»   » മരുമകന്‍: ദിലീപ് വിളമ്പുന്നത് പഴങ്കഞ്ഞി

മരുമകന്‍: ദിലീപ് വിളമ്പുന്നത് പഴങ്കഞ്ഞി

Posted By:
Subscribe to Filmibeat Malayalam
Marumakan
ഒരേ റൂട്ടില്‍ ഓടുന്ന ബസ് എന്ന് സലിംകുമാര്‍ വിശേഷിപ്പിച്ചത് സത്യന്‍അന്തിക്കാടിന്റെ ചിത്രത്തെക്കുറിച്ചായിരുന്നു. കഥ വളരുന്നതും പരിണാത്തിലെത്തുന്നതുമെല്ലാം പ്രേക്ഷകര്‍ക്കു മുന്‍കൂട്ടി പറയാന്‍ സാധിക്കും. സലിംകുമാറിന്റെ ഈ വിശേഷണം ഇപ്പോള്‍ചേരുന്നത് ദിലീപ് ചിത്രങ്ങള്‍ക്കാണ്. സിബി കെ. തോമസും ഉദയ് കൃഷ്ണയുമാണ് തിരക്കഥയെഴുതുന്നെങ്കില്‍ വിശേഷണം കൂടുതല്‍ ചേരും. മുമ്പ് പ്രിയദര്‍ശന്‍ ആവര്‍ത്തിച്ചു പറഞ്ഞ രീതി ഇപ്പോള്‍ ഈ ഇരട്ടകള്‍ ഏറ്റെടുത്തെന്നു മാത്രം. ഇവിടെ സംവിധായകന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല, താരങ്ങള്‍ക്കും. അതുതന്നെയാണ് സന്ധ്യ മോഹന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ മരുമകനും.

ആടാനും പാടാനും അടിക്കാനും കഴിവുള്ളവനായിരിക്കും ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍. കാര്യസ്ഥന്‍ ആയാലും ദേഹണ്ഡക്കാരനായാലും നാടകക്കാരനായാലും ഈ കഴിവ് ഉണ്ടായിരിക്കും. അവിവാഹിതനായ ഈ ചെറുപ്പക്കാരനോട് ആദ്യം ഇടഞ്ഞുകൊണ്ടായിരിക്കും നായികയെ അവതരിപ്പിക്കുന്നത്. പിന്നീട് പ്രേമം തുടങ്ങുന്നു, അതു മുറുകുമ്പോള്‍ വീട്ടുകാര്‍ക്കിടയില്‍ പ്രശ്‌നം വരും. പിന്നീട് നാടകന്റെ കോമഡിയിലൂടെയും ആള്‍മാറാട്ടത്തിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചെടുക്കും. ഒരു പ്രത്യേകതയുള്ളത് ഇതെല്ലാം കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലായിരിക്കും നായകനും തിരക്കഥാകൃത്തുക്കളും അവതരിപ്പിക്കുക. അതുകൊണ്ട് വിജയം ഉറപ്പാകുമെന്നതില്‍ സംശയമില്ല. ദിലീപിന്റെ ചിത്രങ്ങള്‍ ഏതെങ്കിലും പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ ഈ ഫോര്‍മുലയില്‍ നിന്നു മാറിയപ്പോള്‍ മാത്രമാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോണ്‍ എന്ന ആക്ഷന്‍ ചിത്രം നിലംതൊടാതെ പോയത് ഈ പറഞ്ഞ ചേരുവകളൊന്നുമില്ലാത്തതുകൊണ്ടായിരുന്നു.

