അഭിമന്യുവിന്റെ ജീവിതം ജൂണിൽ വെളളിത്തിരയിൽ എത്തുന്നു! നാൻ പെറ്റ മകൻ, പോസ്റ്റർ പുറത്ത്...
ജനങ്ങളുടെ മനസ്സിനെ ഏറെ പിടിച്ചു കുലുക്കിയ ഒരു മരണമായിരുന്നു അഭിമന്യൂവിന്റേത്. എറണാകുളം മഹാരാജാസ് കോളേജിലെ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യൂവിന്റെ ജീവിതകഥ പറയുന്ന ചിത്രം നാൻ പെറ്റ മകൻ ജൂണിൽ പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററും അണിയ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.

ആറടി എന്ന ചിത്രത്തിന്റെ സംവിധായകൻ സിജി എസ് പാലമേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 2012 ലെ ഏറ്റവും മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മിനോണാണ് അഭിമന്യൂ ആയി എത്തുന്നത്. ശ്രീനിവാസൻ, സിദ്ധാർത്ഥ് ശിവ, മുത്ത് മണി, അനന്ത് ജയചന്ദ്രൻ, സരയൂ, ജോയ് മാത്യൂ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. റെഡ്സ്റ്റാർ മൂവീസാണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞ വർഷം കേരള ജനതയുടെ മനസ്സിനെ ഏറെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു മഹാരാജാസ് കോളേജ് വിദ്യാർഥിയായ അഭിമന്യൂവിന്റെ മരണം. മകന്റെ ചേതനയറ്റ ശരീരത്തിന് അരുകിൽ നിന്ന് അലമുറയിട്ട് കരയുന്ന ആ അമ്മയുടെ മുഖം ഇന്നും മലയാളി ജനങ്ങളുടെ മനസ്സിലുണ്ട്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത് ധനകാര്യ മന്ത്രി ഡോ തോമസ് ഐസക്ക് ആയിരുന്നു. സമീപകാലത്ത് കേരളം ഏറ്റുവാങ്ങിയ വലിയ നൊമ്പരമായ അഭിമന്യുവിന്റേയും, അപാരമായ ഉൾക്കരുത്തോടെ, രക്തസാക്ഷിയായി ജീവിച്ച് മറഞ്ഞ സഖാവ് സൈമൺ ബ്രിട്ടോയുടേയും ജീവിതയാത്രകൾ പരാമർശിക്കുന്ന ഈ സിനിമ അവരുയർത്തിയ മാനവികതയുടെ ശബ്ദം മലയാളികളുടെ മനസ്സിൽ എക്കാലവും മായാതെ നിൽക്കാൻ ഉപകരിക്കുമെന്ന് പ്രത്യാശിക്കാം.അഭിമന്യുവിന്റെ ധീരസ്മരണയ്ക്കു മുന്നിൽ രക്താഭിവാദ്യങ്ങളർപ്പിച്ചു കൊണ്ട് 'നാൻ പെറ്റ മകൻ' സിനിമയുടെ 'ഫസ്റ്റ് ലുക്ക് പോസ്റ്റർ ' ഞാൻ പ്രകാശനം ചെയ്യുന്നു- എന്ന് കുറിച്ചു കൊണ്ടായിരുന്നു മന്ത്രി അന്ന് പോസ്റ്റർ പ്രകാശനം ചെയ്തത്.


Click it and Unblock the Notifications











