സില്‍ക് സ്മിത ആത്മഹത്യ ചെയ്തതല്ലെന്ന് സംവിധായകന്‍
ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ മാദകറാണി സില്‍ക്ക് സ്മിത ആത്മഹത്യചെയ്തതല്ലെന്ന വാദവുമായി സംവിധായകന്‍ രംഗത്ത്. സില്‍ക്ക് സ്മിത അഭിനയിച്ച അവസാന ചിത്രമായ 'തങ്കത്താമരൈ'യുടെ സംവിധായകന്‍ തിരുപ്പതി രാജയാണ് സ്മിതയുടേത് ആത്മഹത്യയല്ലെന്ന് വാദിക്കുന്നത്.
രചന പൂര്‍ത്തിയാകുന്ന ആത്മകഥയില്‍ സില്‍ക്ക് സ്മിതയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്താണ് തിരുപ്പതിരാജ ഇക്കാര്യം പറയുന്നത്. ''സില്‍ക്ക് സ്മിത ആത്മഹത്യചെയ്തതല്ല. ആത്മഹത്യചെയ്യാനുള്ള യാതൊരു പ്രശ്നവും അവര്‍ക്കുണ്ടായിരുന്നില്ല. അവരുടെ മരണത്തിന് പല പ്രമുഖരും ഉത്തരവാദികളാണ്. പുസ്തകം പുറത്തിറങ്ങുന്പോള്‍ പല രഹസ്യങ്ങളും പുറത്തുവരും, അവര്‍ ആത്മഹത്യ ചെയ്തതല്ലെന്ന് എനിക്കുറപ്പുണ്ട്''_ തിരുപ്പതിരാജ പറഞ്ഞു.
സില്‍ക്ക് സ്മിതയ്ക്ക് ആദ്യമായി അഭിനയിക്കാന്‍ അവസരം നല്കിയത് താനാണെങ്കിലും 'വണ്ടിച്ചക്രം' എന്ന സിനിമയാണ് ആദ്യചിത്രമെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
''1980ല്‍ ഞാന്‍ സംവിധാനം ചെയ്ത 'വീണയും നാദവും' എന്ന ചിത്രത്തിലാണ് സില്‍ക്ക് ആദ്യമായി അഭിനയിച്ചത്. ആന്ധ്രയില്‍ നിന്നും അഭിനയമോഹവുമായി എത്തിയ വിജയലക്ഷ്മിക്ക് സ്മിത എന്ന് പേര് നല്കിയത് ഞാനാണ്''- രാജ അവകാശപ്പെടുന്നു.
സിനിമയില്‍ പൊടുന്നനെ പടര്‍ന്നുപന്തലിച്ച സില്‍ക്ക്, പ്രതിസന്ധിയിലായ തിരുപ്പതിരാജയ രക്ഷിക്കാമെന്ന സദുദ്ദേശത്തോടെയാണത്രേ 'തങ്കത്താമരൈ'യില്‍ അഭിനയിയ്ക്കാമെന്ന് പറഞ്ഞത്.
ചിത്രത്തിലെ നായകനും നായികയും ഒടുവില്‍ മരിക്കുന്നതാണ് ചിത്രത്തിന്റെ കഥ. നായികയായി അഭിനയിച്ച സ്മിത ഷൂട്ടിങ് പൂര്‍ത്തിയാവുന്നതിന് മുമ്പ് മരിച്ചു. സിനിമ ഇപ്പോഴും റിലീസ് ചെയ്യാനാകാതെ സെന്‍സര്‍ ബോര്‍ഡിന്റെ കുരുക്കില്‍പ്പെട്ടുകിടക്കുകയാണ്.
അവശ്വസനീയമായ കഥ എന്നും പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രം പിടിച്ചുവെച്ചിരിക്കുന്നതെന്ന് രാജ ആരോപിക്കുന്നു. സാങ്കല്പിക കഥയല്ലാതെ, നടന്നകഥവെച്ചുമാത്രം സിനിമയെടുക്കാന്‍ പറ്റുമോ. എങ്കിലും ഞാന്‍ പോരാട്ടം തുടരുകയാണ്.''- അദ്ദേഹം പറയുന്നു.
ആത്മകഥയില്‍ സില്‍ക്കിനെക്കുറിച്ചുള്ള പരാമര്‍ശം വിവാദത്തിനു തിരികൊളുത്തുമോയെന്ന ചോദ്യത്തിന് അതു പറയാന്‍ പറ്റില്ല. ഞാന്‍ പോലീസ് വകുപ്പില്‍ നിന്നും സിനമയിലേക്കു വന്നയാളാണ്. കാര്യങ്ങള്‍ എങ്ങനെ പറഞ്ഞു നിര്‍ത്തണമെന്ന് എനിക്കറിയാം. വിവാദം അഴിച്ചുവിടാനായല്ല ഞാന്‍ എന്റെ കഥ എഴുതുന്നതെന്നാണ് തിരുപ്പതിരാജയുടെ മറുപടി.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications