നമിതയ്ക്ക് താല്‍പര്യം ഇംഗ്ലീഷിനോട്
സിനിമകളുടെ എണ്ണവും പ്രശസ്തിയും കൂടുമ്പോഴും വിദ്യാഭ്യാസത്തില്‍ പിന്നോക്കം പോകാതിരിക്കാന്‍ ശ്രദ്ധിക്കുന്നവരാണ് ഇന്നത്തെ യുവനടിമാരില്‍ ഏറെപ്പേരും. പലരും പരീക്ഷാക്കാലമാകുമ്പോള്‍ ചിത്രങ്ങളുടെ എണ്ണം കുറയ്ക്കുകയും കൃത്യസമയത്ത് ഇഷ്ടമുള്ള കോഴ്‌സുകള്‍ കണ്ടെത്തി ചേരാന്‍ സമയം കണ്ടെത്തുകയും ചെയ്യുന്നു. പണ്ടുകാലത്തേതുപോലെ സിനിമ, കല എന്നെല്ലാം പറഞ്ഞ് ആജീവനാന്തം ഒരേ നില്‍പ്പ് നില്‍ക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്ന് ചുരുക്കം.
യുവതാരം നമിതയും ഇക്കൂട്ടത്തിലാണ്. സിനിമയില്‍ കിട്ടുന്ന ചാന്‍സുകള്‍ നന്നായി ഉപയോഗപ്പെടുത്തുക. പഠനം ഗൗരവത്തോടുകൂടിത്തന്നെ മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് നമിതയുടെ രീതി.

ഇപ്പോള്‍ പന്ത്രണ്ടാംക്ലാസ് പരീക്ഷ എഴുതി ഫലംകാത്തിരിക്കുന്ന നമിതയ്ക്ക് ഇംഗ്ലീഷിനോടാണ് കൂടുതല്‍ താല്‍പര്യം. ഇംഗ്ലീഷ് ഐച്ഛികമായി എടുത്ത് ബിരുദപഠനം നടത്താനാണ് നമിതയുടെ അടുത്ത പ്ലാന്‍. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദ കോഴ്‌സിനായി കൊച്ചിയിലെ സെന്റ് തെരേസാസ് കോളെജില്‍ ചേരാനാണ് തനിയ്ക്കാഗ്രഹമെന്ന് നമിത പറയുന്നു. സെന്റ് തെരേസാസ് ശരിയ്ക്കും പറഞ്ഞാല്‍ ഒരു സ്റ്റാര്‍ കോളെജാണ്. മലയാളത്തിലെ പല നടിമാരും അവിടെനിന്നും പഠിച്ചിറങ്ങിയവരാണ്, ചിലര്‍ ഇപ്പോള്‍ അവിടെ വിദ്യാര്‍ത്ഥികളാണ്.
ഇതിനെല്ലാമുള്ള സൗകര്യം നോക്കി നമിത തിരുവനന്തപുരത്തുനിന്നും അടുത്തിടെ എറണാകുളത്തേയ്ക്ക് താമസം മാറ്റിയിട്ടുണ്ട്.
പരീക്ഷയെല്ലാം കഴിഞ്ഞ് ഇപ്പോള്‍ ഒരു റിലാക്‌സ് മൂഡിലാണ് നമിത. ഒഴിവുകാലം ആഘോഷമാക്കാനാണെങ്കില്‍ കൈനിറയെ ചിത്രങ്ങളുമുണ്ട്. കൂടാതെ ഒന്നിലേറെ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുകയും ചെയ്യുന്നു.
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ലോ പോയിന്റാണ് റിലീസിന് തയ്യാറായിരിക്കുന്ന ഒരു ചിത്രം. ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. അതിന് ശേഷം ദിലീപ് നായകനാകുന്ന ഒരു കോമഡി ചിത്രവും നമിതയുടെ കയ്യിലുണ്ട്. ഓണം ലക്ഷ്യം വച്ച് ഒരുക്കുന്ന ദിലീപ് ചിത്രമാണിത്.


Click it and Unblock the Notifications











