അജു വര്‍ഗ്ഗീസിന്റെ കമലയില്‍ മൊട്ട രാജേന്ദ്രനും, വില്ലനോ.. ഹാസ്യ നടനോ?
മലയാളത്തില്‍ സംഘട്ടന രംഗങ്ങള്‍ക്ക് പിന്നില്‍ നിന്ന് തല്ല് വാങ്ങിയ രാജേന്ദ്രന്‍ എന്ന നടന്‍ ശ്രദ്ധിക്കപ്പെട്ടത് തമിഴ് സിനിമകളിലൂടെയാണ്. വില്ലനായിട്ടാണ് തമിഴില്‍ തുടങ്ങിയത്. രാജേന്ദ്രന്റെ കരകരപ്പുള്ള ശബ്ദവും മുടിയില്ലാത്ത തലയും പ്രേക്ഷകര്‍ക്കിടയില്‍ പെട്ടന്ന് മാര്‍ക്ക് ചെയ്യപ്പെട്ടു. രാജേന്ദ്രന്‍ തമിഴകത്ത് അങ്ങനെ മൊട്ട രാജേന്ദ്രനായി.
പിന്നീട് തമിഴ് സിനിമകളില്‍ കോമഡി താരമായി മാറിയ രാജേന്ദ്രന്‍ രാജാറാണി, തെറി തുടങ്ങിയ ചിത്രങ്ങളില്‍ കൈയ്യടി നേടി. ഇപ്പോള്‍ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരിയ്ക്കുകയാണ് രാജേന്ദ്രന്‍. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം ഇതാ മറ്റൊരു ചിത്രവും രാജേന്ദ്രന്‍ ഏറ്റെടുത്തിരിയ്ക്കുന്നു.

അജു വര്‍ഗ്ഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന കമല എന്ന ത്രില്ലറിലാണ് അടുത്തതായി മൊട്ട രാജേന്ദ്രന്‍ അഭിനയിക്കുന്നത്. ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അജു വര്‍ഗ്ഗീസ് തന്നെയാണ് പുറത്ത് വിട്ടത്. ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം വീണ്ടും രാജേന്ദ്രന്‍ സാറിനൊപ്പം എന്നാണ് അജുവിന്റെ പോസ്റ്റ്.
തുടര്‍ച്ചയായി ജയസൂര്യ ചിത്രങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന രഞ്ജിത്ത് ശങ്കര്‍ അജുവിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നു എന്നത് തീര്‍ത്തും പുതുമയുള്ള കാര്യമാണ്. പാസഞ്ചര്‍, അര്‍ജ്ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് കമല.


Click it and Unblock the Notifications











