മിസ്റ്റര്‍ ഫ്രോഡ് പുതിയ സമരകാലത്തിന് തുടക്കമിടുമോ?
ബി ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിന് തിയേറ്റര്‍ ഉടമകള്‍ പ്രദര്‍ശന വിലക്കേര്‍പ്പെുത്തിയതിനെത്തുടര്‍ന്ന് സിനിമാമേഖലയില്‍ സംയുക്ത സമരത്തിന് കളമൊരുങ്ങുന്നു. മെയ് രണ്ട് മുതല്‍ ചലച്ചിത്രനിര്‍മ്മാണവും വിതരണവും നിര്‍ത്തിവെയ്ക്കാനാണ് വിവിധ ചലച്ചിത്ര സംഘടനകള്‍ ആലോചിയ്ക്കുന്നത്. ഇതുസംബന്ധിച്ചകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചലച്ചിത്രസംഘടനയായ ഫെഫ്കയുടെ അടിയന്തരയോഗം ഏപ്രില്‍ 28ന് തിങ്കളാഴ്ച ചേരും.
തിയറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും സംവിധായകനും ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഫിലിം എക്‌സ്ബിറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തില്‍ നിന്നും സിനിമാ രംഗത്തെ പല പ്രമുഖരും വിട്ടുനിന്നിരുന്നു. ഇതിനു പിറകില്‍ പ്രവര്‍ത്തിച്ചത് ഫെഫ്ക ജനറല്‍ സെക്രട്ടറിയായ ബി. ഉണ്ണികൃഷ്ണനാണെന്നാണ് സംഘടനക്കാര്‍ പറയുന്നത്.
ഇക്കാര്യത്തില്‍ ഉണ്ണികൃഷ്ണന്‍ മാപ്പു പറഞ്ഞെങ്കില്‍ മാത്രമേ ചിത്രം പ്രദര്‍ശിപ്പിക്കൂ എന്നാണ് ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഉണ്ണികൃഷ്ണനെതിരെ ബഷീര്‍ രൂക്ഷമായ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്.
മെയ് 8ന് മിസ്റ്റര്‍ ഫ്രോഡ് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം കാത്തിരിക്കുന്നത്.


Click it and Unblock the Notifications