മോഹിനി വീണ്ടുമെത്തുന്നു
പ്രേക്ഷകര്‍ക്ക് പ്രിയങ്കരികളായ മലയാളത്തിലെ നായികമാരിലൊരാളായിരുന്നു മോഹിനി. പരിണയവും ഗസലും നാടോടിയും പഞ്ചാബി ഹൗസുമൊക്കെ മോഹിനിയെ പ്രേക്ഷക മനസില്‍ പ്രതിഷ്ഠിച്ച ചിത്രങ്ങളായിരുന്നു.
വിവാഹത്തിനു ശേഷം കുറച്ചുകാലം സിനിമാരംഗത്തു നിന്നും വിട്ടുനിന്ന മോഹിനി വേഷം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ തിരിച്ചുവരവ് നടത്തിയത്. മമ്മൂട്ടിയുടെ ഭാര്യയുടെ വേഷമായിരുന്നു ആ ചിത്രത്തില്‍. പിന്നീട് മോഹിനി അമ്മതൊട്ടില്‍, ചാക്കോ രണ്ടാമന്‍ എന്നീ ചിത്രങ്ങളിലും മുഖം കാണിച്ചു.
സുരേഷ് ഗോപി നായകനാവുന്ന കളക്ടറിലൂടെ മോഹിനി വീണ്ടും മലയാളത്തിലെത്തുകയാണ്. ഇത്തവണ തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് മോഹിനിക്ക് ലഭിച്ചിരിക്കുന്നത്. മോഹിനി ഇതുവരെ മലയാളത്തില്‍ ചെയ്തിട്ടുള്ള വേഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തം.
മേയര്‍ സേതുലക്ഷ്മി എന്ന കഥാപാത്രത്തെയാണ് കളക്ടറില്‍ മോഹിനി അവതരിപ്പിക്കുന്നത്. പ്രതിനായികയുടെ സ്വഭാവമുള്ള കഥാപാത്രം. നായകന്റെ കാമുകിയോ ഭാര്യയോ ആയി ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും മാറിനില്‍ക്കുന്ന കഥാപാത്രത്തെയാണ് മോഹിനിക്ക് ലഭിച്ചിരിക്കുന്നത്.
പേര് പോലെ തന്നെ സുരേഷ് ഗോപി കളക്ടറായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. യാമിനി ശര്‍മ, മേഘ എന്നിവരും നായികാതുല്യമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു


Click it and Unblock the Notifications