മോഹന്‍ലാലിന്റെ പാചക ടിപ്‌സുകള്‍ പരമ രഹസ്യം
ക്യാമറയ്ക്ക് പിന്നില്‍ താനൊരു സാധരാണ മനുഷ്യനാണെന്ന് പലപ്പോഴും മോഹന്‍ലാല്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഷൂട്ടിങ് കഴിഞ്ഞാല്‍ ലാലിന് താത്പര്യമുള്ള മറ്റ് പല മേഖലകളുമുണ്ട്. ക്രിക്കറ്റ്, ഫുട്‌ബോള്‍, എഴത്ത്, വായന അങ്ങനെ നീളുന്നു. അക്കൂട്ടത്തില്‍ പ്രധാനമാണ് പാചകവും. പാചകത്തില്‍ ലാലിന് തന്റേതായ ചില രഹസ്യ ടിപ്‌സുകളുമുണ്ട്. അക്കാര്യം ചില സിനിമാ പ്രവര്‍ത്തകര്‍ക്ക് മനസ്സിലായത് പെരുച്ചാഴിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ്.
പെരുച്ചാഴിയുടെ ഷൂട്ടിങിനായി യു എസില്‍ എത്തിപ്പോള്‍ നാടന്‍ ഭക്ഷണം എന്ന മോഹം ടീമിലെ പലര്‍ക്കും അടക്കാന്‍ കഴിഞ്ഞില്ല. മോഹന്‍ലാലും നിര്‍മാതാവ് വിജയ് ബാബുവുമുള്‍പ്പടെയുള്ള സംഘം ലോസെഞ്ചല്‍സില്‍ ഒരു നല്ല ഹോട്ടലും തപ്പി നടന്നെങ്കിലും ഒന്നും തൃപ്തികരമല്ലായിരുന്നു. ഒടുവില്‍ താനൊരു കൈനോക്കാമെന്നായി മോഹന്‍ലാല്‍.

താന്‍ എല്ലാവര്‍ക്കും ഭക്ഷണം പാകം ചെയ്യാം എന്ന വാക്ദാനവുമായി ലാലേട്ടന്‍ മുന്നോട്ട് വരികയായിരുന്നുവെന്ന് നിര്‍മാതാവ് വിജയ് ബാബു പറയുന്നു. പക്ഷെ ഒരു കണ്ടീഷനുണ്ട്. മോഹന്‍ലാല്‍ പാചകം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ പരിസരത്തേക്ക് ആര്‍ക്കും പ്രവേശനമില്ല. പാചകത്തിലെ തന്റെ ചില രഹസ്യ ചേരുവകള്‍ എന്നും സ്വകാര്യമാക്കി വയ്ക്കുന്ന കക്ഷിയാണ് ലാല്‍.
അതേ കുറിച്ച് പറഞ്ഞപ്പോള്‍ ഒരു കാര്യം കൂടെ വിജയ് ബാബു ഓര്‍ത്തു. അങ്ങനെ ഒരു ദിവസം പ്രാതലിന് മുട്ടത്തോരന്‍ താന്‍ ഉണ്ടാക്കാമെന്ന് മോഹന്‍ലാല്‍ ഏറ്റു. മുട്ടത്തോരന്‍ ആരുണ്ടാക്കിയാലും വലിയ വ്യത്യാസമൊന്നുമുണ്ടാകില്ല. എല്ലാത്തിനും ഒരേ രുചിയായിരിക്കുമെന്നായി മറ്റ് യൂണിറ്റംഗങ്ങള്‍.
എന്നാല്‍ ലാല്‍ അടുക്കളയില്‍ കയറി വാതിലടച്ചു. അല്പം കഴിഞ്ഞപ്പോള്‍ മുട്ടത്തോരന്‍ റെഡി എന്ന അറിയിപ്പ് കിട്ടി. സൂപ്പര്‍ താരത്തിന്റെ മുട്ടത്തോരന്‍ കഴിച്ച് വിമര്‍ശകരുടെ നാവ് ഇറങ്ങിപ്പോയെന്നാണ് കേള്‍ക്കുന്നത്. അത്രയ്ക്ക് രസമായിരുന്നത്രെ ആ മുട്ടത്തോരന്‍.


Click it and Unblock the Notifications











