മിസ്റ്റര്‍ ഫ്രോഡിന് ശക്തനായ വില്ലന്‍!
മോഹന്‍ലാലിന്റെ വിഷുച്ചിത്രമായിട്ടാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡ് ഒരുങ്ങുന്നത്. മോഹന്‍ലാല്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു റോള്‍ കൈകാര്യം ചെയ്യുന്ന ചിത്രത്തെ മാസ് മൂവിയെന്നാണ് അണിയറക്കാര്‍ വിശേഷിപ്പിക്കുന്നത്.
വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം തീര്‍ത്തും വ്യത്യസ്തമായ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നതെന്നും കേള്‍ക്കുന്നു. ചിത്രത്തില്‍ നായകനൊപ്പം തന്നെ വില്ലന്‍ വേഷത്തിനും വലിയ പ്രാധാന്യമുണ്ട്.

മഗധീരയെന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് ഏറെ പ്രശംസകള്‍ നേടിയ ദേവ് ഗില്‍ ആണ് ചിത്രത്തില്‍ ലാലിന്റെ വില്ലനായി എത്തുന്നത്. ബോളിവുഡ് ചിത്രമായ ബാഗ് മില്‍ഖ ബാഗിലും ദേവ് ഗില്‍ അഭിനയിച്ചിട്ടുണ്ട്.
വിഷു കഴിഞ്ഞു തുടങ്ങാനിരുന്ന മിസ്റ്റര്‍ ഫ്രോഡ് രഞ്ജിത്ത് ചിത്രം മാറ്റിവച്ചതിനെത്തുടര്‍ന്ന് നേരത്തേ ആരംഭിയ്ക്കുകയായിരുന്നു. ഇപ്പോള്‍ മിസ്റ്റര്‍ ഫ്രോഡിന്റെ ചിത്രീകരണത്തിലാണ് ലാല്‍. മാടമ്പി, ഗ്രാന്റ്മാസ്റ്റര്‍ തുടങ്ങി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മുന്‍ മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായിരുന്നു. മിസ്റ്റര്‍ ഫ്രോഡും ഇതേ ഗണത്തില്‍പ്പെടുന്നതായിരിക്കുമെന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications