മരക്കാറില്‍ മോഹന്‍ലാലിനൊപ്പം പ്രണവും! സൂപ്പര്‍ താരങ്ങള്‍ വേറെയും? പ്രിയദര്‍ശന്‍ പറയുന്നതിങ്ങനെ..
മലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത അത്രയും പ്രൗഢീയോടെയാണ് മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ വരാന്‍ പോവുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിലും തുടര്‍ന്നും നിരവധി കാര്യങ്ങള്‍ പ്രിയദര്‍ശന്‍ പ്രേക്ഷകര്‍ക്കായി തുറന്ന് പറഞ്ഞിരുന്നു. ഇനി മോഹന്‍ലാലിനൊപ്പം സിനിമലുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പലരും.
തെലുങ്ക്, ഹിന്ദി, ചൈന തുടങ്ങി പല ഇന്‍ഡസ്ട്രികളില്‍ നിന്നും നിരവധി താരങ്ങള്‍ കുഞ്ഞാലി മരക്കാരുടെ പിന്നണിയിലുണ്ടാവുമെന്ന് പറഞ്ഞിരുന്നു. അവരില്‍ ചിലരുടെ പേരുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതില്‍ പ്രണവ് മോഹന്‍ലാലിന്റെ പേരുമുണ്ടായിരുന്നു. അച്ഛനും മകനും ഒന്നിക്കുന്ന സിനിമ എന്ന് പറഞ്ഞെങ്കിലും സത്യാവസ്ഥ പ്രിയദര്‍ശന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം
മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ സിനിമ സംവിധാനം ചെയ്യുന്ന കാര്യം കേരളപ്പിറവി ദിനത്തിലായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ വരുന്നുണ്ടെന്ന് അറിഞ്ഞതോടെ പ്രിയദര്‍ശന്‍ പിന്മാറുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന സിനിമയുമായി മോഹന്‍ലാലും പ്രിയദര്‍ശനും എത്തുകയായിരുന്നു. സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ തന്റെ സ്വപ്‌ന പദ്ധതിയെ കുറിച്ച് പ്രിയദര്‍ശന്‍ തുറന്ന് പറഞ്ഞിരുന്നു.

നൂറ് കോടി ബജറ്റ്
മലയാളത്തിലെ ഏറ്റവുമധികം ചിലവുള്ള സിനിമയായി നിര്‍മ്മിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് 100 കോടിയാണ് ബജറ്റ്. ആന്റണി പെരുമ്പാവൂറിന്റെ കീഴിലുള്ള ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ആശീര്‍വാദ് ഫിലിംസിന്റെ 25-ാമത്തെ സിനിമയാണിത്. നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ നിന്നും ചിത്രീകരണം ആരംഭിക്കുന്ന സിനിമ പകുതി മുക്കാലും കടലില്‍ നിന്നുമാണ് ചിത്രീകരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ഇന്ത്യയിലെയും ചൈനയിലെയും പ്രമുഖ താരങ്ങള്‍ സിനിമയുടെ പിന്നണിയിലുണ്ടാവുമെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

കാലപാനി ടീം
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു കാലപാനി. കുഞ്ഞാലി മരക്കാരുടെ നിര്‍മാണത്തിന് അണിയറയില്‍ കാലപാനിയിലെ ടീം അംഗങ്ങള്‍ ഉണ്ടാവുമെന്ന കാര്യവും പ്രിയദര്‍ശന്‍ അടുത്തിടെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ചരിത്രത്തിനൊപ്പം ഫിഷന്‍ കലര്‍ത്തിയാണ് കഥ ഒരുക്കിയിരിക്കുന്നത്. ഐവി ശശിയുടെ മകന്‍ അനിയും സഹതിരക്കഥാകൃത്തായി സിനിമയിലുണ്ട്. വിവിധ ഭാഷകളിലും സിനിമ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രമുഖ താരങ്ങള്‍
ഹിന്ദി, തെലുങ്ക്, ബ്രീട്ടിഷ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളും സിനിമയിലുണ്ടാവുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. അടുത്തിടെ ബോളിവുഡില്‍ നിന്നും സുനില്‍ ഷെട്ടിയും സിനിമയുടെ ഭാഗമാവുമെന്നാണ് പറയുന്നത്. മുന്‍പ് പ്രിയദര്‍ശന്റെ ഹിന്ദി സിനിമകളില്‍ സുനില്‍ അഭിനയിച്ചിരുന്നു. ഇതാണ് മലയാളത്തിലേക്ക് സുനില്‍ വരുന്നതിന്റെ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. തെലുങ്കില്‍ നിന്നും കുഞ്ഞാലി മരക്കാരില്‍ അഭിനയിക്കാനെത്തുന്നത് നാഗര്‍ജുനയാണ്. വന്ദനത്തിന്റെ തെലുങ്ക് പതിപ്പായ നിര്‍ണയത്തില്‍ നാഗര്‍ജുനയായിരുന്നു നായകന്‍. ഈ പരിചയത്തിലൂടെ നാഗര്‍ജുനയും കുഞ്ഞാലി മരക്കാരില്‍ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നെങ്കിലും സംവിധായകന്‍ ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ ഒന്നും പുറത്ത് വിട്ടിരുന്നില്ല.

പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്നു...
രാജാവിന്റെ മകനായി വെള്ളിത്തിരയിലെത്തിയ പ്രണവ് മോഹന്‍ലാലിന്റെ ആദി ഈ വര്‍ഷത്തെ ബ്ലോക്‌സ്ബസ്റ്റര്‍ സിനിമയായിരുന്നു. ശേഷം അരുണ്‍ ഗോപി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയിലാണ് പ്രണവ് അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം തുടങ്ങാനിരിക്കുകയാണ്. അതിനിടെ പ്രണവ് മോഹന്‍ലാല്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയില്‍ ഒരു അതിഥി താരമായിട്ടാണ് പ്രണവ് വരുന്നതെന്നുമായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകളിലുണ്ടായിരുന്നത്.

പ്രിയദര്‍ശന്‍ പറയുന്നതിങ്ങനെ..
മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ പ്രണവ് മോഹന്‍ലാല്‍ ഉണ്ടോ ഇല്ലയോ എന്നത് അറിയാന്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ അക്കാര്യം പ്രിയദര്‍ശന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. പ്രണവ് സിനിമയിലുണ്ടെന്ന കാര്യം താന്‍ പോലും അറിഞ്ഞിട്ടില്ല. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനെ ഒഴികെ ആരെയും ഇതുവരെ കാസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു. സിനിമയുടെ ക്യാമറമാനായി തിരു എത്തുമെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞിരിക്കുകയാണ്.

സ്വപ്‌ന പദ്ധതി
മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും ഏറെ കാലത്തെ സ്വപ്‌ന പദ്ധതിയായിരുന്നു ഈ സിനിമ. മലയാളത്തില്‍ ഇരുവരും ഒന്നിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഒപ്പം എന്ന സിനിമയ്ക്ക് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒരു ബിഗ് ബിജറ്റ് സിനിമയുമായി വരുമെന്ന് പറഞ്ഞപ്പോള്‍ അത് ഇത്രയും വലിയ സിനിമയായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. വരും ദിവസങ്ങളില്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. മറ്റൊരു കാര്യം മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരും വരും എന്നുള്ളതാണ്.

രണ്ട് സിനിമകള്‍..
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയായിരുന്നു കുഞ്ഞാലി മരക്കാര്‍. ഈ സിനിമയായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. ആഗസ്റ്റ് സിനിമയുടെ കീഴില്‍ ഷാജി നടേശനാണ് സിനിമ നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ജൂലൈയില്‍ ചിത്രീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സിനിമ വൈകുമെന്നാണ് സന്തോഷ് ശിവന്‍ പറയുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ സിനിമ വരുന്നു എന്നത് കൊണ്ട് ഇത് ഉപേക്ഷിക്കില്ലെന്നുള്ള കാര്യം അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

കുഞ്ഞാലി നാലാമന്‍
കോഴിക്കോട്ടെ സാമൂതിരിയുടെ പടത്തലവന്മാരായിരുന്നു കുഞ്ഞാലി മരക്കാന്മാര്‍. ബ്രീട്ടിഷുകാരുടെ കൈയില്‍ നിന്നും നാടിനെ സംരക്ഷിച്ച നാല് കുഞ്ഞാലി മരക്കാര്‍മാരെ കുറിച്ചാണ് ചരിത്രത്തില്‍ പറയുന്നത്. അതില്‍ നാലാമത്തെ മരക്കാരായ മുഹമ്മദ് അലിയുടെ കഥയെ ആസ്പദമാക്കിയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നത്. രണ്ട് കുഞ്ഞാലി മരക്കാര്‍ വേണമോ എന്ന ചോദ്യത്തിന് മറ്റ് മൂന്ന് പേരെ വെച്ചും സിനിമ എടുക്കാമെന്നായിരുന്നു പ്രിയദര്‍ശന്റെ മറുപടി. എന്നാല്‍ മമ്മൂട്ടി ചിത്രവും മുഹമ്മദ് അലി എന്ന നാലാമത്തെ മരക്കാരെ കുറിച്ചാണ്.

മത്സരമായിരിക്കും...
മലയാള സിനിമയുടെ രണ്ട് താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടെയും സിനിമകളുടെ പേരില്‍ ആരാധകരുടെ യുദ്ധം പതിവാണ്. ഇപ്പോള്‍ രണ്ട് പേരും ഒരേ വിഷയവുമായി രണ്ട് സിനിമകളുമായി വരുന്നതോടെ ഫാന്‍ ഫൈറ്റും സിനിമകളുടെ മത്സരവുമെല്ലാം കേരളക്കര കാണേണ്ടി വരും. ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച ബാഹുബലി പോലെ മലയാളത്തില്‍ നിന്നും പിറക്കുന്ന ആദ്യ വിസ്മയ സിനിമയായിരിക്കും കുഞ്ഞാലി മരക്കാര്‍.


Click it and Unblock the Notifications











