പ്രകൃതിയെ പ്രണയിച്ചു ജീവിച്ച മനുഷ്യരുടെ കഥയുമായി നല്ല വിശേഷം! സിനിമ തിയ്യേറ്ററുകളിലേക്ക്
പ്രവാസി ഫിലിംസിന്റെ ബാനറില്‍ അജിതന്‍ സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് നല്ല വിശേഷം. പ്രകൃതിയെ പ്രണയിച്ചു ജീവിച്ച ഞവരൂര്‍ ഗ്രാമത്തിലെ സ്‌നേഹിക്കാന്‍ മാത്രമറിയുന്ന മനുഷ്യരുടെ കഥയാണ് സിനിമ പറയുന്നത്. ശ്രീജി ഗോപിനാഥനാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

ചിത്രത്തില്‍ കാശി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ സിനിമയുടെ കോ പ്രൊഡ്യൂസര്‍ കൂടിയാണ്. ശ്രീജി ഗോപിനാഥിനു പുറമെ ബിജു സോപാനം, ഇന്ദ്രന്‍സ്,ചെമ്പില്‍ അശോകന്‍,ബാലാജി,ദിനേശ് പണിക്കര്‍,ശശികുമാര്‍,കലാഭവന്‍ നാരായണന്‍കുട്ടി,തിരുമല രാമചന്ദ്രന്‍,രമേഷ് വലിയശാല,വളവില്‍ മധു,രമേഷ് ഗോപാല്‍,അനിഷ സീനു,അപര്‍ണ നായര്‍,രുക്മിണിയമ്മ,ശ്രീജ സ്റ്റെല്ലാരാജ,രെഞ്ചു,ആന്‍സി മാട്ടൂല്‍,അര്‍ച്ചന,വീണ കൊല്ലം,ബേബി വര്‍ഷ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
വിനോദ് വിശ്വന്‍ സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. തിരുവനന്തപുരവും പാലക്കാടും ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സിനിമയുടെ സ്ഥിരം ഫോര്‍മാറ്റില്‍നിന്നും മാറി സഞ്ചരിക്കുന്ന തരത്തിലാണ് നല്ല വിശേഷത്തിന്റെ കഥ പുരോഗമിക്കുന്നത്. നൂറുദ്ദീന്‍ ബാല ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന സിനിമയ്ക്ക് സുജിത് സഹദേവ് എഡിറ്റിങ് ചെയ്തിരിക്കുന്നു.
ഉഷ മേനോന്‍,സൂരജ് നായര്‍ എന്നിവരുടെ വരികള്‍ക്ക് സുരജ് നായര്‍,റെക്‌സ് തുടങ്ങിയവര്‍ സംഗീതമൊരുക്കിയിരിക്കുന്നു. നജീം അര്‍ഷാദ്,അമൃത ജയകുമാര്‍ എന്നിവരാണ് നല്ല വിശേഷത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സിനിമ ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications