മോഹന്‍ലാലും പൃഥ്വിരാജും രണ്ടും കല്‍പ്പിച്ച് ഇറങ്ങിയതാണ്.. ലൂസിഫര്‍ അമ്പരിപ്പിക്കുന്നത് ഇവര്‍ക്കൊപ്പം
നീരാളി പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും മോഹന്‍ലാലിന്റെ ഇനി വരാനിരിക്കുന്ന സിനിമകളെല്ലാം ഞെട്ടിക്കാനുള്ള വരവ് ആയിരിക്കും. ഓണത്തിന് മുന്നോടിയായി ആഗസ്റ്റിലെത്തുന്ന കായംകുളം കൊച്ചുണ്ണിയാണ് റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം. സിനിമയില്‍ ഇത്തിക്കരപക്കിയെന്ന അതിഥി വേഷത്തിലൂടെയാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.
ഇതൊന്നുമല്ലാതെ മറ്റൊരു അഡാര്‍ സിനിമ കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറാണ് കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. സിനിമയിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു സിനിമാ പ്രേമികള്‍. വമ്പന്‍ താരനിരയാണ് ചിത്രത്തിലുണ്ടാവുകയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ലൂസിഫര്‍
ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് കൊണ്ട് തന്നെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. ലൂസിഫര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആ്ന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ പതിനെട്ടിന് കുട്ടിക്കാനം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഷെഡ്യൂള്‍ ഇവിടെ നിന്നുമാണ് ഷൂട്ട് ചെയ്യുന്നത്. അതിന് ശേഷം തിരുവനന്തപുരത്ത് ഒരു മാസം നീളുന്ന ചിത്രീകരണം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

വന്‍ താരനിര അണി നിരക്കുന്നു...
ലൂസിഫറില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുമ്പോള്‍ ബാക്കിയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു സിനിമാ പ്രേമികള്‍. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സായ് കുമാര്‍, ജോണ്‍ വിജയ്, ബൈജു, ബാബുരാജ്, പൗളി വില്‍സണ്‍, സച്ചിന്‍ പടേക്കര്‍, തുടങ്ങി നിരവധി താരങ്ങളാണ് അണി നിരക്കുന്നത്. ഇവര് മാത്രമല്ല പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇനിയും താരങ്ങള്‍ സിനിമയിലുണ്ട്.

നായികമാര്‍
മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യര്‍ ലൂസിഫറിലുണ്ടാവുമെന്ന് പലപ്പോഴായി വാര്‍ത്തകള്‍ വന്നിരുന്നു. ഒടുവില്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ അക്കാര്യം സ്ഥിതികരിച്ചിരുന്നു. മഞ്ജുവിന്റെ കഥാപാത്രം എന്താണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. അതേ സമയം മഞ്ജു വാര്യര്‍ക്കൊപ്പം ലൂസിഫറില്‍ രണ്ട് പ്രധാന സ്ത്രീകഥാപാത്രങ്ങളായിരിക്കും ഉണ്ടാവുക. മംമ്ത മോഹന്‍ദാസും സാനിയ അയ്യപ്പനുമാണ് മറ്റ് രണ്ട് പേര്‍. സാനിയ മോഹന്‍ലാലിന്റെ മകളുടെ വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. മംമ്തയുടെ കഥാപാത്രത്തെ കുറിച്ചും കൂടുതല്‍ വിവരങ്ങളില്ല.

ടൊവിനോയും ഇന്ദ്രജിത്തും..
ടൊവിനോ തോമസും ഇന്ദ്രജിത്തും ലൂസിഫറില്‍ ഉണ്ടെന്നുള്ള കാര്യവും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ അനിയന്‍ വേഷത്തിലാണ് ടൊവിനോ അഭിനയിക്കുന്നത്. ഇന്ദ്രജിത്തിന്റെ കഥാപാത്രം എന്താണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വ്യക്തമല്ലെങ്കിലും കേന്ദ്രകഥാപാത്രം തന്നെയായിരിക്കുമെന്നാണ് സൂചന.

ലൂസിഫറിലെ വില്ലന്‍
ലൂസിഫറില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ബോളിവുഡില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത വിവേക് മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തുന്ന ചിത്രം കൂടിയാണിത്. അജിത്തിന്റെ വിവേകം എന്ന ചിത്രത്തിലൂടെ തമിഴിലേക്കും താരം അരങ്ങേറ്റം നടത്തിയിരുന്നു. ചിത്രീകരണം ആരംഭിച്ചതോടെ വരും ദിവസങ്ങളില്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സംവിധായകന്‍ ഫാസിലും
ലൂസിഫറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എത്തുന്ന മറ്റൊരാളുടെ കാര്യമാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. നീണ്ട 33 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ഫാസിലും സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്. ലൂസിഫറിലൂടെയാണ് അത് സംഭവിക്കുന്നത്. ചിത്രത്തില്‍ ഒരു പള്ളിലച്ചന്റെ വേഷത്തിലൂടെയായിരിക്കും ഫാസില്‍ പ്രത്യക്ഷപ്പെടാന്‍ പോവുന്നത്.


Click it and Unblock the Notifications