For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നന്ദിയോടെ എന്റെ കണ്ണുകള്‍ നനഞ്ഞുപോകുന്നു! പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ ബ്ലോഗ്

  |

  മലയാളികളുടെ ഒന്നടങ്കം അഭിമാനമായ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമാണിന്ന്. അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം തന്നെ എത്തിയിരുന്നു. അറുപതാം ജന്മദിനം ചെന്നെെയിലെ വീട്ടിലാണ് കുടുംബത്തോടൊപ്പം ലാലേട്ടന്‍ ആഘോഷിക്കുന്നത്. പിറന്നാള്‍ ദിനം പതിവ് പോലെ ഇത്തവണയും അദ്ദേഹം തന്റെ ബ്ലോഗുമായി എത്തിയിരുന്നു. പുതിയ ബ്ലോഗില്‍ തന്റെ പഴയകാല ഓര്‍മ്മകളും അനുഭവങ്ങളുമെല്ലാം നടന്‍ പങ്കുവെച്ചിരിക്കുകയാണ്.

  പിന്നിട്ട ദൂരങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ തനിക്ക് വിശ്വസിക്കാന്‍ ആവുന്നില്ലെന്ന് അദ്ദേഹം ബ്ലോഗില്‍ പറയുന്നു. ലാലേട്ടന്റെ വാക്കുകളിലേക്ക്; ലോകം അതിന്റെ ചരിത്രത്തിലെ എറ്റവും വലിയ ഒരു ദശാസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഞാനും ഒരു വഴിത്തിരിവില്‍ വന്ന് നില്‍ക്കുകയാണ്. ഇന്ന് മെയ് 21, എന്റെ ജീവിതത്തില്‍ എനിക്ക് ഒരു വയസു കൂടി കൂടുന്നു. എനിക്ക് അറുപത് വയസ്സ് തികയുന്നു. ലോകത്തിന്റെയും എന്റെയും വഴിത്തിരിവുകളിലെ ഈ വന്ന് നില്‍പ്പ് ഒരെ സമയത്തായത് തീര്‍ത്തും യാദൃശ്ചികമാവാം. അല്ലെങ്കിലും ജീവിതത്തിലെ അത്ഭുതകരമായ യാദൃശ്ചികതകളാണല്ലോ എന്നെ ഇങ്ങനെ ഈ രൂപത്തില്‍, ഭാവത്തില്‍ ഇവിടെ വരെ എത്തിച്ചത്.

  ഇവിടെ നിന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ ആവുന്നില്ല. എത്ര ദൂരം എത്രമാത്രം അധ്വാനം, എത്ര നല്ല മനുഷ്യരുടെ പ്രതിഭകളുടെ സഹായം. എത്രയെത്ര പരാജയങ്ങള്‍, കൂട്ടായ്മയുടെ വിജയങ്ങള്‍. ആരൊക്കെയോ ചൊരിഞ്ഞ സ്‌നേഹങ്ങള്‍, ആരുടെയൊക്കെയൊ കരുതലുകള്‍. തിരിഞ്ഞു നില്‍ക്കുമ്പോള്‍ എന്റെ ശിരസ്സ് കുനിഞ്ഞു പോകുന്നു. നന്ദിയോടെ എന്റെ കണ്ണുകള്‍ നനഞ്ഞുപോകുന്നു. കടപ്പാടോടെ

  കലാപരമായ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബത്തില്‍നിന്നുവരുന്ന ആ ആറാം ക്ലാസുകാരന്‍. അവന്‍ പോലും ഇച്ഛിക്കാതെ അവനെ എന്തിനായിരുന്നു ആരോ ആ നാടകത്തിന്റെ മധ്യത്തിലേക്ക് പിടിച്ച് നിര്‍ത്തിയത്. വേളൂര്‍ കൃഷ്ണന്‍കുട്ടി എഴുതിയ ആ നാടകം കാലത്തിനും ഏറെ മുന്‍പേ സഞ്ചരിച്ച ഒന്നായിരുന്നു എന്ന് മാത്രം ഇന്ന് ഞാന്‍ ഓര്‍ക്കുന്നു. കംപ്യൂട്ടറിനെക്കുറിച്ച് എഴുതിയ ഒരു നാടകം. അത് കഴിഞ്ഞും അഭിനയത്തെക്കുറിച്ച് ഞാന്‍ ആലോചിച്ചതേയില്ലായിരുന്നു.

  പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കായകല്‍പ്പം എന്ന നാടകത്തില്‍ വീണ്ടും അഭിനയിച്ചു. ഈ രണ്ട് നാടകത്തിലും ഞാന്‍ എറ്റവും നല്ല നടന്റെ സമ്മാനവും വാങ്ങിച്ചു. അത് കഴിഞ്ഞ് കോളേജില്‍ പഠിക്കുമ്പോള്‍ വീണ്ടും ഞാന്‍ നല്ല നടനായി മാറി. അപ്പോഴും അഭിനയം എന്റെ ഒരു പാഷനോ ആയിരുന്നില്ല. എന്റെ വഴി ഇതാണ് എന്ന ബോധ്യമില്ലായിരുന്നു. പിന്നീട് തിരനോട്ടം എന്ന സിനിമയില്‍ അഭിനയിച്ചു. എല്ലാറ്റിലും സൗഹൃദങ്ങളാണ് എന്റെ മുഖത്ത് ചായമിട്ടത്. അവരാണ് എന്നില്‍ നിന്ന് ഭാവങ്ങള്‍ ആവശ്യപ്പെട്ടത്. യാതൊരു പരിശീലനവുമില്ലാതെ ഞാന്‍ എന്തൊക്കെയോ ചെയ്തു.

  അത് ഇങ്ങനെയൊക്കെയാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് നവോദയ നിര്‍മ്മിച്ച് ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലേക്ക് എന്നെ എത്തിക്കുന്നതും എന്റെ സുഹൃത്തുക്കളാണ്. അപേക്ഷ അയച്ചത് പോലും അവരാണ്. തിരഞ്ഞെടുക്കപ്പെട്ട ഞാന്‍ അഭിനയിക്കാന്‍ വിധിക്കപ്പെടുകയായിരുന്നു. നായകനൊന്നുമല്ലായിരുന്നു, വില്ലനായിരുന്നു. നായകനാവാന്‍ പോന്ന സൗന്ദര്യമൊന്നും എനിക്കില്ലായിരുന്നു(അന്നും ഇന്നും). എന്തായാലും ആ വില്ലന്‍ നരേന്ദ്രനെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അതോടെ ഞാന്‍ സിനിമയുടെ മായപ്രപഞ്ചത്തില്‍ അകപ്പെട്ടു. ചുറ്റുമിരുന്ന് ആളുകള്‍ നോക്കികൊണ്ടേയിരുന്നു. എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യുക അല്ലാതെ വഴിയില്ലായിരുന്നു.

  ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ അമ്പരന്ന് പോവുന്നു. എന്തൊരു ഓട്ടമായിരുന്നു പിന്നീട്... സിനിമകള്‍ക്ക് പിന്നെ സിനിമകള്‍ വന്നു. കഥാപാത്രങ്ങള്‍ക്ക് പിറകെ കഥാപാത്രങ്ങള്‍ എത്തികൊണ്ടേയിരുന്നു. കൊടുങ്കാറ്റില്‍പ്പെട്ട ഒരു കരിയില പോലെ ഞാന്‍ ഉഴറിപ്പറക്കുകയായിരുന്നു. എന്റെ ചിറകുകളായിരുന്നില്ല എന്നെ പറപ്പിച്ചത്. മറിച്ച് കൊടുങ്കാറ്റിന്റെ ശക്തിയായിരുന്നു. നിലത്ത് വീഴാതിരിക്കാന്‍ ഞാന്‍ പറന്ന് പറന്ന് പഠിക്കുകയായിരുന്നു. ഒരു മഹാനദിയുടെ അടിത്തട്ടിലൂടെ ഒഴുകിയൊഴുകി വരുന്ന കല്ലിന്‍കഷണം പോലായിരുന്നു ഞാന്‍.

