ബിഗ് ബ്രദര്‍ ടീമിനൊപ്പം ഓണസദ്യ കഴിച്ച് മോഹന്‍ലാല്‍! സൂപ്പര്‍താരത്തിന്റെ ആഘോഷം ഇങ്ങനെ! കാണൂ
ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ വിജയത്തോടെ മലയാളത്തില്‍ ഓണക്കാലത്തും തിളങ്ങിനില്‍ക്കുകയാണ് മോഹന്‍ലാല്‍. ലൂസിഫര്‍ വന്‍ ഹിറ്റായ ശേഷമായിരുന്നു സൂപ്പര്‍ താര ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തൃശ്ശൂര്‍ക്കാരനായി എത്തിയ ചിത്രം കൂടിയായിരുന്നു ഇട്ടിമാണി. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്.

ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ വിജയത്തിന് ശേഷം ബിഗ് ബ്രദര്‍ എന്ന ചിത്രമാണ് ലാലേട്ടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം സിദ്ധിഖ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വമ്പന്‍ താരനിര അണിനിരക്കുന്ന ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രീകരണതിരക്കുകള്‍ക്കിടെ സഹ പ്രവര്‍ത്തകര്‍ക്കൊപ്പം മോഹന്‍ലാല്‍ ഓണം ആഘോഷിച്ചിരുന്നു.

ഉത്രാട ദിനത്തില്‍ എല്ലാവര്‍ക്കും ഒപ്പം ഓണസദ്യ കഴിക്കാനായി താരം എത്തുകയായിരുന്നു. മോഹന്‍ലാലിനൊപ്പം സിദ്ധിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, ഇര്‍ഷാദ് എന്നിവരും ഉണ്ടായിരുന്നു. കൂടാതെ ബിഗ് ബ്രദറിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് എല്ലാവര്‍ക്കും ഓണാശംസകള്‍ അറിയിച്ചുകൊണ്ടും മോഹന്‍ലാല്‍ എത്തിയിരുന്നു.

ബിഗ് ബ്രദര്‍ ടീമിനൊപ്പം എല്ലാവര്‍ക്കും ഓണം ആശംസിക്കുകയാണ് ലാലേട്ടന്‍. ഇത്തവണയും ഹാസ്യ പശ്ചാത്തലത്തിലുളള ഒരു എന്റര്‍ടെയ്‌നറുമായിട്ടാണ് മോഹന്‍ലാല്‍-സിദ്ധിഖ് കൂട്ടുകെട്ട് എത്തുന്നത്. കൊച്ചി, മംഗലാപുരം, ബാംഗ്ലൂര്‍ തുടങ്ങിയവിടങ്ങളിലാണ് ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കല്‍, ജെന്‍സോ ജോസ്, വൈശാഖ് രാജന്‍ തുടങ്ങിയവര്‍ക്കൊപ്പം സിദ്ധിഖും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

20 കോടി ബഡ്ജറ്റിലാണ് ബിഗ് ബ്രദര്‍ അണിയറയില്‍ ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, സര്‍ജാനോ ഖാലിദ്, അര്‍ബാസ് ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പുതുമുഖം മിര്‍നാ മേനോനാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. എസ് ടാക്കീസാണ് ബിഗ് ബ്രദര്‍ തിയ്യേറ്ററുകളിലേക്ക് എത്തിക്കുന്നത്.

ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷമാണ് മോഹന്‍ലാല്‍-സിദ്ധിഖ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ഇട്ടിമാണി പോലെ വമ്പന്‍ റിലീസായിട്ടു തന്നെയാണ് ബിഗ് ബ്രദറും തിയ്യേറ്ററുകളിലേക്ക് എത്തുക. ബിഗ് ബ്രദറിന് പുറമെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ബറോസ്, ജിത്തു ജോസഫ് ചിതം, എമ്പുരാന്‍ തുടങ്ങി നിരവധി സിനിമകള്‍ സൂപ്പര്‍ താരത്തിന്റെതായി വരാനിരിക്കുന്നവയാണ്.


Click it and Unblock the Notifications