അനൂപും മുരളിയും ഒന്നിയ്ക്കുന്ന കൊസറകൊള്ളി
ഈ അടുത്തകാലത്ത് എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയും അനൂപ് മേനോനും വീണ്ടും ഒന്നിയ്ക്കുന്നു. സുനില്‍ ലീനസിന്റെ കൊസറകൊള്ളി എന്ന ചിത്രത്തിലാണ് അനൂപും മുരളിയും വീണ്ടും ഒന്നിച്ചെത്തുന്നത്. എണ്‍പതുകളില്‍ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ നടക്കുന്ന കഥയാണ് കൊസറകൊള്ളി പറയുന്നത്. ഇതൊരു സസ്‌പെന്‍സ് ത്രില്ലറായിരിക്കുമെന്നാണ് സംവിധായകന്‍ സുനില്‍ പറയുന്നത്.
സാധാരണ സസ്‌പെന്‍സ് ത്രില്ലറുകളിലുള്ളതുപോലെ കേസന്വേഷണവും കോടതിയുമൊന്നും കൊസറകൊള്ളിയില്‍ ഉണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ, കുടുംബപശ്ചാത്തലമുള്ളൊരു ത്രില്ലറായിരിക്കുമിത്- ചിത്രത്തെക്കുറിച്ച് സംവിധായകന്‍ പറയുന്നതിങ്ങനെ.

ഒരു ഗ്രാമീണനായ കഥാപാത്രത്തെയായിരിക്കും ചിത്രത്തില്‍ മുരളി അവതരിപ്പിക്കുക. അനൂപിന്റെ കഥാപാത്രമാണ് ചിത്രത്തിലെ പ്രധാന സസ്‌പെന്‍സ് ഘടകം എന്നതിനാല്‍ അതിനെക്കുറിച്ച് കൂടുതലൊന്നും തനിയ്ക്കിപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് സംവിധായകന്‍ പറയുന്നു.
1987ല്‍ കുട്ടിക്കാനത്തുണ്ടായ ബസ് അപകടം ചിത്രത്തിലെ സംഭവങ്ങളില്‍ പ്രധാനപ്പെട്ടതാണെന്ന് സംവിധായകന്‍ പറയുന്നു. അന്ന് അപകടമുണ്ടായ അതേ സ്ഥലത്തുവച്ചാണ് സിനിമയ്ക്കുവേണ്ടിയുള്ള അപകടം ചിത്രീകരിക്കുക. ചിത്രത്തില്‍ പുതുമുഖമാണ് നായികയായി എത്തുന്നത്. ബഡ്ഡി എന്ന ചിത്രത്തിലൂടെയെത്തിയ മിഥുന്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അക്കരക്കാഴ്ചകള്‍ എന്ന അമേരിക്കന്‍ മലയാളി പരമ്പരയിലെ ജോര്‍ജ്ജ് തേക്കൂംമൂട്ടില്‍ എന്ന കഥാപാത്രത്തെ ഈ ചിത്രത്തിലും കൊണ്ടുവരുന്നുണ്ട്. ആ കഥാപാത്രത്തിന് ജീവന്‍ നല്‍കിയ ജോസ്‌കുട്ടി വലിയകല്ലുങ്കല്‍ തന്നെയാണ് ഈ വേഷം ചെയ്യുന്നത്.


Click it and Unblock the Notifications