ജീവിതത്തില്‍ ആദ്യമായി പാന്‍മസാല ചവച്ചെന്ന് ശ്രീലക്ഷ്മി
ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ ആദ്യ ചിത്രം അണിയറയില്‍ തയ്യാറാവുകയാണ്. നേരത്തേ അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്നൊരു ചിത്രം ശ്രീലക്ഷ്മിയെ വച്ച് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നായകനായ ഫഹദ് ഫാസില്‍ പിന്‍മാറിയതുമൂലം ചിത്രം മുടങ്ങുകയായിരുന്നു. ഇപ്പോള്‍ ശ്രീലക്ഷ്മി അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ഓടും രാജ ആടും റാണി എന്നിവയാണ്.
വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍ എന്ന ചിത്രത്തില്‍ വിനീത എന്ന ബോള്‍ഡായ കഥാപാത്രത്തെയാണ് ശ്രീലക്ഷ്മി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ശ്രീനാഥ് ഭാസിയും പ്രതാപ് പോത്തനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഈ ചിത്രത്തില്‍ തനിക്കേറെ പ്രതീക്ഷകളുണ്ടെന്ന് ശ്രീലക്ഷ്മി പറയുന്നു.

രണ്ടാമത്തെ ചിത്രമായ ഓടും രാജ ആടും റാണിയെക്കുറിച്ചോര്‍ക്കുമ്പോള്‍ താനാകെ എക്‌സൈറ്റഡാകുന്നുവെന്നാണ് താരം പറയുന്നത്. ടിനി ടോം, മണികണ്ഠന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ ഒരു നാടോടി യുവതിയുടെ വേഷത്തിലാണ് ശ്രീലക്ഷ്മി അഭിനയിക്കുന്നത്. മാലയെന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ആരോടും ഒന്നുമുട്ടിനോക്കാന്‍ പോന്നത്രയും ധൈര്യശാലിയാണ് മാല. എന്നെ സംബന്ധിച്ച് ഇതൊരു വെല്ലുവിളി നിറഞ്ഞ റോളായിരുന്നു. സാധാരണ പെണ്‍കുട്ടികളുടെ വേഷത്തില്‍ സിനിമയിലെത്തുകയെന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ ഒരു നാടോടി വേഷം ശരിയ്ക്കും ബുദ്ധിമുട്ടുതന്നെയാണ്- ശ്രീലക്ഷ്മി പറയുന്നു.
അധികം സംസ്‌കാരമൊന്നുമില്ലാത്ത ഒരു പെണ്‍കുട്ടിയാണ് മാല, കഥാപാത്രത്തിന്റെ തന്മയത്വത്തിനായി എനിയ്ക്ക് ചില സീനുകളില്‍ ഗുഡ്കയും പാന്‍ മസാലയുമെല്ലാം ഉപയോഗിക്കേണ്ടിവന്നു, ശരിയ്ക്കും ഈ സീനുകള്‍ വളരെ ബുദ്ധിമുട്ടിയാണ് ചെയ്തത്. ഈ ചിത്രത്തിന് വേണ്ടിയാണ് ഞാന്‍ ജീവിതത്തില്‍ ആദ്യമായി പാന്‍മസാല ഉപയോഗിച്ചത്. അത് ചവച്ച് എന്റെ വായയാകെ പൊള്ളി- താരം പറയുന്നു.


Click it and Unblock the Notifications











