ആര് പറഞ്ഞു മോഹന്‍ലാല്‍ വീണ്ടും മീശ പിരിക്കുന്നു എന്ന്?
രഞ്ജിത്ത് തിരക്കഥയെഴുതിയ ദേവാസുരം, ആറാം തമ്പുരാന്‍, രാവണ പ്രഭു പോലുള്ള ചിത്രങ്ങളില്‍ മോഹന്‍ലാലിന് ഒരു തമ്പുരാന്‍ പരിവേഷമായിരുന്നു. രഞ്ജിത്തും മോഹന്‍ലാലും വീണ്ടും ഒന്നിയ്ക്കുന്നു എന്ന് കേട്ടപ്പോള്‍ ലാല്‍ ചിത്രത്തില്‍ സമാനമായ ഒരു കഥാപാത്രമായിരിക്കും ചെയ്യുക എന്നും വാര്‍ത്തകള്‍ പ്രചരിച്ചു.
മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു കള്ളക്കടത്തുകാരനായാണ് എത്തുന്നത്, വീണ്ടും മീശ പിരിയ്ക്കുന്നു എന്നൊക്കെയായിരുന്നു ലോഹം എന്ന രഞ്ജിത്ത്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ പുതിയ ചിത്രത്തെ കുറിച്ച് പ്രചരിച്ച വാര്‍ത്തകള്‍.

എന്നാല്‍ അതൊന്നുമല്ല സത്യമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ലാല്‍ വളരെ സാധാരണക്കാരനായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്. രാജു എന്ന് പേരുള്ള ഒരു കാര്‍ ഡ്രൈവര്‍.
ജയന്തി എന്ന് പേരുള്ള ഒരു യുവതി രാജുവിന്റെ കാറില്‍ കയറുന്നതോടുകൂടെയാണ് കഥ ആരംഭിയ്ക്കുന്നത്. തുടര്‍ന്നുള്ള സംഭവമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. രാജുവായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ജയന്തിയെ അവതരിപ്പിയ്ക്കുന്നത് ആന്‍ഡ്രിയയാണ്.
കോഴിക്കോട്, കൊച്ചി, ദുബായി എന്നിവിടങ്ങളില്‍ വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കുക. രഞ്ജിത്ത് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിയ്ക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.


Click it and Unblock the Notifications











