»   » അന്തിക്കാട്ടുകാരനൊപ്പം ലാല്‍ ചേര്‍ന്നപ്പോള്‍

അന്തിക്കാട്ടുകാരനൊപ്പം ലാല്‍ ചേര്‍ന്നപ്പോള്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ എന്ന നടന്റെ കരിയറില്‍ സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്റെ പേരിന് നല്ല പ്രസക്തിയുണ്ട്. സാധാരണക്കാരന്റെ വിഷമങ്ങള്‍ പ്രേക്ഷകരുമായി പങ്കുവച്ച ചിത്രങ്ങളില്‍ മിക്കതും കുടുംബ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

തന്റെ ആദ്യ ചിത്രമായ 'കുറുക്കന്റെ കല്ല്യാണ'ത്തില്‍ സത്യന്‍ അന്തിക്കാട് ലാലിനായി കരുതി വച്ചത് വളരെ ചെറിയൊരു വേഷമാണ്. എന്നാല്‍ അതൊരു തുടക്കമായിരുന്നു. പിന്നീട് തുടര്‍ന്ന് അപ്പുണ്ണിയിലെ മേനോന്‍ മാഷായ് ലാല്‍ എത്തുമ്പോഴേക്കും സംവിധായകന്‍ നടന്‍ എന്നത്തിലപ്പുറത്തേയ്ക്ക് ഇരുവരുടേയും ബന്ധം വളര്‍ന്നു കഴിഞ്ഞിരുന്നു.

കളിയില്‍ അല്പം കാര്യം, അടുത്തടുത്തിലെ വിഷ്ണുമോഹന്‍, അധ്യായം ഒന്നുമുതലില്‍ വിഷ്ണു, പപ്പന്‍ പ്രിയപ്പെട്ട പപ്പനിലെ ഇന്‍സ്‌പെക്ടര്‍ ദേവദാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലാല്‍-സത്യന്‍ കൂട്ടുകെട്ട് വളര്‍ന്നു. സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണ പണിക്കരിലെത്തിയപ്പോഴേയ്ക്കും ലാലിന്റെ മനസ്സ് വായിച്ചെടുക്കാന്‍ കഴിയുന്ന സംവിധായകനായി മാറിക്കഴിഞ്ഞിരുന്നു സത്യന്‍ അന്തിക്കാട്.

മലയാളികള്‍ എന്നും ഓര്‍മ്മിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ മോഹന്‍ലാലിന് സമ്മാനിച്ചത് സത്യന്‍ അന്തിക്കാടാണ്. ടിപി ബാലഗോപാലന്‍ എംഎ, ഗാന്ധിനഗര്‍ സെക്കന്റ്‌സട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്‍പ് തുടങ്ങിയ ചിത്രങ്ങള്‍ക്കിടയില്‍ അല്പം വ്യത്യസ്തമായ പിന്‍ഗാമിയിലെ ക്യാപ്റ്റന്‍ വിജയ് മേനോനേയും ലാല്‍ നന്നായി അവതരിപ്പിച്ചു.

തന്റെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു ലാലിന്റെ അഭിനയമെന്ന് പിന്നീട് പല അഭിമുഖങ്ങളിലും സത്യന്‍ അന്തിക്കാട് പറഞ്ഞിട്ടുണ്ട്. തന്നെ വിസ്മയിപ്പിച്ച നടനാണ് ലാല്‍. ചില രംഗങ്ങള്‍ എടുക്കുമ്പോള്‍ കട്ട് പറയാന്‍ പോലും മറന്ന് ലാലിന്റെ അഭിനയത്തില്‍ ലയിച്ച് നിന്നു പോയിട്ടുണ്ടെന്നും സംവിധായകന്‍ പറയുമ്പോള്‍ അത് ലാല്‍ എന്ന നടന് ലഭിക്കുന്ന മറ്റൊരു പുരസ്‌കാരം തന്നെയാണ്.


തൊണ്ണൂറുകളുടെ പകുതിയ്ക്ക് ശേഷം ലാല്‍ കഥാപാത്രങ്ങളുടെ മട്ടും ഭാവവും മാറിത്തുടങ്ങി. മംഗലശ്ശേരി നീലകണ്ഠനും, ആടുതോമയും ഇന്ദുചൂഡനും അരങ്ങുവാണപ്പോള്‍ നാട്ടുമ്പുറത്തുകാരനായ നിഷ്‌കളങ്കന്റെ പരിവേഷം ലാലിന് ഇണങ്ങുമോ എന്ന സംശയം ഉയര്‍ന്നു. ഹീറോയിസത്തിന്റെ പുതിയ ഭാവത്തിലേയ്്ക്ക് ലാല്‍ നടന്ന് അടുത്തപ്പോഴും സത്യന്‍ പഴയ പാതയില്‍ തന്നെയായിരുന്നു. ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബന്‍ എന്നിവരെ നായകന്‍മാരാക്കി കുടുംബ പ്രേക്ഷകരുടെ സംവിധായകന്‍ തന്റെ യാത്ര തുടര്‍ന്നു.

