ലൂസിഫര്‍ 2വിനു വേണ്ടിയുളള കാത്തിരിപ്പിന് വിരാമം! സിനിമയുടെ പ്രഖ്യാപനം നാളെ! ആരാധകര്‍ ആവേശത്തില്‍
Recommended Video
മലയാള സിനിമയിലെ സര്‍വ്വകാല റെക്കോര്‍ഡുകളെല്ലാം തിരുത്തി കുറിച്ചുകൊണ്ടായിരുന്നു ലൂസിഫര്‍ തിയ്യേറ്ററുകളില്‍ മുന്നേറിയിരുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ എറ്റവും വലിയ വിജയമായി മാറിയ സിനിമ ഇന്‍ഡസ്ട്രി ഹിറ്റായി കൂടി മാറി. നിലവില്‍ ഇരുനൂറ് കോടി ക്ലബില്‍ ഇടം പിടിച്ചുകൊണ്ടാണ് സിനിമ പ്രദര്‍ശനം തുടരുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയില്‍ കൂടിയായിരുന്നു ലൂസിഫര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്.
സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമായ ശേഷമാണ് ചിത്രത്തിന് ഒരു രണ്ടാം ഭാഗം വേണമെന്ന ആവശ്യം ആരാധകരില്‍ നിന്നുണ്ടായത്. രണ്ടാം ഭാഗത്തിനുളള സാധ്യതകള്‍ നല്‍കികൊണ്ടായിരുന്നു സിനിമയുടെ ക്ലൈമാക്‌സ് കാണിച്ചിരുന്നത്. ലൂസിഫര്‍ 2വിനെക്കുറിച്ചുളള സൂചനകള്‍ മുന്‍പ് വന്നെങ്കിലും ഔദ്യോഗിക സ്ഥീരികരണമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ലൂസിഫര്‍ 2
അവധിക്കാല റിലീസായി മാര്‍ച്ച് 28നായിരുന്നു ലൂസിഫര്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. പ്രേക്ഷകര്‍ക്ക് അമിത പ്രതീക്ഷകളൊന്നും നല്‍കാതിരുന്ന ചിത്രം എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് വലിയ ഹിറ്റായി മാറുകയായിരുന്നു. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പളളി എന്ന കഥാപാത്രം എല്ലാവര്‍ക്കിടയിലും തരംഗമായി മാറുകയും ചെയ്തു. മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം ആഘോഷിച്ച ചിത്രം പ്രേക്ഷകരും ഏറ്റെടുത്തതോടെയാണ് സിനിമ വമ്പന്‍ ഹിറ്റായി മാറിയത്. നിലവില്‍ നൂറാം ദിവസത്തിലേക്കാണ് ചിത്രം മുന്നേറികൊണ്ടിരിക്കുന്നത്. സിനിമ കോടി ക്ലബുകളില്‍ കടന്ന് മുന്നേറുന്ന വേളയിലാണ് രണ്ടാം ഭാഗം വേണമെന്ന ആവശ്യം ഉയര്‍ന്നത്.

മോഹന്‍ലാലും പൃഥിയും
രണ്ടാം ഭാഗത്തില്‍ അബ്രാം ഖുറേഷി എന്ന മോഹന്‍ലാല്‍ കഥാപാത്രമാണ് വരികയെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ലൂസിഫര്‍ ക്ലൈമാക്‌സില്‍ മോഹന്‍ലാലിന്റെ ഈ കഥാപാത്രത്തെ കാണിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്. അബ്രാം ഖുറേഷിക്കൊപ്പം മുഴുനീള റോളില്‍ പൃഥ്വിയുടെ സയിദ് മസൂദും എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. രണ്ടാം ഭാഗത്തിന്റെ ചില ആശയങ്ങള്‍ മനസിലുണ്ടെന്നും അതില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും നടന്‍ തുറന്നുപറഞ്ഞു.

രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം
ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ട് ലൂസിഫര്‍ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നാളെ നടക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, മുരളി ഗോപി തുടങ്ങി സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം ഈ വിവരം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ലൂസിഫര്‍ 2വിന്റെ ടൈറ്റില്‍ പ്രഖ്യാപനം നാളെ നടക്കുമെന്നാണ് അറിയുന്നത്. എല്‍ ദി ഫിനാലെ പ്രഖ്യാപനം നാളെ വൈകിട്ട് ആറ് മണിക്ക് എന്നാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നത്. ആരാധകരെയും പ്രേക്ഷകരെയും ഒന്നടങ്കം സന്തോഷത്തിലാഴ്ത്തികൊണ്ടാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

രണ്ടാം ഭാഗം വരികയാണെങ്കില്‍
ലൂസിഫര്‍ രണ്ടാം ഭാഗം വരികയാണെങ്കില്‍ അത് വലിയ ക്യാന്‍വാസില്‍ തന്നെ നിര്‍മ്മിക്കേണ്ടി വരുമെന്നും പൃഥ്വി പറഞ്ഞിരുന്നു. ലൂസിഫര്‍ 2 യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ തീര്‍ച്ചയായും വലിയൊരു ബഡ്ജറ്റ് തന്നെ വേണ്ടിവരുമെന്നാണ് പൃഥ്വി പറഞ്ഞത്. തിരക്കഥാകൃത്ത് മുരളി ഗോപിയും ലൂസിഫര്‍ 2വിനെക്കുറിച്ചുളള സൂചനകള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ നല്‍കാറുണ്ടായിരുന്നു. നല്ലൊരു കഥയ്ക്കായിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഒന്നടങ്കം കാത്തിരുന്നത്. ഒപ്പം താരങ്ങളുടെ തിരക്കുകളും രണ്ടാം ഭാഗം നീളുന്നതിന് കാരണമായിരുന്നു. മുരളി ഗോപിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു ലൂസിഫര്‍.

കേരളത്തിലെ പ്രേക്ഷകരെ പോലെ
ലൂസിഫര്‍ 2വില്‍ മോഹന്‍ലാലും പൃഥ്വിരാജും ഉണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പാക്കുമ്പോള്‍ മറ്റ് താരങ്ങള്‍ ആരൊക്കെ ആയിരിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ആരാധകര്‍ക്ക് ഒന്നടങ്കം വലിയ ആവേശമായിരിക്കും നല്‍കുക. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ റിലീസിനായി വലിയ ആകാംക്ഷകളോടെയായിരിക്കും എല്ലാവരും കാത്തിരിക്കുക. ആദ്യ ഭാഗത്തിനേക്കാള്‍ മികച്ചുനില്‍ക്കുന്ന ഒരു രണ്ടാം ഭാഗം തന്നെയായിരിക്കും എല്ലാവരും പ്രതീക്ഷിക്കുക. കേരളത്തിലെ പ്രേക്ഷകരെ പോലെ ലോകമെമ്പാടുമുളള മലയാളികളും ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുണ്ട്.


Click it and Unblock the Notifications