  നദിയുടെ വേഗത്തിനും താളത്തിനുമനുസരിച്ച് ഞാന്‍ നിന്നു കൊടുത്തു. വെളളത്തിന്റെ ശക്തി കല്ലിനെയെന്ന പോലെ കഥാപാത്രങ്ങളുടെ ശക്തി എന്നെ രൂപപ്പെടുത്തി. ഞാന്‍ പോലുമറിയാതെ. എന്നിലെ സാധ്യതകളെക്കുറിച്ച് എനിക്ക് അശേഷം ബോധ്യമില്ലാതിരുന്നത് കൊണ്ട് സിനിമകളുടെ തിരഞ്ഞെടുപ്പുകള്‍ എനിക്കു സാധ്യമല്ലായിരുന്നു. ഇത് തന്നെയാ എന്റെ മേഖല എന്ന് ഒന്ന് ഇരുന്ന് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നതിന് മുന്‍പ് സിനിമകള്‍ക്ക് പിറകെ സിനിമകള്‍ വന്നുകൊണ്ടേയിരുന്നു. ഏതൊക്കെയോ വേഷങ്ങള്‍ ഞാന്‍ കെട്ടിയാടി. ഇന്ന് അവയെല്ലാം കാണുമ്പോള്‍ അവ ഏത് സിനിമയിലേതാണെന്ന് പോലും എനിക്ക് പറയാന്‍ സാധിക്കുന്നില്ല.

  എവിടെ വെച്ചാണ് അവ ചിത്രീകരിച്ചത് എന്ന് ഓര്‍ക്കാന്‍ സാധിക്കുന്നില്ല. ഏതോ ഒരു ശക്തി എന്നെ കൊണ്ട് എന്തൊക്കെയോ ചെയ്യിക്കുകയായിരുന്നു. എന്ന് മാത്രമേ പറയാന്‍ സാധിക്കുന്നുളളു. എന്താണ് അഭിനയം ആരാണ് അഭിനേതാവ്. അഭിനയത്തിന്റെ രസതന്ത്രമെന്താണ് ഇത്തരം ചോദ്യങ്ങള്‍ എത്രയോ തവണ പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഇനിയും സാധിക്കും എന്നും തോന്നുന്നില്ല. അഭിനയത്തിന്റെ യാതൊരുവിധ ഗ്രന്ഥങ്ങളും ഇന്നുവരെ ഞാന്‍ വായിച്ചിട്ടില്ല. എങ്ങനെയാണ് ഒരു കഥാപാത്രമായി മാറുന്നത് എന്ന് ചോദിച്ചാല്‍ സ്വന്തമായി ഒരു ഉത്തരം എനിക്കില്ല. എന്റെ അനുഭവത്തില്‍ ഏറെക്കുറെ ശരി എന്ന് തോന്നിയത് യോഷി ഒയ്ദ എന്ന ജാപ്പനീസ് നടന്‍ പറഞ്ഞതാണ്. അപ്രത്യക്ഷനാവുക എന്നതാണ് അഭിനയം. ഞാനെന്ന മനുഷ്യനെ നിലനിര്‍ത്തികൊണ്ട് മറ്റൊരാളിലേക്ക് മറയുക.

