മമ്മൂട്ടിക്കൊപ്പം മൂന്ന് മണിക്കൂര്‍ ചര്‍ച്ച,എമ്പുരാനില്‍ ഇക്കയും? ചര്‍ച്ചയായി മുരളി ഗോപിയുടെ ചിത്രം
മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുളള മുരളി ഗോപിയുടെ എറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. മമ്മൂക്കയ്‌ക്കൊപ്പം മൂന്ന് മണിക്കൂര്‍ ചെലവഴിച്ച സന്തോഷം പങ്കുവെച്ചുകൊണ്ടാണ് നടനും തിരക്കഥാകൃത്തുമായ താരം എത്തിയത്. മുരളി ഗോപിയുടെ പോസ്റ്റിന് പിന്നാലെ ചോദ്യങ്ങളുമായി ആരാധകരും എത്തിയിരുന്നു. ലൂസിഫറിന്റെ തുടര്‍ച്ചയായ മോഹന്‍ലാലിന്റെ എമ്പുരാനില്‍ മമ്മൂട്ടിയും ഉണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം തന്നെ മമ്മൂട്ടി-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നുണ്ടോ എന്നും ആരാധകര്‍ ചോദിക്കുന്നു.

അടുത്തിടെ മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന മുരളി ഗോപിയുടെ പോസ്റ്റിന് താഴെ എന്നാ പിന്നെ എന്ന് പൃഥ്വിരാജ് കുറിച്ചതോടെയാണ് ആരാധകര്‍ക്ക് ആകാംക്ഷ കൂടിയത്. തുടര്‍ന്ന് എമ്പുരാനില്‍ മമ്മൂക്കയും ഉണ്ടെന്ന് പ്രവചിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അതേസമയം തന്നെ എമ്പുരാനല്ല, മമ്മൂട്ടി-പൃഥ്വി കൂട്ടൂകെട്ടിലുളള പുതിയ ചിത്രം വരുന്നു എന്ന് പറഞ്ഞ് മറ്റുചിലരും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
അതേസമയം പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടില്‍ നിന്നുളള ആ വലിയ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതേകുറിച്ച് വ്യക്തമായ പ്രതികരണമൊന്നും ഇതുവരെയുണ്ടായിട്ടില്ലെങ്കിലും ആരാധകരെല്ലാം വലിയ പ്രതീക്ഷയിലാണ് ഉളളത്. ഒരു പതിറ്റാണ്ടിന് ശേഷം മമ്മൂക്കയും ലാലേട്ടനും വീണ്ടും ഒന്നിക്കുമോ എന്നത് അറിയാനായി എല്ലാവരും കാത്തിരിക്കുകയാണ്.
ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ എമ്പുരാന്‍ പ്രഖ്യാപിച്ചത്. വലിയ ക്യാന്‍വാസില്‍ നിര്‍മ്മിക്കുന്ന ചിത്രം അബ്രാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ കഥയാണ് പറയുന്നത്. ലൂസിഫര്‍ പോലെ എമ്പുരാനിലും വലിയ താരനിര തന്നെയുണ്ടാവുക. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‌റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൂസിഫറിന്റെ ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സ് ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന സൂചനകള്‍ നല്‍കിയാണ് അവസാനിച്ചത്.
പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്ന ലൂസിഫര്‍ 200കോടി ക്ലബില്‍ എത്തിയ ആദ്യ മലയാള ചിത്രമായി മാറിയിരുന്നു. മോഹന്‍ലാലിന്റെയും പൃഥ്വിയുടെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു ചിത്രം. പ്രേക്ഷക പ്രതീക്ഷകളോടെല്ലാം നീതി പുലര്‍ത്തികൊണ്ടായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ ലൂസിഫര്‍ അണിയിച്ചൊരുക്കിയിരുന്നത്. വമ്പന്‍ താരനിര അണിനിരന്ന ചിത്രം മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായിട്ടാണ് പൃഥ്വിരാജ് സുകുമാരന്‍ അണിയിച്ചൊരുക്കിയത്.


Click it and Unblock the Notifications