കേരളത്തിന്റെ കണ്ണീര്‍ മഴയ്ക്ക് മുന്നിൽ മോഹൻലാലിന്റെ ഡ്രാമയും വഴി മാറി, ഇനി അന്നേ ഡ്രാമ വരികയുള്ളു!!
ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയാണ് ഡ്രാമ. ലണ്ടനില്‍ നിന്നും ഒരു മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ട്രെിയലര്‍ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ചിന് വൈകുന്നേരം പുറത്ത് വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയായിരിക്കും ട്രെയിലര്‍ റിലീസെന്നും പറഞ്ഞിരുന്നു.
എന്നാല്‍ കേരളത്തില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ ഡ്രാമയുടെ ട്രെയിലര്‍ റിലീസ് മാറ്റിയിരിക്കുകയാണ്. കേരളത്തിന്റെ കണ്ണീര്‍ മഴ തോരട്ടെ, പുലരി പിറക്കട്ടെ.. അന്നേ ഡ്രാമ ട്രെയിലര്‍ റിലീസ് ചെയ്യുന്നുള്ളു എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

കനിഹ, സുരേഷ് കൃഷ്ണ, ടിനി ടോം, അരുന്ധതി നാഗ്, മുരളി മേനോന്‍, സുബി സുരേഷ്, ഷാലിന്‍ സോയ, അനു സിത്താര, ജുവല്‍ മേരി, നിരഞ്ജന്‍, ബൈജു, സംവിധയകന്മാരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ഡ്രാമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കനത്ത മഴ തുടരുന്നതിനാല്‍ ഓഗസ്റ്റ് പതിനേഴിന് റിലീസ് തീരുമാനിച്ചിരുന്ന കായംകുളം കൊച്ചുണ്ണി, പടയോട്ടം എന്നീ സിനിമകളുടെ റിലീസ് മാറ്റിയിരുന്നു. പിന്നാലെയാണ് ഡ്രാമയുടെ ട്രെയിലര്‍ റിലീസും മാറ്റിയിരിക്കുന്നത്. ഓണത്തിന് ഡ്രാമയും റിലീസിനെത്തിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇനിയും കൃത്യമായൊരു തീയ്യതി ഉറപ്പിച്ചിട്ടില്ല. എന്തായാലും ഓണത്തിന് സിനിമ എത്തില്ലെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുകയാണ്.


Click it and Unblock the Notifications