  കഥാപാത്രത്തിനുളളിലേക്ക് ഞാന്‍ പ്രവേശിക്കുക. അങ്ങനെയാവുമ്പോഴും ഞാന്‍ അഭിനയിക്കുകാണ് എന്ന ബോധ്യം നിലനിര്‍ത്തുക. സിനിമ യിലാണെങ്കില്‍ ക്യാമറയെക്കുറിച്ചുമുതല്‍ ഒപ്പം അഭിനയിക്കുന്നവരെക്കുറിച്ചും മുഖത്തേക്ക് വീഴുന്ന വെളിച്ചത്തിന്റെ വ്യത്യസ്തമായ വിന്യാസങ്ങളെക്കുറിച്ചുവരെ ബോധ്യമുളളവനായിരിക്കുക. ഷോട്ട് കഴിയുമ്പോള്‍ കഥാപാത്രത്തില്‍ നിന്നും വിടുതല്‍ തേടി ഞാനെന്ന മനുഷ്യനിലേക്ക് തിരിച്ചുവരിക. ഒരുപക്ഷേ ഇത് ആയിരിക്കാം ഇത്രയും കാലം ഞാന്‍ ചെയ്തത്. നല്ല തിരക്കഥകളാണെങ്കില്‍ അവ മനസ്സിരുത്തി വായിക്കുമ്പോള്‍ കഥാപാത്രം നമ്മളറിയാതെ നമ്മുടെ ഉളളിലേക്ക് കയറിവരും.

  എഴുത്തിന്റെ ശക്തിയാണത്. പിന്നെ സംവിധായകന്റെ മിടുക്കാണ്. നമ്മില്‍ നിന്നും എന്തെടുക്കണം എന്നത് അവരാണ് തീരുമാനിക്കുന്നത്. എന്തെടുക്കേണ്ട എന്നതും അവരാണ് തീരുമാനിക്കുന്നത്. എന്റെ ഏറ്റവും വലിയ ഭാഗ്യം എറ്റവും പ്രതിഭാശാലികളായ എഴുത്തുകാരുടെയും സംവിധായകരുടെയും കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്നതാണ്. അവരാണ് എന്നിലെ നടനെ രൂപപ്പെടുത്തിയത്. അവരാണ് എനിക്ക് വേണ്ടി ചിന്തിച്ചത്. അവരാണ് എന്നെ ചമയമണിയിച്ചത്. അവരാണ് എന്നിലെ സാധ്യതളെ പുറത്തെടുത്തത്. അവരുടെ സ്പര്‍ശം ഇല്ലായിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഇന്നും ഒരു കാട്ടുശിലയായി ശേഷിച്ചേനെ.

  നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്തത് മുമ്പില്‍ കൊണ്ടുവയ്ക്കുക എന്നത് ജീവിതത്തിന്റെ ഒരു വികൃതിയാണ്. സൂക്ഷിച്ചുനോക്കിയാല്‍ അതിലൊരു വെല്ലുവിളി ഉണ്ടാകും. അല്ലെങ്കില്‍ ഒരു വാക്ക് പോലും സംസ്‌കൃതം അറിയാത്ത എന്നെ നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്ക് കൊണ്ടുപോയി കര്‍ണ്ണഭാരം പോലുളള അതീവ ഭാരമേറിയ ഒരു നാടകം ചെയ്യിച്ചതിനെ എങ്ങനെ വിശദീകരിക്കും. അശേഷം കഥകളി അറിയാത്ത എന്നെകൊണ്ട് കഥകളിയിലെ മിക്ക വേഷങ്ങളും ആടിച്ചതിനെ എങ്ങനെ വിശദീകരിക്കും. ചുവടുകളില്‍ അതിസൂക്ഷ്മത വേണ്ട നൃത്തങ്ങള്‍ ചെയ്യാന്‍ എന്നെ നിയോഗിച്ചതിനെ എങ്ങനെ ന്യായീകരിക്കും.

