മുല്ലയിലെ മുല്ല
ദിലീപിന്റെ അഭിനയജീവിതത്തിലെ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാവും മുല്ലയിലെ മുല്ല. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മുല്ലയില്‍ മുല്ല എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.
കാരക്കാട് കോളനിയിലാണ് മുല്ല കഴിയുന്നത്. ക്രിമിനലുകളുടെ സങ്കേതമാണ് കാരക്കാട് കോളനി. അവിടെ കഴിയുന്ന മുല്ല കൂലിത്തല്ലും പോക്കറ്റടിയും പിടിച്ചുപറിയുമൊക്കെ നടത്തുന്നവനാണ്. അങ്ങനെയൊരുവനാണ് മുല്ല എന്ന പേര്. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നും. എന്നാല്‍ ആ പേരിനു പിന്നില്‍ അവന്റെ ജീവിതം തന്നെയുണ്ട്.
ആ കോളനിയില്‍ വഴി തെറ്റി വന്നവനാണ് മുല്ല. അവന്റെ അമ്മ സ്നേഹിച്ച പുരുഷനാല്‍ ചതിക്കപ്പെട്ട് വഞ്ചനയില്‍ കുടുങ്ങി ആ കോളനിയിലെത്തുകയായിരുന്നു. ഗര്‍ഭിണിയായ അവള്‍ വീട്ടിലേക്ക് മടങ്ങിയില്ല. പിന്നീട് മകനെ വളര്‍ത്താനായി അവള്‍ വേശ്യാവൃത്തി ചെയ്തു. അവളുടെ തലയില്‍ എന്നും മുല്ലപ്പൂ ചൂടിയിരിക്കും.അതിനാല്‍ കോളനിയിലെ എല്ലാവരും അവള്‍ മുല്ലയെന്ന് വിളിച്ചു. അവള്‍ ആത്മഹത്യ ചെയ്തതിനു ശേഷം ആ പേര് മകന് കിട്ടി. മുല്ല എന്ന് അവന്‍ അറിയപ്പെടാന്‍ തുടങ്ങി.
കോളനിയിലെ ക്രിമിനലുകളുടെ പ്രധാന പ്രവര്‍ത്തനം അടുത്തുള്ള റെയില്‍വേ ട്രാക്കിലൂടെ കടന്നുപോകുന്ന മീറ്റര്‍ ഗേജ് തീവണ്ടിയിലാണ്. ആ തീവണ്ടിയില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന പെണ്‍കുട്ടിയാണ് ലച്ചി. പട്ടണത്തിലെ ബേക്കറികളില്‍ കേക്കുകള്‍ക്ക് അലങ്കാരപ്പണി ചെയ്യലും മറ്റുമാണ് അവളുടെ ജോലി. ആ യാത്രകള്‍ക്കിടയിലാണ് ലച്ചിയും മുല്ലയും പരിചയപ്പെടുന്നത്.
കാരക്കാട് കോളനിയിലൂടെ കടന്നുപോകുന്ന തീവണ്ടി ഈ ചിത്രത്തിന്റെ കഥയില്‍ ഒരു പ്രധാനപശ്ചാത്തലമാണ്. ലച്ചിയായി അഭിനയിക്കുന്നത് മീരാ നന്ദനാണ്. ദിലീപിന്റെ നായികയായി മീരാ നന്ദന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗറിലെ ഉപഅവതാരകയാണ് മീരാ നന്ദന്‍.
മുല്ലയുടെ ചിത്രീകരണം പഴനിയില്‍ നടന്നുവരികയാണ്. ബിജു മേനോന്‍, സൈജു കുറുപ്പ്, സലിംകുമാര്‍, അനൂപ് ചന്ദ്രന്‍, റിസബാവ, ശിവജി ഗുരുവായൂര്‍, ഉണ്ടപക്രു, മൈക്കിള്‍, റീന ബഷീര്‍, ശ്രുതി മേനോന്‍, സുകുമാരി, ലീലാഹരി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.


Click it and Unblock the Notifications











