കുഞ്ഞാലി മരക്കാറായി മിന്നിച്ച് മോഹന്‍ലാല്‍! ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത്
Recommended Video

മോഹന്‍ലാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒരിടവേളയ്ക്ക് ശേഷം ലാലേട്ടനും പ്രിയദര്‍ശനും വീണ്ടുമൊന്നിച്ച ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുക്കിയ സിനിമ നൂറ് കോടി ബഡ്ജറ്റിലാണ് എടുത്തിരിക്കുന്നത്. മോളിവുഡിലെ എറ്റവും വലിയ ചിത്രമായിട്ടാണ് മരക്കാര്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ മരക്കാറിന്റെ ആദ്യ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ദൃശ്യവിസമയം തന്നെയാകും സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയെന്ന സൂചനകള്‍ നല്‍കികൊണ്ടാണ് മരക്കാറിന്റെ ആദ്യ ടീസര്‍ പുറത്തുവന്നിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കുഞ്ഞാലി മരക്കാര്‍ നാലാമനെയാണ് ടീസറില്‍ കാണിക്കുന്നത്. ടീസറില്‍ കലാസംവിധാനവും വിഎഫ്എക്‌സും പശ്ചാത്തല സംഗീതവുമെല്ലാം മികച്ചുനില്‍ക്കുന്നുണ്ട്.

ബാഹുബലിക്ക് വേണ്ടി കലാസംവിധാനം നിര്‍വ്വഹിച്ച സാബു സിറിലാണ് മരക്കാറിന്റെയും ആര്‍ട്ട് ഡയറക്ഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ ഒരേസമയം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂര്‍, റോയ് സിജെ, സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മലയാള സിനിമാ ചരിത്രത്തിലെ എറ്റവും ചെലവേറിയ ചിത്രമായിട്ടാണ് മരക്കാര്‍ എത്തുന്നത്.

നേരത്തെ യു/എ സര്‍ട്ടിഫിക്കറ്റാണ് മരക്കാറിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് മരക്കാര്‍ പ്രധാനമായും ചിത്രീകരിച്ചത്. മധു, സിദ്ധിഖ്, പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍,കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

അവധിക്കാലവും വിഷു സമയവും ലക്ഷ്യമിട്ടുകൊണ്ടാണ് ചിത്രം എത്തുന്നത്. കേരളത്തില്‍ മാത്രമായി 500ലധികം സ്‌ക്രീനുകളില്‍ ചിത്രം എത്തുമെന്നാണ് അറിയുന്നത്. വിഷുക്കാലത്ത് റിലീസിനെത്തുന്ന സിനിമയ്ക്കെതിരെ മല്‍സരിക്കാന്‍ മറ്റ് മലയാള ചിത്രങ്ങള്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫാര്‍സ് ഫിലിംസാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഓവര്‍സീസ്
വിതരണാവകാശം സ്വന്തമാക്കിയിരുന്നത്.

മരക്കാറിന്റെ ഓഡിയോ റൈറ്റ്സും നേരത്തെ വിറ്റുപോയിരുന്നു. ഒരു കോടി രൂപയ്ക്കാണ് ഓഡിയോ റൈറ്റ്സ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. റോണി റാഫേലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമായി 50ല്‍ അധികം രാജ്യങ്ങളില്‍ സിനിമ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമൂതിരിയുടെ പടത്തലവനായ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്.


Click it and Unblock the Notifications