  #HappyBirthdayMohanlal

  ഒരു നൂറ്റാണ്ടിലെ മലയാള നോവല്‍ സാഹിത്യത്തിലെ തലയെടുപ്പുളള കഥാപാത്രങ്ങളാവാന്‍ കര്‍ട്ടന്‍ പോലുമില്ലാതെ വേദിയിലേക്ക്‌ എന്നെ തളളിവിട്ട ശക്തിയെ എന്ത് പേരിട്ടുവിളിക്കും. ഈ ചെയ്തത് എല്ലാം ഇങ്ങിനെയൊക്കെയാണോ ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല. ഇനി ഒരിക്കല്‍ ചെയ്യാന്‍ സാധിക്കുമോ എന്നും അറിയില്ല. ഇത്രമാത്രമേ പറയാന്‍ സാധിക്കൂ.. ഏതോ ശക്തിയുടെ കൈയ്യിലെ ഉപകരണം ആണ് ഞാന്‍. എന്റെതെന്ന് പറയുവാന്‍ എന്റെ ഉളളില്‍ ഒന്നുമില്ല. എന്തിനാണ് മോഹന്‍ലാല്‍ ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നത് എന്ന് പലരും എല്ലാക്കാലത്തും എന്നോട് ചോദിക്കാറുണ്ട്. സിനിമ പരാജയപ്പെടുമ്പോഴാണ് ഈ ചോദ്യം എപ്പോഴും ഉയര്‍ന്നുവരാറുളളത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സംഭവിച്ച ആദ്യത്തെ അഭിനയം മുതല്‍ ഞാന്‍ തിരഞ്ഞെടുത്തതല്ല എന്റെ കരിയര്‍ സംഭവിച്ചിട്ടുളളത്.

  ഞാന്‍ എഴുത്തുക്കാരെയും സംവിധായകരെയും വിശ്വസിച്ച് ജോലി ചെയ്യുകയായിരുന്നു. അവര്‍ ആവശ്യപ്പെടുന്നതിലേക്ക് അപ്രത്യക്ഷനായിക്കൊണ്ടേയിരിക്കുകയായിരുന്നു. എല്ലാറ്റിലും എന്നെ ഞാന്‍ പൂര്‍ണമായി നിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവയില്‍ ചിലത് ശോഭിക്കുന്നു. ചിലത് മങ്ങിപ്പോവുന്നു. ഒരു സിനിമയുടെ വിജയവും ഞാന്‍ എന്റെ സിനിമയുടെ വിജയമായി അവകാശപ്പെടില്ല. പരാജയം എന്റെ പരാജയമായി മുദ്രകുത്തപ്പെട്ടിട്ടുണ്ട്. പരിഭവങ്ങളേതുമില്ലാതെ അത് ഞാന്‍ ശിരസ്സിലേറ്റുവാങ്ങിയിട്ടുണ്ട്.

  ശരാശരി മനുഷ്യായുസ്സ് നൂറ്റിയിരുപത് വയസ്സാണ്. (എന്നാണ് സങ്കല്‍പ്പം). ഞാനിപ്പോള്‍ അതിന്റെ പാതിയില്‍ എത്തിനില്‍ക്കുന്നു. ഇതൊരു നാല്‍കവലയാണ്. വലിയ വലിയ ആല്‍മരങ്ങള്‍ നിറഞ്ഞ കൂട്ടുപാത. ഓര്‍മ്മകള്‍ പോലെ ആ ആല്‍മരങ്ങളുടെ വേരുകള്‍ താഴേക്ക് നീണ്ടുകിടക്കുന്നു. ഇലകളുടെ ഇരുളിമയില്‍ നിന്നും അനേകായിരം പക്ഷികള്‍ കുറുകികൊണ്ടേയിരിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു. അവ എന്നെതന്നെ നോക്കി ഇരിക്കുന്നു. അതും ഞാന്‍ അറിയുന്നു. ഈ നാല്‍ക്കൂട്ടപ്പെരുവഴിയില്‍ നിന്നുകൊണ്ട് ഞാന്‍ ഇതുവരെ നടന്നെത്തിയ വഴികളിലേക്ക് നിസ്സംഗം നോക്കിനില്‍ക്കുമ്പോള്‍ എന്റെ ഉളളില്‍ നിറയുന്നത് ഒവി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ അളളാപിച്ച മൊല്ലാക്കയുടെ ചോദ്യമാണ്.