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം തിയറ്ററില്‍ പോയിരുന്ന് അല്‍പ സമയം തമാശയൊക്കെ കണ്ടിരുന്ന് മാനസിക സംഘര്‍ഷമില്ലാതെ തിയറ്റര്‍ വിട്ടുപോരാനാണ് ഇന്നു പലരും ആഗ്രഹിക്കുന്നത്. അങ്ങനെയൊരു ചിന്തയെ മുതലെടുക്കാന്‍ കഴിയുന്നതുകൊണ്ടാണ് ദിലീപ് ചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയിക്കുന്നത്. ദിലീപ് പെണ്‍വേഷം കെട്ടിയ മായാമോഹിനി പലരും കളിയാക്കിയ ചിത്രമായിരുന്നു. തട്ടിക്കൂട്ട് ചിത്രമെന്ന പേരായിരുന്നു വിമര്‍ശകര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ 18 കോടി രൂപയാണ് കഴിഞ്ഞ ആഴ്ച വരെ ആ ചിത്രം കേരളത്തിലെ തിയറ്ററില്‍നിന്നു നേടിയെടുത്തത്. മിസ്റ്റര്‍ മരുമകന്‍ അതിലൂം കൂടുതല്‍ നേടിയെടുക്കുമെന്നതില്‍ സംശയമില്ല.

സിബി- ഉദയന്‍ ചിത്രത്തില്‍ ദിലീപിന്റെ വേഷം മാത്രമേ മാറാറുള്ളൂ. കഥാ തന്തു ഒന്നുതന്നെയായിരിക്കും. മിസ്റ്റര്‍ മരുമകനില്‍ ദിലീപ് കുടുംബ നാടക ട്രൂപ്പായ ഭരത കലാക്ഷേത്രത്തിന്റെ ഉടമയായ അേേശാക് രാജ് എന്ന ചക്രവര്‍ത്തിയായിട്ടാണ് എത്തുന്നത്. അശോകിന്റെ സഹോദരന്‍ ബാബുരാജ് വിദേശത്താണുള്ളത്. അവിടെ അയാള്‍ സാമ്പത്തിക പ്രതിസന്ധിയിലാകുന്നു. അത് കുടുംബസ്വത്തിനെയും ബാധിക്കുന്നു. ബാങ്കിന്റെ കടബാധ്യത തീര്‍ക്കാന്‍ പറ്റാത്തതിനാല്‍ ഇവരുടെ സ്വത്ത് ബാങ്കിലേക്ക് എടുക്കാന്‍ വേണ്ടിയാണ് ബാലസുബ്രഹ്മമണ്യം എന്ന ഓംബുഡ്‌സ്്്മാനെ വയ്ക്കുന്നത്. അയാളാകട്ടെ അശോകിന്റെ അച്ഛന്റെ ആദ്യകാല സുഹൃത്തും.

ബാലസുബ്രഹ്ണ്യത്തിന്റെ മകളാണ് രാജലക്ഷ്മി( സനൂഷ) അമ്മ (ഖുശ്ബു) യെ പോലെ ആളൊരു ദേഷ്യക്കാരത്തിയാണ്. ഇവരെ നല്ലപാഠം പഠിപ്പിക്കലാണ് പിന്നീട് അശോകിന്റെ ജോലി. ബാക്കിയെല്ലാം പതിവു ചേരുവകള്‍ തന്നെ. തിയറ്ററില്‍ നേട്ടമുണ്ടാക്കുമെങ്കിലും എത്രകാലം ഇത്തരം ചിത്രങ്ങളുമായി ദിലീപ് മുന്നോട്ടുപോകുമെന്നൊരു ചോദ്യം ഇവിടെ അവശേഷിക്കും. മുമ്പ് ജയറാമായിരുന്നു ഇത്തരത്തിലുള്ള പതിവു വേഷങ്ങള്‍ ചെയ്തിരുന്നത്. വിദ്യാഭ്യാസമുള്ള, സല്‍ഗുണ, അധ്വാനിയായ, ദാരിദ്ര്യം അനുഭവിക്കുന്ന, ഒരേ സമയം ഒന്നിലധികം കഴിവുള്ള നായകന്‍. ഒടുവില്‍ കണ്ടു മടുത്തതോടെ ജയറാം മലയാളത്തില്‍ നിന്ന് പൂര്‍ണമായും പുറംതള്ളിയ അവസ്ഥയിലെത്തി. ഇതുപോലൊരു ഗതികേടായിരിക്കും ദിലീപിനുമുണ്ടാകുക എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

English summary
Mr. Marumakan is a typical Dileep film. We can easily guess the story. A usual Janapriya formula.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam