാം നടന്ന വഴികളിലേക്ക്, കൂട്ടുകൂടിയിരുന്ന ഇടങ്ങളിലേക്ക്, നമ്മുടെ അങ്ങാടികളിലേക്ക്, കളിസ്ഥലങ്ങളിലേക്ക്, ആഘോഷ സംഗമങ്ങളിലേക്ക്, തൊഴിലിടങ്ങളിലേക്ക്, ആരാധനായലങ്ങളിലേക്ക്, ഉത്സവ പറമ്പുകളിലേക്ക്, ഹൃദ്യമായ സായാഹ്നങ്ങളിലേക്ക്, സന്തോഷ പൂര്‍ണമായ രാവുകളിലേക്ക്, തിരിച്ചുപോകാന്‍ ജീവിതത്തെ തിരിച്ചുപിടിക്കാന്‍ അതേ, നാമെല്ലാം കാത്തിരിക്കുകയായിരുന്നു.

  നമ്മള്‍ കാത്തിരിക്കുകയായിരുന്നു. ലോക് ഡൗണിന്റെ അതിര്‍ത്തികള്‍ക്കപ്പുറം തനിച്ചായിപോയ മാതാപിതാക്കളെ കാണാന്‍, കുടുംബത്തെ കാണാന്‍, കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കാന്‍, രോഗികളായ പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കാന്‍, മുറിഞ്ഞുപോയ സൗഹൃദങ്ങളില്‍ വീണ്ടും കണ്ണിചേരാന്‍. നാമെല്ലാം വെമ്പലോടെ കാത്തിരിക്കുകയായിരുന്നു. ബാക്കിയായവ നമുക്ക് ചെയ്തുതീര്‍ക്കാന്‍ ഏറെയുണ്ടായിരുന്നു. പാതിയില്‍ നിന്നുപോയ ജോലികള്‍, വിട്ടേണ്ട ബാധ്യതകള്‍, മുടങ്ങാതിരിക്കേണ്ട കടമകള്‍, മുന്നോട്ടുളള യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകള്‍..

  എന്നാല്‍ രാജ്യം പറഞ്ഞു അരുത്, ആയിട്ടില്ല. അല്‍പ്പം കൂടി ക്ഷമിക്കൂ.. നിങ്ങള്‍ക്ക് വേണ്ടി നമുക്ക് വേണ്ടി. ഈ നാടിന് വേണ്ടി. നമ്മിലേക്കുളള മടക്കം. സ്വാതന്ത്യത്തിന്റെ പടിവാതില്‍ക്കല്‍വെച്ച് വീണ്ടും വീട്ടകങ്ങളിലേക്ക് മടങ്ങുമ്പോള്‍ നാം തിരിച്ചെത്തുന്നത് നമ്മിലേക്ക് തന്നെയാണ്. നമ്മുടെ തന്നെ ഓര്‍മ്മകളിലേക്ക്, കടന്നുപോയ വഴികളിലേക്ക്. സ്വാതന്ത്ര്യത്തിന്റെ വില നഷ്ടപ്പെടുമ്പോഴാണ് എന്തിന്റെയും വില അറിയുന്നത്. സ്വാതന്ത്ര്യവും അങ്ങനെ തന്നെ ഈ ഭൂമിയില്‍. ഈ നാട്ടില്‍ നാമെത്ര മേല്‍ സ്വതന്ത്രരായിരുന്നു.

  നമ്മുടെ ഓര്‍മ്മകളില്‍ സ്‌കൂളുകളിലേക്ക് നാം കടന്നുപോയ വഴികള്‍, നാം കളിച്ച വീട്ടുതൊടികള്‍ വളരുന്തോറും നാം കണ്ട സ്വപ്‌നങ്ങള്‍, നാം തേടിയ ജോലികള്‍ ഒടുവില്‍ എത്തിച്ചേര്‍ന്ന ഇടങ്ങള്‍. നമ്മുടെ അധ്വാനങ്ങള്‍, ആത്മസംതൃപ്തികള്‍, പ്രിയപ്പെട്ടവരുമൊത്ത് ചെലവഴിച്ച നിമിഷങ്ങള്‍, നമ്മുടെ നേട്ടങ്ങള്‍, പങ്കിടലുകള്‍, കണ്ട് വിസ്മയിച്ച മനോഹര കാഴ്ചകള്‍, തനിച്ച് സഹിച്ച സഹനങ്ങള്‍ ആരോരുമറിയാതെ ഉളളില്‍ സൂക്ഷിക്കുന്ന ആധികള്‍.

