മധുരരാജയ്‌ക്കൊപ്പം മിന്നിക്കാന്‍ ലൂസിഫറും! സൂപ്പര്‍താര ചിത്രങ്ങളുടെ ടീസറും ട്രെയിലറും ഒരേ ദിവസം?
Recommended Video

വിഷുക്കാലത്ത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ വീണ്ടും ഒരുമിച്ചെത്തുകയാണ്. സൂപ്പര്‍താര ചിത്രങ്ങള്‍ ഒരേസമയം റിലീസ് ചെയ്യുന്നത് ആരാധകരെ ഒന്നടങ്കം നേരത്തെ തന്നെ സന്തോഷത്തിലാഴ്ത്തിയിരുന്നു. മോഹന്‍ലാലിന്റെ ലൂസിഫര്‍ മാര്‍ച്ച് അവസാന വാരവും മമ്മൂട്ടിയുടെ മധുര രാജ എപ്രില്‍ 12നുമാണ് എത്തുന്നത്. രണ്ടും ബിഗ് ബഡ്ജറ്റിലൊരുങ്ങിയ വലിയ ചിത്രങ്ങള്‍ തന്നെയാണ്.
പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിക്കുന്ന രണ്ടു ചിത്രങ്ങള്‍ക്കായും ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇത്തവണത്തെ ബോക്‌സ് ഓഫീസ് പോരാട്ടത്തില്‍ ആരു വിജയിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യം. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ രണ്ടു ചിത്രങ്ങളെയും സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ലൂസിഫര്‍ ആദ്യം
അവധിക്കാല ആഘോഷങ്ങള്‍ക്കായി മോഹന്‍ലാലിന്റെ ലൂസിഫറാണ് ആദ്യം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭം കൂടിയായ സിനിമ മാര്‍ച്ച് 28ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവുരാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പളളിയായുളള ലാലേട്ടന്റെ വരവിനായി എല്ലാവരും ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായ ലൂസിഫര്‍ തിയ്യേറ്ററുകളില്‍ വിജയമാകുമെന്ന് തന്നെ എല്ലാവരും പ്രതീക്ഷിക്കുന്നു.

പിന്നാലെ മധുര രാജ
ലൂസിഫറിന് പിന്നാലെയാണ് മമ്മൂക്കയുടെ മധുരരാജ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുളള മധുരരാജയുടെ തിരിച്ചുവരവ് തന്നെയായിരിക്കും സിനിമയുടെ മുഖ്യ ആകര്‍ഷണമാവുക. സിനിമയുടെ പോസ്റ്ററുകള്‍ പുറത്തിറങ്ങിയ ശേഷം ആരാധക പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. മാസ് എന്റര്‍ടെയ്‌നറായ ചിത്രം തിയ്യേറ്ററുകളില്‍ ആഘോഷിക്കുവാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം വലിയ ക്യാന്‍വാസില്‍ തന്നെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

സിനിമകളുടെ ട്രെയിലറും ടീസറും
ലൂസിഫറിന്റെയും മധുരരാജയുടെ ട്രെയിലറുകള്‍ എന്ന് പുറത്തിറങ്ങുമെന്ന് എല്ലാവരും ഉറ്റുനോക്കിയിരുന്നൊരു കാര്യമായിരുന്നു. മധുര രാജയുടെ ടീസര്‍ മാര്‍ച്ച് 20ന് പുറത്തിറങ്ങുമെന്നായിരുന്നു സംവിധായകന്‍ വൈശാഖ് അറിയിച്ചിരുന്നത്. ആരാധകര്‍ക്കുളെളാരു ടീസറായിരിക്കും ഇതെന്നും സംവിധായകന്‍ അറിയിച്ചിരുന്നു. ലൂസിഫറിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയെങ്കിലും ട്രെയിലറിനായുളള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

ഒരേസമയം
ഇപ്പോഴിതാ രണ്ടു സിനിമകളുടെയും ടീസറും ട്രെയിലറും ഒരേസമയം പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മധുരരാജ ടീസര്‍ റിലീസ് ചെയ്യുന്ന അന്ന് തന്നെ ലൂസിഫര്‍ ട്രെയിലറും പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. ലൂസിഫറിന്റെ ട്രെയിലര്‍ മാര്‍ച്ച് 20ന് നടക്കുന്ന ഒരു അവാര്‍ഡ് ഷോയില്‍ വെച്ച് റിലീസ് ചെയ്‌തേക്കും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഓണ്‍ലൈനില്‍ റിലീസ് ആവാന്‍ രണ്ടു ദിവസം കൂടി എടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരാധകരുടെ കാത്തിരിപ്പ്
രണ്ടു സിനിമകളുടെയും പ്രീ റിലീസ് പരിപാടികള്‍ക്ക് നേരത്തെ തന്നെ തുടക്കമായിരുന്നു. ഇതിനിടെയാണ് ആരാധകര്‍ക്ക് ഒന്നടങ്കം ആവേശമായി സിനിമകളുടെ ടീസര്‍- ട്രെയിലര്‍ റിലീസ് തിയ്യതികള്‍ പുറത്തുവന്നിരിക്കുന്നത്. മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി 1500നടുത്ത് തിയ്യേറ്ററുകളിലാണ് ലൂസിഫര്‍ റിലീസ് ചെയ്യുന്നത്. മധുര രാജയും ഇത്തരത്തില്‍ വമ്പന്‍ റിലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുകയെന്നും അറിയുന്നു.


Click it and Unblock the Notifications