മൂന്ന് ഷാജിമാരുടെ കഥയുമായി നാദിര്‍ഷയുടെ വരവ്! മേരാ നാം ഷാജിയുടെ ഷൂട്ടിംഗ് തലസ്ഥാനത്ത്
കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മേരാ നാം ഷാജി. സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നത്. ബിജു മേനോന്‍, ആസിഫ് അലി,ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
കോഴിക്കോട് ഷാജിയായി ബിജു മേനോനും കൊച്ചി ഷാജിയായി ആസിഫ് അലിയും തിരുവനന്തപുരം ഷാജിയായി ബൈജുവും ചിത്രത്തില്‍ എത്തുന്നു. നടന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. കഥയിലെ നായിക എന്ന ചിത്രം സംവിധാനം ചെയ്തിട്ടുളള ദിലീപാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്.

ദിലീപിന്റെ ലവ് 24*7 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അരവിന്ദന്റെ അതിഥികളുടെ വിജയത്തിന് ശേഷം നിഖിലയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് മേരാ നാം ഷാജി. നാദിര്‍ഷ ചിത്രത്തിനു പുറമെ സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍, ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങളിലും നിഖില തന്നെയാണ് നായികയായി എത്തുന്നത്.
തമാശയും ആക്ഷനും സസ്‌പെന്‍സും സമാസമം ചേര്‍ത്തുളള ഒരു എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്. നവംബര്‍ 16ന് തിരുവനന്തപുരത്ത് വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. കോഴിക്കോട്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുളള എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് അറിയുന്നത്.


Click it and Unblock the Notifications