  കാണാതെ പോയ വീട്ടുവിസ്മയങ്ങള്‍. എന്ത് വേഗമായിരുന്നു നമ്മുടെ ഓട്ടത്തിന്, എന്തൊരു ആവേശമായിരുന്നു വെട്ടിപ്പിടിക്കാന്‍. ഈ ഓട്ടത്തിനിടെ നാം കണ്ടതെത്ര. കാണാതെ പോയതത്ര. കേട്ടതെത്ര. കേള്‍ക്കാതെ പോയതത്ര. കണ്ട വിദൂര വിസ്മയങ്ങളേക്കാള്‍ മോഹനം കാണാതെ പോയ വീട്ടു വിസ്മയങ്ങളാണെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കും.

  നമ്മുടെ വയോജനങ്ങള്‍ അനുഭവിക്കുന്ന, ഏകാന്തത, ചിലരെങ്കിലുമൊക്കെ മനസിലാക്കിയിരിക്കും. പുറത്തിറങ്ങാനാവാതെ ജാലക കള്ളിയിലൂടെ നോക്കിയിരിക്കുമ്പോള്‍ ചിലരെങ്കിലും പറഞ്ഞിരിക്കാം. ഈ ലോകം എത്രമേല്‍ മനോഹരമാണ്...! എത്ര വിശാലമാണ്! സ്വയമണിഞ്ഞ വിലങ്ങുകള്‍ മാറ്റി, അധികം വൈകാതെ, വീണ്ടും ലോകത്തേക്കിറങ്ങുമ്പോള്‍ നാമെല്ലാം പങ്കിടുന്ന പൊതു ചോദ്യമുണ്ട്...

  എവിടെ തുടങ്ങണം? എങ്ങോട്ട് പോകണം? നമുക്കിനി സാധിക്കുമോ? പ്രസിദ്ധനായ ഒരു ഗ്രീക്ക് എഴുത്തുകാരന്റെ ആത്മകഥയിലെ ഒരു രംഗം ഓര്‍മ വരുന്നു. അദ്ദേഹം കുട്ടിക്കാലം ഓര്‍ക്കുകയാണ്. കൊടും മഴ, പ്രളയം നാടിനെ മുക്കിയിരിക്കുന്നു. അവരുടെ മുന്തിരിപ്പാടങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോയത് അവന്‍ കണ്ടു. അധ്വാനിച്ചതെല്ലാം പ്രകൃതിയെടുത്തിരിക്കുന്നു. വീടിന്റെ നനഞ്ഞ വാതില്‍പ്പടിയില്‍ അച്ഛന്‍ നില്‍പുണ്ടായിരുന്നു. അച്ഛന്‍ പട്ടാളക്കാരനായിരുന്നു.

  ഒരുപാട് യുദ്ധങ്ങള്‍ കടന്നുപോന്നയാള്‍, തീക്ഷ്ണമായി ജീവിതം രുചിച്ചയാള്‍, വിറച്ച് വിറച്ച് അവന്‍ ചോദിച്ചു. നമ്മുടെ മുന്തിരി മുഴുവന്‍ പോയി അല്ലേ അച്ഛാ...? അപ്പോള്‍ മുഴങ്ങുന്ന സ്വരത്തില്‍ അച്ഛന്‍ പറഞ്ഞു: നമ്മള്‍ പോയില്ലല്ലോ. സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങള്‍ തിരിച്ചുവരുമ്പോള്‍ നമുക്കും പറയാറാവണം... നമ്മള്‍ പോയില്ലല്ലോ... നാം ശേഷിച്ചാല്‍ മറ്റെന്തും നമുക്ക് തിരിച്ചുപിടിക്കാം. അതിനായി നാം ക്ഷമിച്ചിരുന്നേ മതിയാവൂ. നമുക്ക് വേണ്ടി, ഈ നാടിന് വേണ്ടി.

  ആശങ്കകളുടേയും നിരാശകളുടേയും വേദനകളുടേയും വിഷാദങ്ങളുടേയും അപ്പുറത്ത് നിന്ന് ഞാനൊരു ഗാനം കേള്‍ക്കുന്നു. പീറ്റ് സീഗര്‍ എന്ന അമേരിക്കന്‍ നാടോടി ഗായകന്റെ പ്രത്യാശാഭരിതമായ ആ ഗാനം

  We shall overcome,

  We shall overcome some day,

  Oh deep in my heart, I do believe

  We shall over come some day.

  Read more about: mohanlal coronavirus
  English summary
  Mohanlal's Blog About Lock Down Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X