ദൃശ്യം 2 ഓഗസ്റ്റില്‍ ആരംഭിക്കുന്നു! ചിത്രീകരണം തൊടുപുഴയില്‍
മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ദൃശ്യം മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്നാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമ കേരളത്തിലെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ദൃശ്യത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത അധികപേരിലും സന്തോഷമുണ്ടാക്കിയിരുന്നു.
Recommended Video

2013ല്‍ റിലീസ് ചെയ്ത ദൃശ്യത്തിന് ഏഴ് വര്‍ഷത്തിന് ശേഷമാണ് രണ്ടാം ഭാഗം വരുന്നത്. അതേസമയം സിനിമയുടെ ഷൂട്ടിംഗ് ആഗസ്റ്റില്‍ ആരംഭിക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ സിനിമകളുടെ ഷൂട്ടിംഗ് ആരംഭിക്കരുതെന്ന നിര്‍മ്മാതാക്കളുടെ നിലപാട് അവഗണിച്ചാണ് ദൃശ്യം 2വിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 17ന് തുടങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം.
കോവിഡ് സമയത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങളെല്ലാം അനുസരിച്ചാകും ചിത്രീകരണം ആരംഭിക്കുക. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിയന്ത്രിത സാഹചര്യത്തില്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്നൊരു ക്രൈം ത്രില്ലര്‍ ആണ് ദൃശ്യം 2വെന്നാണ് അണിയറക്കാര്‍ പറയുന്നത്.
ലോക് ഡൗണിന് ശേഷം തുടര്‍ച്ചയായി 60 ദിവസംകൊണ്ട് കേരളത്തില്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് സിനിമയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദൃശ്യം 2 ചിത്രീകരണത്തിന് ശേഷമാകും ഷൂട്ടിംഗ് നിര്‍ത്തിവെച്ച മറ്റ് സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിക്കുക. ദൃശ്യത്തിന്റെ വിജയത്തിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് ജീത്തു ജോസഫ്. മോഹന്‍ലാലിനെ നായകനാക്കിയുളള സിനിമ മലയാളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു.
ദൃശ്യത്തിന് പിന്നീട് നിരവധി ഭാഷകളില്‍ റീമേക്ക് ചിത്രങ്ങളും വന്നിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹള, ചൈനീസ് തുടങ്ങിയ ഭാഷകളിലേക്കാണ് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടത്. ദൃശ്യത്തില്‍ മീനയാണ് മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചത്. മക്കളുടെ വേഷത്തില്‍ അന്‍സിബ ഹസന്‍, എസ്തര്‍ തുടങ്ങിയ താരങ്ങളാണ് എത്തിയത്. സിദ്ധിഖ്, ആശ ശരത്ത്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.


Click it and Unblock the Notifications