മോഹന്‍ലാലിന് പരാജയത്തില്‍ ഹാട്രിക്
ഛോട്ടാ മുംബൈയുടെയും ഹലോയുടെയും വിജയത്തിളപ്പില്‍ താരമൂല്യത്തിന്റെ ഉച്ചയിലെത്തിയ മോഹന്‍ലാലിന് അതിനു ശേഷം നേരിടേണ്ടി വന്നത് പരാജയത്തിന്റെ ഹാട്രിക്. റംസാന്‍ ചിത്രമായെത്തിയ പരദേശി ബോക്സോഫീസില്‍ ദയനീയമായി വീണതോടെ മോഹന്‍ലാലിന് തുടര്‍ച്ചയായി മൂന്നാമത്തെ പരാജയമായി.
റിലീസ് ചെയ്ത് ഒരാഴ്ചയാവുമ്പോഴേക്കും മിക്ക റിലീസിംഗ് കേന്ദ്രങ്ങളിലും പരദേശിയുടെ പ്രദര്‍ശനം മതിയാക്കി. അടുത്ത കാലത്തിറങ്ങിയ ഏറ്റവും കളക്ഷന്‍ കുറഞ്ഞ മോഹന്‍ലാല്‍ ചിത്രമെന്ന റെക്കോഡുമായാണ് പരദേശി എ ക്ലാസ് തിയേറ്ററുകള്‍ വിട്ടത്. മോഹന്‍ലാലിന്റെ മികവുറ്റ അഭിനയം ചിത്രത്തിന്റെ പ്രത്യേകതയാണെങ്കിലും മോഹന്‍ലാല്‍ ആരാധകര്‍ക്കോ സാധാരണ പ്രേക്ഷകര്‍ക്കോ രുചിക്കുന്ന ചേരുവകളൊന്നുമില്ലാത്ത ചിത്രമെന്ന നിലയില്‍ പരദേശിയെ പ്രേക്ഷകര്‍ കൈയൊഴിയുകയായിരുന്നു.
അലിഭായി, രാംഗോപാല്‍വര്‍മ കി ആഗ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലിന് തുടര്‍ച്ചയായ മൂന്നാമത്തെ പരാജയമാണ് പരദേശിയിലും നേരിടേണ്ടിവന്നത്. ഹലോ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങള്‍ നേടിയ വന്‍വിജയങ്ങളിലൂടെ മോഹന്‍ലാലിന്റെ കരിയറിനുണ്ടായ തിളക്കം പിന്നീടുണ്ടായ മൂന്ന് പരാജയങ്ങളോടെ മങ്ങിപ്പോയി. കഴിഞ്ഞ വര്‍ഷത്തെ താരപ്രകടനത്തില്‍ നിന്നും ഈ വര്‍ഷം ലാല്‍ ഏറെ പിന്നോട്ടാണ്.
തുടര്‍ച്ചയായ മൂന്ന് പരാജയങ്ങളുടെ കയ്പ് മോഹന്‍ലാലിന് മാറ്റണമെങ്കില്‍ ഇനി ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍ വന്‍ വിജയം നേടിയേ മതിയാവൂ. നവംബറില്‍ റോക്ക് എന്‍ റോള്‍, ഡിസംബറില്‍ ആകാശഗോപുരം, ഫ്ലാഷ് എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. ആര്‍ട് ചിത്രമായ ആകാശഗോപുരം വലിയ സാമ്പത്തിക വിജയമാവുമെന്ന് പ്രതീക്ഷയില്ലെങ്കിലും റോക്ക് എന്‍ റോള്‍, പരദേശി എന്നീ ചിത്രങ്ങളിലൂടെ ഒരു തിരിച്ചുവരവ് നടത്താനാവുമെന്ന കണക്കുകൂട്ടലിലാണ് ലാല്‍.


Click it and Unblock the Notifications