സുരേഷ് ഗോപിയുടെ 250ാമത് ചിത്രം 'ഒറ്റക്കൊമ്പന്‍', ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ട് താരങ്ങള്‍
ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്തിറങ്ങി. ഒറ്റക്കൊമ്പന്‍ എന്നാണ് സൂപ്പര്‍ താര ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ 250ാമത് ചിത്രമായി വരുന്ന സിനിമയുടെ ടൈറ്റില്‍ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള 100 താരങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഒറ്റക്കൊമ്പന്‍ ടൈറ്റില്‍ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്. മലയാളികള്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പന്‍ ടൈറ്റില്‍ അനൗണ്‍സ്‌മെന്റാണ് സുരേഷ് ഗോപി ചിത്രത്തിന്റെതായി നടന്നത്.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കോടതി വരെ എത്തിയ സാഹചര്യത്തിലാണ് സുരേഷ് ഗോപി ചിത്രത്തിന്റെ പ്രഖ്യാപനം ഇത്രയും ശ്രദ്ധ നേടിയത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ മാത്യൂ തോമസാണ് സംവിധാനം ചെയ്യുന്നത്. ഷാജികുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. നേരത്തെ ടൈറ്റില്‍ ടീസര്‍ പുറത്തുവിടുന്ന താരങ്ങളുടെ ലിസ്റ്റില്‍ പൃഥ്വിരാജ് ഇല്ലാത്തത് പലരെയും ചൊടിപ്പിച്ചിരുന്നു. എന്തുക്കൊണ്ടാണ് പൃഥ്വിയെ മാത്രം ഒഴിവാക്കിയതെന്ന് ചോദിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്.

പിന്നാലെ ഇത് ഒരു ഫാന്‍ ഫൈറ്റ് ആവരുതേ എന്ന് എല്ലാവരോടും അഭ്യര്‍ത്ഥിച്ച് സുരേഷ് ഗോപി എത്തിയിരുന്നു. മലയാളികളുടെ പ്രിയനടന്‍ തന്നെ ആണ് പൃഥ്വി. ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാന്‍ ഉള്‍പ്പെടെ ഉളള ആളുകളുടെ നിലനില്‍പ്പിന് കോട്ടം വരാത്ത രീതിയില്‍ മുന്നോട്ട് പോവുക എന്നതാണ്. രണ്ട് സിനിമയും നടക്കട്ടെ. രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉളളത്. രണ്ടും മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ എന്റെ സിനിമയും പൃഥ്വിയുടെ സിനിമയും സ്വീകരിക്കും എന്ന് വിശ്വസിച്ചുകൊണ്ട് ഒരു മല്‍സരബുദ്ധിയോടെ ഒരു ഫാന്‍ വാര്‍ ആകരുത് എന്ന് അപേക്ഷിക്കുന്നു എന്നായിരുന്നു സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.


Click it and Unblock the Notifications