ലാലിന്റെ അമാനുഷിക കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മടുത്തു തുടങ്ങി. അന്തിക്കാട്ടുകാരന്റെ ഗ്രാമീണഭാവങ്ങളിലേയ്ക്ക് ലാല്‍ വീണ്ടും കടന്നു വന്നു. രസതന്ത്രത്തിന്റെ പിറവി അങ്ങിനെയായിരുന്നു. പിന്നീട് ഇന്നത്തെ ചിന്താവിഷയം എന്നൊരു ചിത്രം കൂടി ഈ കൂട്ടുകെട്ടില്‍ പിറന്നു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അജയന്‍ എന്ന് കഥാപാത്രമായി സത്യന്‍ ചിത്രത്തിലേയ്ക്ക് ലാല്‍ വീണ്ടും കടന്നു വന്നു. ഇരുവരും ഒരുമിച്ച 'സ്‌നേഹവീടി'ല്‍ അവര്‍ക്കൊപ്പം ഷീലയും ഉണ്ടായിരുന്നു.

മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലേക്കുള്ള പടവുകളില്‍ ഏറ്റവും പ്രസക്തമായ പേരുകളിലൊന്നാണ് സത്യന്‍ അന്തിക്കാട്. എണ്‍പതുകളില്‍ ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ കുടുംബ പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

പ്രശസ്ത സാഹിത്യകാരന്‍ വി കെ എന്നിന്റെ പ്രേമവും വിവാഹവും എന്ന കഥയാണ് അപ്പുണ്ണിയായത്. അപ്പുണ്ണിയിലെ മേനോന്‍ മാഷായി ലാല്‍ സത്യനൊപ്പമുള്ള യാത്ര തുടങ്ങുകയായിരുന്നു.

മോഹന്‍ലാല്‍, ശ്രീനിവാസന്‍ കാര്‍ത്തിക എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലെ അഭിനയത്തിന് ലാലിനെ തേടി ഫിലിം ഫെയര്‍ അവാര്‍ഡ് എത്തി.

1986ലെ ഏറ്റവുംനല്ല നടനുള്ള സ്‌റേറ്റ് അവാര്‍ഡ് ലാല്‍ ആദ്യമായ് കരസ്ഥമാക്കുന്നത് ടിപി.ബാലഗോപാലന്‍ എംഎയിലൂടെയാണ്.

ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലെ മോഹന്‍ലാലിന്റെ ഗൂര്‍ഖ കഥാപാത്രത്തെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല

ചിത്രത്തിലെ ദാസന്റേയും വിജയന്റേയും ഹിറ്റ് ഡയലോഗുകള്‍ ഇന്നും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചരിക്കുന്നു.

നാടോടിക്കാറ്റിന്റെ രണ്ടാം ഭാഗത്തില്‍ സിഐഡിമാരായ ദാസനും വിജയനും പ്രമാദമായ ഒരു കേസിന്റെ അന്വേഷണത്തിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരും കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങള്‍ തീയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം കൊളുത്തി.

ഒരു പ്രവാസിയുടെ വേദനകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നു വച്ച ചിത്രമായിരുന്നു വരവേല്‍പ്പ്.

പിന്‍ഗാമിയിലെ ക്യാപ്റ്റന്‍ വിജയ് മേനോന്‍ അല്പം വ്യത്യസ്തനായിരുന്നു. തന്റെ പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയവരോട് പ്രതികാരം വീട്ടുന്ന ക്യാപ്റ്റനെ മോഹന്‍ലാല്‍ അതിഗംഭീരമാക്കി

ലാലിന് തിരക്കേറിയപ്പോള്‍ സത്യന്‍ ജയറാമിനെ കൂട്ടുപിടിച്ചു. പിന്നീട് ഇരുവരും വീണ്ടും ഒന്നിച്ചു. രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം തുടങ്ങി സ്‌നേഹവീടിലെത്തി നില്‍ക്കുന്നു ഇവരുടെ യാത്ര

English summary
Satyan Anthikkad, the director known for his family-themed movies set in rural backdrops, created good movies with super star Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam