നാടുവാഴികള്‍ ടീം വീണ്ടുമൊന്നിയ്ക്കുന്നു
ഓണത്തിന് തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ജോഷി ചിത്രമായ റണ്‍ ബേബി റണ്‍ സൂപ്പര്‍ഹിറ്റിലേക്ക് കുതിയ്ക്കുന്നതിനിടെയാണ് ഇവരുടെ തന്നെ പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നത്.
അഴിമതിക്കെതിരായ ഒരു പൗരന്റെ പ്രതിഷേധത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രത്തിന് 'ലോക്പാല്‍' എന്നാണ് പേര്. അണ്ണാ ഹസാരയും സംഘവും ലോക്പാല്‍ വിഷയത്തില്‍ പ്രതിഷേധസമരങ്ങള്‍ നടത്തിയതിന്റെ ഓര്‍മകള്‍ മാറുംമുമ്പെയാണ് അതേപേരിലൊരു സിനിമയും ഒരുങ്ങുന്നത്.
ക്രൈം ത്രില്ലര്‍ സ്‌ക്രിപ്റ്റുകളുടെ മാസ്റ്ററായ എസ്എന്‍ സ്വാമിയ്‌ക്കൊപ്പം മോഹന്‍ലാല്‍ ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്തയും മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.
ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹി നിര്‍മിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും ലോക്പാലിനുണ്ടാവും. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്.എല്‍ വിമല്‍കുമാര്‍, ബാലന്‍ വിജയന്‍, എം വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഹാപ്പി റൂബി സിനിമാസിന്റെ ബാനറില്‍ 'ലോക്പാല്‍' നിര്‍മ്മിക്കുന്നത്. ഹാപ്പി ആന്‍ഡ് റൂബി ഗ്രൂപ്പിന്റെ സ്ഥാപകരാണ് ബാലന്‍ വിജയനും എം വിജയകുമാറും.
ലോക്പാലിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരികയാണ്. സമീര്‍ താഹിര്‍ ക്യാമറ ചലിപ്പിയ്ക്കുന്ന ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് രതീഷ് വേഗയാണ്. റണ്‍ ബേബി റണ്ണിലെ ആറ്റുമണല്‍ പായയില്‍ എന്ന ഗാനം ഹിറ്റായതിന് പിന്നാലെയാണ് രതീഷ് വേഗ വീണ്ടുമൊരു മോഹന്‍ലാല്‍ സിനിമയ്ക്ക് ഈണമിടുന്നത്.
മേജര്‍ രവി ചിത്രമായ കര്‍മ്മയോദ്ധ പൂര്‍ത്തിയാക്കിയ ശേഷം ലോക്പാലിന്റെ ചിത്രീകരണം ആരംഭിക്കും. 2013ല്‍ ലാലിന്റെ ആദ്യ ചിത്രമായിട്ടായിരിക്കും ലോക്പാല്‍ തിയറ്ററുകളിലെത്തുക.


Click it and Unblock the Notifications
