പൃഥ്വിരാജ് മോഹന്‍ലാലിനൊപ്പം
ജയസൂര്യയും കുഞ്ചാക്കോ ബോബനും പോലുള്ള യുവതാരങ്ങള്‍ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും പൃഥ്വിരാജിന് അത്തരമൊരു അവസരമുണ്ടായിട്ടില്ല. അത്തരമൊരു അവസരം പൃഥ്വിരാജിന് ഒടുവിലെത്തിച്ചിരിക്കുന്നത് ക്ലാസ് മേറ്റ്സിലൂടെ പൃഥ്വിരാജിനെ നായകനാക്കി സൂപ്പര്‍ഹിറ്റ് സൃഷ്ടിച്ച ലാല്‍ ജോസാണ്.
മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന കസിന്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന് ഏറെ അടുപ്പമുള്ള കസിനായാണ് പൃഥ്വിരാജ് വേഷമിടുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നീ മുന്‍നിര താരങ്ങളോടൊപ്പം ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത പൃഥ്വിരാജ് നായകവേഷമല്ലാത്ത ഒരു കഥാപാത്രം ആദ്യമായി ചെയ്യുന്നുവെന്നതും കസിന്റെ പ്രത്യേകതയാണ്. നന്ദനം എന്ന ആദ്യചിത്രം മുതല്‍ പൃഥ്വിരാജ് അഭിനയിച്ച എല്ലാ ചിത്രങ്ങളിലും നായകനായിരുന്നു.
ഭാഗ്യചിത്രയുടെ ബാനറില്‍ ഗോപന്‍ നിര്‍മിക്കുന്ന കസിന്‍ 2008ലെ മോഹന്‍ലാലിന്റെ പ്രധാന പ്രൊജക്ടുകളിലൊന്നാണ്. ചിത്രത്തില്‍ ഒരു പുതുമുഖമുള്‍പ്പെടെ മൂന്ന് നായികമാരുണ്ടാവും.


Click it and Unblock the Notifications