  മാസും ക്ലാസും എല്ലാമുളള മോഹന്‍ലാല്‍ ഭാവങ്ങള്‍,കിടിലന്‍ പിറന്നാള്‍ മാഷപ്പ് വീഡിയോ പുറത്ത്

  'നീ ഉണ്മയാ പൊയ്യാ'. നീ നിഴലാണോ യാഥാര്‍ത്ഥ്യമാണോ, നീ ഭാവമാണോ വെറും മുഖമാണോ, നീ ഏതൊക്കെയോ കഥാപാത്രങ്ങള്‍ കൂടിക്കലര്‍ന്ന അതിമാനുഷനാണോ, അതോ ഏതുനിമിഷവും വീണുടയാവുന്ന മണ്‍കുടുക്കയാണോ. നീ ഒരു സാധാരണ മനുഷ്യന്‍ കണ്ട സിനിമാ സ്വപ്‌നമാണോ അതോ ഒരു നടന്‍ കണ്ട സാധാരണ ജീവിത സ്വപ്‌നമാണോ. എന്റെ ബോധത്തില്‍ ചോദ്യങ്ങളുടെ ചുഴലിക്കാറ്റുകള്‍ വീശുന്നു. അവിടെ അള്ളാപ്പിച്ച മൊല്ലൊക്കയുടെ ചോദ്യം കൂടതല്‍ ശബ്ദത്തില്‍ മുഴങ്ങുന്നു. നീ ഉണ്മയാ പൊയ്യാ.

  ആദ്യമായാണ് ഇത്രയേറെ ദിവസം ലാലേട്ടന്‍ വീട്ടില്‍ നില്‍ക്കുന്നത്! ഇപ്പോള്‍ എനിക്ക് പാചകം ചെയ്തു തരുന്നു

  ലോക് ഡൗണിന്റെ ചങ്ങലകള്‍ പതിയെ പതിയെ അഴിച്ച് ലോകം മെല്ലെ മെല്ലെ ചലിച്ചുതുടങ്ങുകയാണ്. ഞാനിവിടെ ചെന്നൈയില്‍ കടലോരത്തുളള വീട്ടില്‍ ഉദയാസ്തമയങ്ങള്‍ ആസ്വദിച്ചിരിക്കുന്നു. ഉദയത്തില്‍ സന്തോഷം നിറയുമ്പോള്‍ ഓരോ ആസ്തമയവും വിഷാദം നിറയ്ക്കുന്നു. എല്ലാ ഉദയത്തിനും വേദനാത്മകമായ ഒരു അസ്തമയമുണ്ട് എന്ന് എല്ലാ ദിവസവും തിരിച്ചറിയുന്നു. ഈ നാല്‍കവലയില്‍ നിന്ന്. ഞാന്‍ യാത്ര തുടരാന്‍ ഒരുങ്ങുന്നു. എല്ലാ ദിശകളിലേക്കും പച്ചവെളിച്ചമാണ് കത്തുന്നത്.

  മലയാളത്തിന്റെ താരരാജാവ് ഇന്ന് അറുപതിന്റെ നിറവില്‍! ആഘോഷങ്ങള്‍ തുടങ്ങി ആരാധകര്‍

  എന്റെ തുടര്‍യാത്രയുടെ വേഷം, അതിന്റൈ ഭാവം. അതിന്റെ ശബ്ദം. അതിന്റെ ചുവടുകള്‍ നിറങ്ങള്‍. അവയെല്ലാം വ്യക്തമായി എന്റെ മനസ്സില്‍ രൂപപ്പെടുകയാണ്. ലോകം അതിന്റെ പൂര്‍ണതയില്‍ തിരിച്ചുവരുമ്പോള്‍ നമുക്ക് കാണാം. ഇതുവരെ കൈപിടിച്ച് കാടുകളും കൊടുമുടികളും കടത്തി രാവുകളും കടവുകളും കടത്തി കൊടുങ്കാറ്റുകളില്‍ വീഴാതെ പ്രളയത്തില്‍ മുങ്ങാതെ എത്തിച്ചതിന് നന്ദിയോടെ മോഹന്‍ലാല്‍.

  ലാല്‍ ഇച്ചാക്കയെന്ന് വിളിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്! പിറന്നാളാശംസയുമായി മമ്മൂട്ടി

  Read more about: mohanlal
  English summary
  Mohanlal's latest blog in His 60th Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X