പത്ത് ലക്ഷത്തിന്റെ മലയാള സിനിമ; മൈ ലക്കി നമ്പര്‍ ഈസ് ബ്ലാക്ക് കാന്‍ മേളയില്‍
മലയാളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി ഒരു മലയാള സിനിമ കൂടി കാന്‍ ഫിലിം ഫെസ്റ്റിവലില്‍. ആത്മബോധ് ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രം മൈ ലക്കി നമ്പര്‍ ഈസ് ബ്ലാക്ക് ആണ് 73-മത് കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ മാര്‍ക്കറ്റ് പ്രീമിയറില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത്തവണ മത്സരവിഭാഗം റദ്ദാക്കിയിരുന്നു.
10ലക്ഷം രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ്. കാനില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളില്‍ കുറഞ്ഞ ചെലവില്‍ ചിത്രീകരിണം നടത്തിയ ചിത്രം കൂടിയാണിത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ക്യാമറയും നിര്‍വ്വഹിച്ചത്. 20 ദിവസം കൊണ്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്.

പുതുമുഖം പൗര്‍ണമി ഗോപനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. കാര്‍ത്തി ശ്രീകുമാര്‍, അരുണ്‍ ഭാസ്‌കര്‍, ദിവ്യ ദാസ്, രാജാറാം വര്‍മ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. തീവ്രവാദ ആക്രമണങ്ങളിലും സാമുദായിക കലാപങ്ങളിലും മാനസികവും ശാരീരികവുമായി ദുരുപയോഗം ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെയും മൂന്ന് യുവാക്കളുടെയും അച്ഛന്റെയും കഥയാണ് ചിത്രം പറയുന്നത്.
ലളിതാംബിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എല്‍ അനില്‍ കുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവാഗതനായ ഷമല്‍ ചാക്കോയാണ് എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഷാജി ഗോപിനാഥ്, വിവേക് വി എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ്. കളിയച്ചന്‍ എന്ന ചിത്രത്തിലൂട ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ഗണേഷ് മാരാരാണ് സൗണ്ട് മിക്‌സിംഗ്
നിര്‍വ്വഹിച്ചത്. ജിത്തു ക്രിയേഷന്‍സിന്റെ പ്രൊലൈഫ് ആണ് കാസ്റ്റിംഗ് നിര്‍വ്വഹിച്ചത്.


Click it and Unblock the Notifications











