ദാസനെയും വിജയനെയും ആര്‍ക്കു കിട്ടും?
മൂന്ന് ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്ക് നിറഞ്ഞ ചിരി സമ്മാനിച്ച മോഹന്‍ലാല്‍-ശ്രീനിവാസന്‍ ജോഡിയുടെ ദാസനും വിജയനും വീണ്ടുമെത്തുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. പഴയ സൂപ്പര്‍ഹിറ്റുകളുടെ തുടര്‍ഭാഗങ്ങളൊരുക്കുന്നതില്‍ സംവിധായകര്‍ പ്രത്യേക താത്പര്യം കാണിക്കുന്ന സമയമാണല്ലോ ഇപ്പോള്‍.
നാടോടിക്കാറ്റിന്റെ നാലാം ഭാഗം നാടോടിക്കാറ്റും പട്ടണപ്രവേശവും സംവിധാനം ചെയ്ത സത്യന്‍ അന്തിക്കാട് തന്നെ ഒരുക്കുന്നുവെന്നും ശ്രീനിവാസന്‍ തിരക്കഥ രചിക്കുന്നുവെന്നുമാണ് ആദ്യം കേട്ടത്. യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണിതെന്നായിരുന്നു ഈ കേട്ടുകേള്‍വിയോടുള്ള ശ്രീനിവാസന്റെ പ്രതികരണം.
ഈയിടെ നാടോടിക്കാറ്റിന്റെ നാലാം ഭാഗം എന്ന തലക്കെട്ട് വീണ്ടും ചലച്ചിത്ര വാര്‍ത്തകളില്‍ സ്ഥലം പിടിച്ചു. ഇത്തവണ സംവിധായകനും തിരക്കഥാകൃത്തുമെല്ലാം മാറി.നാടോടിക്കാറ്റിന്റെ നാലാം ഭാഗം സംവിധാനം ചെയ്യുന്നത് റോഷന്‍ ആന്‍ഡ്രൂസാണെന്നായിരുന്നു വാര്‍ത്ത. നാടോടിക്കാറ്റിനും പട്ടണപ്രവേശത്തിനും അക്കരെഅക്കരെഅക്കരെയ്ക്കും തിരക്കഥ രചിച്ച ശ്രീനിവാസനു പകരം ഈ ചിത്രത്തിനു രചന നിര്‍വഹിക്കുന്നത് ജെയിംസ് ആല്‍ബര്‍ട്ടാണെന്നും വാര്‍ത്ത കണ്ടു.
റോഷന് ആന്‍ഡ്രൂസിന്റെയും ജെയിംസ് ആല്‍ബര്‍ട്ടിന്റെയും ദാസന്‍-വിജയന്‍ സിനിമയെ കുറിച്ച് പിന്നിടൊന്നും കേട്ടില്ല. ഇപ്പോഴിതാ ദാസനെയും വിജയനെയും മറ്റൊരു ജോഡി തട്ടിയെടുത്തിരിക്കുന്നുവെന്ന് കേള്‍ക്കുന്നു. സംവിധായകരും തിരക്കഥാകൃത്തുക്കളുമായ റാഫി മെക്കാര്‍ട്ടിനാണത്രെ ദാസനെയും വിജയനെയും വീണ്ടും സിനിമയില്‍ അവതരിപ്പിക്കാന്‍ ശ്രീനിവാസന്റെ അനുവാദം തേടിയിരിക്കുന്നത്. ശ്രീനിവാസന്‍ അവര്‍ക്ക് അനുവാദം നല്‍കിയെന്നും താനും സത്യന്‍ അന്തിക്കാടും ചേര്‍ന്നാണ് ദാസനെയും വിജയനെയും സൃഷ്ടിച്ചതെന്നും അതുകൊണ്ട് സത്യനില്‍ നിന്നു കൂടി അനുവാദം തേടണമെന്നും ശ്രീനിവാസന്‍ അവരെ അറിയിച്ചെന്നുമാണ് വാര്‍ത്ത.
ദാസനും വിജയനു വീണ്ടും വെള്ളിത്തിരയിലെത്തുമോ? അതിന് അവസരം ലഭിക്കുന്നത് റാഫി മെക്കാര്‍ട്ടിനു തന്നെയാവുമോ?


Click it and Unblock the Notifications