അച്ഛനും അമ്മയുമുള്‍പ്പടെ 500 ലധികം പേര്‍ കുരുങ്ങിക്കിടക്കുന്നു! സഹായം അഭ്യര്‍ത്ഥിച്ച് മുന്ന!
നിര്‍ത്താതെ പെയ്യുന്ന മഴയില്‍ തങ്ങളുടെ ജീവിതവും ഒലിച്ചുപോകുമ്പോള്‍ നിസ്സഹായതോടെ നോക്കിനില്‍ക്കാനെ അവര്‍ക്ക് കഴിയുമായിരുന്നുള്ളൂ. സമ്പാദ്യവും വീടുമെല്ലാം നഷ്ടപ്പെട്ടപ്പോഴും ജീവന്‍ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് പലരും. കേരളത്തില്‍ വിവിധ ജില്ലകളിലായി ലക്ഷക്കണക്കിന് പേരാണ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് അഭയം തേടിയെത്തിയത്. വെള്ളപ്പൊക്ക ഭീഷണിയും ഉരുള്‍പൊട്ടലുമൊക്കെയാണ് പലരെയും ഇതിലേക്ക് നയിച്ചത്. കേരളമൊന്നാകെ രക്ഷാപ്രവര്‍ത്തനത്തിനായി നേരിട്ടിറങ്ങിയപ്പോള്‍ താരങ്ങളും മടിച്ചിരുന്നില്ല.
യുവതാരങ്ങളും സൂപ്പര്‍ താരങ്ങളുമെല്ലാം ഈ ദുരിതത്തെ നേരിടുന്നതിനായി അണിനിരന്നിട്ടുണ്ട്. താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പല പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നത്. സംഭാവനയായും ക്യാംപുകളിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ നേരിട്ട് നല്‍കിയുമൊക്കെയാണ് പലരും ഇതിനായെത്തിയത്. ഇതിനിടയിലാണ് തന്റെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതാരം മുന്നയെത്തിയത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

പള്ളിയില്‍ കുരുങ്ങിക്കിടക്കുകയാണ്
യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമായ മുന്ന ഫേസ്ബുക്ക് ലൈവിലൂടെയാണ് തങ്ങളുടെ അവസ്ഥയെക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്. തന്റെ അച്ഛനും അമ്മയുമുള്‍പ്പടെ നിരവധി പേര്‍ പൂവത്തുശ്ശേരി പള്ളിയില്‍ കുരുങ്ങിക്കിടക്കുകയാണെന്നും സഹായം വേണമെന്നും അഭ്യര്‍ത്ഥിച്ചാണ് താരമെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. കഴിഞ്ഞ ദിവസം താരം ഈ അവസ്ഥയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

ആളുകളുടെ എണ്ണം കൂടി
വെള്ളവും ഭക്ഷണവും പോലും ലഭിക്കാതെയാണ് അവിടെയുള്ളവരുള്ളതെന്നും അവരെ സഹായിക്കണമെന്നും താരം അഭ്യര്‍ത്ഥിച്ചിരുന്നു. തുടക്കത്തില്‍ പള്ളിയിലെ ക്യാംപില്‍ മുന്നൂറോളം പേര ഉണ്ടായിരുന്നുള്ളൂവെങ്കിലും പിന്നീട് ആളുകളുടെ എണ്ണം കൂടുകയായിരുന്നുവെന്നും താരം പറയുന്നുണ്ട്. ആളുകളുടെ എണ്ണം ഇപ്പോള്‍ 2500 കടന്നിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് മറുപടി നല്‍കിയിട്ടുള്ളത്. സഹായം ആവശ്യപ്പെട്ട് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

അച്ഛന്റെ പിറന്നാളാണ്
ഇന്ന് അച്ഛന്റെ പിറന്നാളാണ്. എന്താണ് പറയേണ്ടതെന്ന് അറിയാത്ത അവസ്ഥയിലാണ് താന്‍. അവര്‍ക്കൊപ്പമില്ലാത്തതിന്റെ ആധിയാണ് ഈ താരം പങ്കുവെച്ചിട്ടുള്ളത്. അവിടെയുള്ളവരോടാണ് താരം സഹായം അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. വെള്ളവും ഭക്ഷണവും എത്തിക്കാനാണ് താരം ആവശ്യപ്പെട്ടത്. താങ്കള്‍ ഭയപ്പെടേണ്ടെന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ഉടന്‍ തന്നെ എത്തിക്കുമെന്നും നിരവധി പേര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കാര്‍ത്തിയും ഗൗതം മേനോനും
മുന്നയുടെ ഫേസ്ബുക്ക് ലൈവ് പുറത്തുവന്നതിന് പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് കാര്‍ത്തിയും ഗൗതം മേനോനും രംഗത്തുവന്നിരുന്നു. ട്വിറ്ററിലൂടെയാണ് ഇവര്‍ മുന്നയുടെ പോസ്റ്റ് ഷെയര്‍ ചെയ്തത്. തന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത ഇരുവര്‍ക്കും മുന്ന നന്ദി അറിയിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് ലൈവ് കാണാം
മുന്നയുടെ ഫേസ്ബുക്ക് ലൈവ് കാണാം.


Click it and Unblock the Notifications











