വിക്രമാദിത്യനില്‍ സംഗീതവും ഒരു കഥാപാത്രം
സൗഹൃദം പ്രമേയമാക്കി യുവനായകന്മാരെ നായകന്മാരാക്കി സംവിധായകന്‍ ലാല്‍ ജോസ് ഒരുക്കുന്ന പുത്തന്‍ ചിത്രമാണ് വിക്രമാദിത്യന്‍. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ഇവര്‍ക്കൊപ്പം നമിത പ്രമോദുമുണ്ട് ചിത്രത്തില്‍.
മട്ടാഞ്ചേരി, ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് വിക്രമാദിത്യന്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

ചിത്രത്തില്‍ മറ്റെല്ലാ കഥാപാത്രങ്ങളെയും പോലെ സംഗീതവും ഒരു കഥാപാത്രമാണെന്നാണ് അണിയറക്കാര്‍ പറയുന്നത്. ബിജിബാലാണ് വിക്രമാദിത്യന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതില്‍ ഹിന്ദി, ഗുജറാത്തി ട്രാക്കിലുള്ള ഗാനങ്ങളുമുണ്ട്.
കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായിരുന്ന കൊച്ചിക്കാരായ മൂന്ന് യുവാക്കളുടെ കഥയാണ് വിക്രമാദിത്യന്‍. വിക്രമനായി ഉണ്ണി മുകുന്ദന്‍ എത്തുമ്പോള്‍ ആദിത്യനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു. നിവിന്‍ പോളി അതിഥിതാരമായിട്ടാണ് ചിത്രത്തില്‍ എത്തുന്നതെങ്കിലും വളരെ പ്രധാനപ്പെട്ട വേഷമാണ് ചെയ്യുന്നത്.
നമിത പ്രമോദ് ഒരു കൊങ്ങിണി യുവതിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ഈ റോളിന് വേണ്ടി നമിത അല്‍പസ്വല്‍പം കൊങ്കിണി ഭാഷ വശപ്പെടുത്തിയിട്ടുണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിന് പിന്നാലെ എത്താന്‍ പോകുന്ന മറ്റൊരു യുവ മള്‍ട്ടി സ്റ്റാര്‍ ചിത്രമെന്ന നിലയിക്ക് വിക്രമാദിത്യനില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളുണ്ട്.


Click it and Unblock the Notifications











