മാത്യുവായി മോഹൻലാൽ വീണ്ടും? ജയിലർ ആരാധകരെ ആവേശത്തിലാക്കി വൈറൽ വീഡിയോ
ഏമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ വൻ വിജയങ്ങൾക്ക് ശേഷം മോഹൻലാൽ ഇനിയേത് ചിത്രമാണ് ഏറ്റെടുക്കുക എന്ന് ആവേശത്തോടെ ഉറ്റുനോക്കുകയാണ് ആരാധകർ. അമൽ നീരദ്, ജിത്തു മാധവൻ, കൃഷാന്ത് തുടങ്ങി ഒരു വലിയ സംവിധായക നിര തന്നെ താരത്തിനായി കാത്തിരിക്കുകയാണ് എന്നാണ് റിപോർട്ടുകൾ. എന്നാൽ ആരാധകരെ ഇപ്പോൾ ആവേശത്തിലാക്കിയിരിക്കുന്നത് രജനികാന്തിന്റെ ജയിലർ 2ലേക്ക് മോഹൻലാൽ മടങ്ങിയെത്തിയേക്കുമെന്ന സൂചനകളാണ്. ജയിലർ സംവിധായകൻ നെൽസൺ ദിലീപ്കുമാറിന്റെ പുതിയ വൈറൽ വീഡിയോ ആണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്.
മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിന്റെ സെറ്റിൽ നെൽസൺ

ജയിലർ സംവിധായകൻ നെൽസൺ ദിലീപ്കുമാർ ഈയിടെ മോഹൻലാലിനെ സന്ദർശിച്ചിരുന്നു. സൂപ്പർതാരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ് പ്രശസ്ത തമിഴ് സംവിധായകൻ തന്റെ ഇഷ്ടതാരത്തെ കാണാൻ എത്തിയത്. സത്യൻ അന്തിക്കാടിനും ടീമിനും ഒപ്പമുള്ള നെൽസന്റെ വീഡിയോ ആശിർവാദ് സിനിമയുടെ സോഷ്യൽ മീഡിയ പേജുകൾ അടുത്തിടെ പുറത്തു വിട്ടിരുന്നു. വീഡിയോ വൈറൽ ആയതോടെ ജയിലർ 2ലെ മോഹൻലാലിന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. എന്നാൽ, രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഈ റിപോർട്ടുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ജയിലർ 2ൽ മാത്യുവായി മോഹൻലാൽ എത്തുമോ?
രജനികാന്ത് നായകനായി എത്തിയ ജയിലറിൽ കേന്ദ്ര കഥാപാത്രമായ ടൈഗർ മുത്തുവേൽ പാണ്ഡ്യന്റെ പ്രിയ സുഹൃത്തായ മാത്യുവായാണ് മോഹൻലാൽ അഭിനയിച്ചത്. അതിഥി വേഷമായിരുന്നെങ്കിൽ പോലും താരത്തിന്റെ പുതിയ ലൂക്കും, അത്യുഗ്രൻ പ്രകടനവും, പ്രേക്ഷകരെ അങ്ങേയറ്റം രസിപ്പിച്ചു. ജയിലർ 2 പ്രഖ്യാപനം മുതൽ മോഹൻലാൽ രണ്ടാം ഭാഗത്തിൽ ഉണ്ടാവുമോ എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികളും സൂപ്പർതാരത്തിന്റെ ആരാധകരും. പുതിയ പല കഥാപാത്രങ്ങളെയും പരിചയപ്പെടുത്താൻ തയ്യാറെടുക്കുന്ന രജനികാന്ത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാലിന്റെ കഥാപാത്രം ഉണ്ടായേക്കില്ല എന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ നെൽസൺ ദിലീപ്കുമാർ മോഹൻലാലിനെ സന്ദർശിച്ചതോടെ ആരാധകരുടെ ആശങ്കകൾ ആവേശത്തിന് വഴിമാറി. പ്രശസ്ത സംവിധായകൻ എത്തിയത് മോഹൻലാലിനെ ജയിലർ 2ലേക്ക് ക്ഷണിക്കാനും, താരത്തിന്റെ കഥാപാത്രത്തെ കുറിച്ച് ചർച്ച ചെയ്യാനും ആണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഹൻലാലിന്റെ കടുത്ത ആരാധകൻ ആണ് താൻ എന്ന് തുറന്നു സമ്മതിച്ചിട്ടുള്ള സംവിധായകൻ നെൽസൺ മാത്യുവിന്റെ കഥാപാത്രത്തെ ഒഴിവാക്കുകയില്ല എന്ന് ആരാധകർ വിശ്വസിക്കുന്നു.
രജനികാന്ത് ടൈഗർ മുത്തുവേൽ പാണ്ട്യൻ എന്ന റിട്ടയേർഡ് ജയിലറുടെ വേഷത്തിൽ എത്തിയ നെൽസൺ ദിലീപ്കുമാർ ചിത്രം, 2023ലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. തമിഴ് സൂപ്പർസ്റ്റാറിനും മോഹൻലാലിനും ഒപ്പം കന്നഡ സൂപ്പർതാരം ശിവരാജ്‌കുമാറും, ബോളിവുഡ് താരം ജാക്കി ഷ്‌റോഫും, തെലുങ്കു നടൻ സുനിലും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി. എന്നാൽ ഏറ്റവും ശ്രദ്ധ നേടിയത് മലയാള നടൻ വിനായകൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം വർമ്മൻ ആണ്. ജയിലർ 2ലേക്ക് എത്തുമ്പോൾ ദേശീയ അവാർഡ് ജേതാവ് സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള പുതിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ആദ്യ ഭാഗത്തിന്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ തന്നെയാണ്. സൺ പിക്ചർസിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ 2 ഈ വർഷം അവസാനത്തോടെ തീയറ്ററിൽ എത്തുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications











