മിസ്റ്റര്‍ ഫ്രോഡിലെ ഗാനങ്ങള്‍ എത്തി
ബി ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രമായ മിസ്റ്റര്‍ ഫ്രോഡിന്റെ ഗാനങ്ങള്‍ പുറത്തിറങ്ങി. ഖുദാ ഓ ഖുദാ എന്ന് തുടങ്ങുന്ന ഗാനവും സദാ പാലയ എന്ന് തുടങ്ങുന്ന ഗാനവുമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഒരു സദസ്സില്‍ മോഹന്‍ലാല്‍ ആലപിയ്ക്കുന്ന ഗാനമായിട്ടാണ് ഖുദാ ഹോ ഖുദാ എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ശങ്കര്‍ മഹാദേവനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റേതാണ് രചന.
ബാലഭാസ്‌കര്‍, ഗോപി സുന്ദര്‍ എന്നിവര്‍ വയലിനും കീ ബോര്‍ഡുമായി പശ്ചാത്തലത്തിലുണ്ട്. സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലില്‍ കുര്‍ത്തയും മുണ്ടുമണിഞ്ഞാണ് ലാല്‍ പാടുന്നത്. അല്‍പം വിഷാദം കലര്‍ത്തിയൊരുക്കിയിരുന്ന ഗാനരംഗത്ത് ദേവന്‍, എം മുകുന്ദന്‍, രാഗിണി തുടങ്ങിയ നടിമാരെയെല്ലാം കാണാം.

സദാ പാലയ എന്ന് തുടങ്ങുന്ന ഗാനരംഗത്ത് മിയ ജോര്‍ജ്ജും മോഹന്‍ലാലും സിദ്ദിഖുമാണുള്ളത്. വരിക്കാശേരി മനയിലും മറ്റുമായി ചിത്രീകരിച്ച ഗാനമാണിത്. ആദ്യം ശാസ്ത്രീയ ശൈലിയില്‍ തുടങ്ങുന്ന ഗാനം പിന്നീട് വെസ്റ്റേണ്‍ മിക്‌സിലേയ്ക്ക് മാറുകയാണ്. സിതാരയും സുദീപ് കുമാറും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശ്രവണസുഖമുള്ള ഗാനങ്ങളാണ് രണ്ടും. രണ്ടിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിസ്റ്റര്‍ ഫ്രോഡിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.


Click it and Unblock the Notifications