ആദ്യമായാണ് ഇത്രയേറെ ദിവസം ലാലേട്ടന്‍ വീട്ടില്‍ നില്‍ക്കുന്നത്! ഇപ്പോള്‍ എനിക്ക് പാചകം ചെയ്തു തരുന്നു
ലോക് ഡൗണ്‍ കാലം കുടുംബത്തോടൊപ്പം ചെന്നൈയിലെ വീട്ടില്‍ കഴിയുകയാണ് മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ പിന്നിട്ട സിനിമ കരിയറിനിടെ ആദ്യമായിട്ടാണ് അദ്ദേഹത്തിന് ഇത്രയും കാലം വീട്ടില്‍ ഇരിക്കേണ്ടി വന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനൊപ്പം സഹപ്രവര്‍ത്തകരുടെ ക്ഷേമവും അന്വേഷിക്കുന്നുണ്ട് താരം. ലോക് ഡൗണില്‍ ദുരിത മനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ലാലേട്ടന്‍ രംഗത്തെത്തിയിരുന്നു.
ലാലേട്ടന്റെ കരുതലിനെക്കുറിച്ചും സ്‌നേഹാന്വേഷണങ്ങളെക്കുറിച്ചുമെല്ലാം സഹതാരങ്ങള്‍ മനസുതുറന്നിരുന്നു. വിവാഹത്തിന് ശേഷം ഭാര്യ സുചിത്രയ്ക്കും ഏട്ടനെ ആദ്യമായിട്ടാണ് ഇത്രയും സമയം അടുത്തുകിട്ടിയത്. ലാലേട്ടനും മകന്‍ പ്രണവിനുമൊപ്പം ലോക് ഡൗണ്‍ സമയം ആസ്വദിക്കുകയാണ് സുചിത്രയും. മോഹന്‍ലാലിനെക്കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരപത്‌നി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ലാലേട്ടന്റെ പിറന്നാളിനോടനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര അദ്ദേഹത്തെക്കുറിച്ച് മനസുതുറന്നത്.

ലോക് ഡൗണ്‍ വന്നതോടെ ജീവിതത്തില്‍ ആദ്യമായാണ് ഇത്രയേറെ ദിവസം അദ്ദേഹം വീട്ടില്‍ നില്‍ക്കുന്നതെന്ന് സുചിത്ര പറയുന്നു.. എത്രയോ കാലം ഇഷ്ടമുളളതെല്ലാം ഉണ്ടാക്കി വെച്ചു കാത്തിരുന്നു ഞാന്‍ ഉറങ്ങിപ്പോയിട്ടുണ്ട്. തിരക്കുമൂലം പറഞ്ഞ സമയത്ത് വരാനാകില്ല. ഇപ്പോള്‍ രണ്ട് മാസമായി അദ്ദേഹം എനിക്കുളള ഭക്ഷണം ഉണ്ടാക്കി തരുന്നു.
Recommended Video

പല ദിവസങ്ങളിലും യുടൂബില്‍ നോക്കി പാചകം പഠിക്കുന്നത് കാണാം. ലാലേട്ടന് സ്വന്തമായ പാചക രീതികളും രുചികളുമുണ്ടെന്ന് സുചിത്ര പറയുന്നു. എന്റെ കൂട്ടുകാരെല്ലാം അവരുണ്ടാക്കിയ ഭക്ഷണം വാട്‌സ് ആപ്പിലിടുമ്പോള്‍ ഞാന്‍ എന്റെ ഭര്‍ത്താവുണ്ടാക്കിയതാണ് ഇടുന്നത്. ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടില്ല. കുട്ടികള്‍ക്കും അച്ഛനെ ഇത്രയും സമയം അടുത്തു കിട്ടിയതിന്റെ സന്തോഷമുണ്ട്.

വീട്ടിനകത്തെ മനുഷ്യന്‍ അന്നു ഇന്നും ഒന്നു തന്നെയാണ്. മാറിയിട്ടില്ല. ഒരു പരാതിയുമില്ലാതെ ജീവിക്കുന്ന ഒരാള്‍. അന്നും ഇന്നും അദ്ദേഹത്തിന്‌റെ വലിയ ആരാധികയാണ് താനെന്ന് സുചിത്ര പറയുന്നു. വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളില്‍ എനിക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ പോലുമായില്ല. ഈ വലിയ മനുഷ്യന്റെ ജീവിതത്തിലേക്ക് ഞാന്‍ എത്തി എന്നത് അവിശ്വസനീയമായിരുന്നു. ആ അമ്പരപ്പ് മാറാന്‍ കുറെ ദിവസമെടുത്തു.

എന്റെ അച്ഛന്‍ ബാലജിക്ക് നടന്‍ എന്ന നിലയിലും മകളുടെ ഭര്‍ത്താവെന്ന നിലയിലും ലാലിനെക്കുറിച്ച് വലിയ അഭിമാനമായിരുന്നു. ലാല്‍ വരുന്നുവെന്നറിഞ്ഞാല്‍ എന്തെല്ലാം ഭക്ഷണമാണ് വേണ്ടതെന്ന് വിളിച്ചു ചോദിച്ച് അച്ഛന്‍ ഉണ്ടാക്കി വെക്കും. മിക്കപ്പോഴും രാത്രി ഒരു മണിക്കെഴുന്നേറ്റ് ഐസ്‌ക്രീം കഴിക്കുന്ന ശീലമുണ്ടായിരുന്നു അന്ന് ലാലേട്ടന്. വരുമ്പോഴേക്കും അച്ഛന്‍ ഫ്രിഡ്ജ് നിറയെ ഐസ്‌ക്രീം വാങ്ങിവെക്കും.

ഞാന്‍ ഗര്‍ഭിണിയായിരിക്കെ ഡോക്ടറെ കാണാന്‍ മിക്കവാറും തനിച്ചാണ് പോവുക. അവിടെ കാത്തിരിക്കുന്നവരെല്ലാം ഭര്‍ത്താക്കന്മാരുടെ ഒപ്പവും. ഒരിക്കല്‍ ഞാന്‍ പറഞ്ഞു എന്നെ ഡോക്ടറുടെ അടുത്തുകൊണ്ടുപോകണമെന്ന്. അന്ന് ചെന്നപ്പോള്‍ ഡോക്ടറില്ല. പക്ഷേ കുട്ടികളെ ഹോസ്പിറ്റലില്‍ ചെന്നു കാണുന്നതിനെല്ലാം സമയം കണ്ടെത്തിയിരുന്നു. സുചിത്ര പറഞ്ഞു.


Click it and Unblock the Notifications