മമ്മൂട്ടി-ലാല്‍ ഫാന്‍സ് പോരാട്ടം തെരുവിലേക്ക്
ചെറിയൊരിടവേളയ്‌ക്കു ശേഷം മമ്മൂട്ടി-ലാല്‍ ആരാധകക്കൂട്ടങ്ങള്‍ വീണ്ടും പോരിനിറങ്ങുന്നു.ഇതുവരെ തിയറ്ററുകളിലെ കൂവലുകളിലും തെറിപറച്ചിലുകളിലും ഒതുങ്ങി നിന്നിരുന്ന ഫാന്‍സ് പോര് ഇപ്പോള്‍ തെരുവിലേക്കാണ് നീങ്ങുന്നത്.
മലയാള സിനിമയിലെ 67 ഓളം താരങ്ങളെ അണിനിരത്തി വെള്ളിത്തിരയിലെ മഹാദ്‌ഭുതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ട്വന്റി20യെ ചുറ്റിപ്പറ്റിയാണ് പുതിയ പോരെടുക്കല്‍ തുടങ്ങിയിരിക്കുന്നത്.
ചിത്രത്തിലെ പ്രധാനപ്പെട്ട അഞ്ചു താരങ്ങളെയും അണിനിരത്തി കൊണ്ടുള്ള പോസ്‌റ്ററാണ് ഫാന്‍സുകാര്‍ തമ്മിലുള്ള തര്‍ക്കത്തിന് തിരി കൊളുത്തിയിട്ടുള്ളത്.
പോസ്‌റ്ററില്‍ മമ്മൂട്ടിയെ മധ്യഭാഗത്തും ഇടത് വശത്ത് ലാലിനെയും ദിലീപിനെയും വലത് വശത്ത് സുരേഷ് ഗോപിയെയും ജയറാമിനെയുമാണ് ചിത്രീകരിച്ചിരിയ്‌ക്കുന്നത്.
മമ്മൂട്ടിയെക്കാള്‍ മികച്ച താരമായിരുന്നിട്ടും പോസ്‌റ്ററില്‍ മോഹന്‍ലാലിന് പ്രധാന്യം കുറച്ച് കാണിച്ചുവെന്നാണ് ലാല്‍ ഫാന്‍സുകാരുടെ പരാതി.
ഏറ്റവും കൂടുതല്‍ ലാല്‍ ആരാധകരുള്ള തിരുവനന്തപുരം ജില്ലയില്‍ ട്വന്റി20 പോസ്‌റ്ററില്‍ മമ്മൂട്ടിയുടെ മുഖം കീറിക്കളഞ്ഞാണ് ആരാധകര്‍ തങ്ങളുടെ രോഷം ശമിപ്പിച്ചത്.
ഇത് കണ്ട് മമ്മൂട്ടിയുടെ ആരാധകര്‍ വെറുതേയിരുന്നില്ല. മലബാര്‍ മേഖലയില്‍ സ്ഥാപിച്ചിട്ടുള്ള ട്വന്റി20 പോസ്‌റ്ററുകളിലെ ലാലിന്റെ മുഖത്ത് കരി പൂശിയാണ് അവര്‍ ഇതിന് തിരിച്ചടി നല്‌കിയത്.
പ്രശ്‌നം വഷളാകുമെന്ന് കണ്ടതോടെ സമാധാനശ്രമങ്ങളുമായി ചിത്രം നിര്‍മ്മിച്ച താരസംഘടനയായ അമ്മ രംഗത്തെത്തിയിട്ടുണ്ട്.
പോസ്‌റ്ററിലുള്ള അഞ്ച് താരങ്ങളില്‍ ഏറ്റവും മുതിര്‍ന്ന താരം മമ്മൂട്ടിയാണെന്നാണ് ഇക്കാര്യത്തില്‍ അമ്മ നല്‌കുന്ന വിശദീകരണം. എന്നാലിതൊന്നും താരാരാധന മൂത്ത ഫാന്‍സിന്റെ തലയില്‍ കയറിയിട്ടില്ല. സിനിമ പുറത്തിറങ്ങുന്നതോടെ ഫാന്‍സുകള്‍ തമ്മിലുള്ള പോര് കൂടുതല്‍ വ്യാപിയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications