ശ്യാമപ്രസാദിനെയും ഭരിക്കുന്ന നിവിന്‍, ഇത്തരക്കാര്‍ മലയാള സിനിമയ്ക്ക് ശാപം; വൈറലാകുന്ന പോസ്റ്റ്
ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും എന്തിനേറെ ചാനലുകള്‍ പോലും വരുന്നതിന് മുന്‍പ് സിനിമാ ലോകത്തെ വിശേഷങ്ങള്‍ മലയാളികള്‍ അറിഞ്ഞത് നാനയിലൂടെയാണ്. 1972 മുതല്‍ സിനിമാ ലോകത്തെ വിശേങ്ങളെല്ലാം സത്യസന്ധമായി ലോകത്തെ അറിയിച്ച മാസിക. എന്നാല്‍ പുതിയ തലമുറക്കാരില്‍ നിന്ന് മോശമായ അനുഭവമാണ് ഉണ്ടാവുന്നത് എന്ന് നാന.
നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പോയപ്പോള്‍ ഉണ്ടായ ദുരനുഭവത്തെ കുറിച്ച് നാന വീക്കിലി ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് വൈറലാകുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേ ജൂഡ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. ശ്യാമപ്രസാദിനെ പോലും ഭരിക്കുന്ന സ്വഭാവമാണത്രെ നിവിന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്ന് വായിക്കാം.

ലൊക്കേഷനിലെത്തിയത്
ഹേ ജൂഡിന്റെ ലൊക്കേഷന്‍ എറണാകുളത്തേക്ക് ഷിഫ്റ്റ് ചെയ്തപ്പോള്‍, നിര്‍മാതാവ് അനില്‍ അമ്പലക്കരയുടെയും നിര്‍ദ്ദേശപ്രകാരമാണ് നാനയുടെ ക്യാമറ മാനും റിപ്പോര്‍ട്ടരും ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയത്. ചെറായി ബീച്ചിലെത്തിയ മാധ്യമപ്രവര്‍ത്തകരെ ശ്യാമപ്രസാദ് ഹസ്തദാനത്തോടെ സ്വീകരിയ്ക്കകയും സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

നിവിന്‍ പോളി വന്നപ്പോള്‍
അധികം വൈകാതെ തൃഷയും നിവിന്‍ പോളിയും സെറ്റിലെത്തി. ഒരു ബ്രേക്കിനിടെ നാനയുടെ ഫോട്ടോഗ്രാഫര്‍, നിവിന്റെ പടമെടുക്കാന്‍ ഒരുങ്ങി. പെട്ടെന്ന് നിവിന്‍ വിലക്കി. 'ചേട്ടാ പടത്തിന്റെ ഒരു സ്റ്റില്‍സുപോലും ഇതുവരെ കൊടുത്തിട്ടില്ല. അതുകൊണ്ട് പടമെടുക്കരുത്.' അദ്ദേഹം ക്യാമറ താഴ്ത്തി. അല്‍പ്പം നിരാശയോടെ. ഞങ്ങളെ വിളിച്ച ചിത്രത്തിന്റെ നിര്‍മ്മാതാവ് അനില്‍ തൊട്ടടുത്തുണ്ട്. നിവിന്റെ നിസ്സഹകരണം അറിഞ്ഞ് അദ്ദേഹത്തിന്റെ മുഖത്തും കരിനിഴല്‍ വീണു.

തൃഷയുടെ മാനേജര്‍ വന്നു
ഒരല്‍പ്പം കഴിഞ്ഞില്ല, ഞങ്ങളുടെ അടുത്തേയ്ക്ക് തൃഷയുടെ മാനേജര്‍ എത്തി. തൊട്ടുമുമ്പുവരെയും അയാള്‍ തൃഷയ്ക്കും നിവിനുമൊപ്പമുണ്ടായിരുന്നു. വന്നപാടെ അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു. 'നിവിനും തൃഷയും ഒരുമിച്ച് ഒരു തീരുമാനമെടുത്തിരിക്കുകയാണ്. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതേവരെ പുറത്തിറങ്ങിയിട്ടില്ല. അതിറങ്ങിയ ശേഷം, അവര്‍ ഒരുമിച്ചുള്ള പടം പുറത്തുവിട്ടാല്‍ മതിയെന്നാണ് പറയുന്നത്. എന്നുമാത്രമല്ല തൃഷ അണിഞ്ഞിരിക്കുന്ന ഗൗണും അത്ര നല്ലതല്ല. ചുണ്ടില്‍ ആവശ്യത്തിലധികം ലിപ്സ്റ്റിക്കുമുണ്ട്. അതുകൊണ്ട് പടമെടുക്കരുത്.' ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.

സംവിധായകനോട് പറഞ്ഞപ്പോള്‍
വിവരം സംവിധായകനെ ധരിപ്പിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ക്കൊപ്പം നിര്‍മ്മാതാവ് അനിലും വന്നു. ശ്യാമപ്രസാദിനെകണ്ട് കാര്യം പറഞ്ഞു. 'ഇന്നത്തെ തലമുറയല്ലേ. അവര്‍ക്ക് ചില താല്‍പ്പര്യങ്ങളും രീതികളുമുണ്ട്. അവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍പോലും എഫക്ട്‌സൊക്കെ ചെയ്ത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കാനാണ് ഇഷ്ടം. എങ്കിലും നമുക്കൊന്ന് വെയിറ്റ് ചെയ്യാം. അവര്‍ ഒന്ന് സെറ്റിലാകട്ടെ.' ശ്യാം പറഞ്ഞു.

നിവിന്റെ മറുപടി
ഞങ്ങള്‍ കാത്തിരുന്നു. സമയം പോകുന്നതല്ലാതെ തീരുമാനങ്ങളൊന്നുമുണ്ടാകുന്നില്ല. ഞങ്ങള്‍ വീണ്ടും ശ്യാമിനെ സമീപിച്ചിട്ടുപറഞ്ഞു. 'നിവിനോട് നേരിട്ട് കാര്യങ്ങള്‍ ചോദിക്കാന്‍ പോകുകയാണ്. എന്നിട്ടെന്ത് വേണമെന്ന് തീരുമാനിക്കാം.' ശരിയെന്ന് ശ്യാമും പറഞ്ഞു. നിവിനെ കണ്ട് ഫോട്ടോയെടുക്കാന്‍ കഴിയുമോയെന്ന് തിരക്കി. അപ്പോള്‍ നിവിന്റെ മറുപടി ഇങ്ങനെ. 'ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയിട്ട് ഞങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോ വന്നാല്‍ മതിയെന്നുള്ളത് ഡയറക്ടറുടെ തീരുമാനമാണ്.'

ഞാനങ്ങനെ പറഞ്ഞിട്ടില്ല
'ഡയറക്ടര്‍ സമ്മതിക്കുന്നില്ലെന്നാണല്ലോ നിവിന്‍ പറഞ്ഞത്' എന്ന് ശ്യാമപ്രസാദിനോട് പറഞ്ഞപ്പോള്‍, 'ഞാനങ്ങനെപറഞ്ഞിട്ടില്ല. പക്ഷേ എന്തുചെയ്യാന്‍ പറ്റും. ഇന്നത്തെ കുട്ടികള്‍ അങ്ങനെയായിപ്പോയില്ലേ? അവര്‍ക്കൊപ്പം ഞാനും നില്‍ക്കുന്നുണ്ടെന്നൊരു തോന്നല്‍ ഉണ്ടാക്കണമല്ലോ.' നിസ്സഹായത നിറഞ്ഞതായിരുന്നു ശ്യാമപ്രസാദിന്റെ മറുപടി. പിന്നൊരു കലഹത്തിന് ഞങ്ങളും നിന്നില്ല. സന്തോഷപൂര്‍വ്വം അവിടെനിന്ന് യാത്ര പറഞ്ഞിറങ്ങി.

നിവിന്റെ ഇരട്ട മുഖം
ആദ്യം ഫോട്ടോയെടുക്കരുതെന്ന് ഫോട്ടോഗ്രാഫറെ വിലക്കുന്ന നിവിന്‍ അതിന് കാരണമായി പറഞ്ഞത് ചിത്രത്തിന്റെ സ്റ്റില്‍സുകളൊന്നും പുറത്തുപോയിട്ടില്ലെന്നാണ്. എന്നാല്‍ സത്യം അതല്ല. അതിന്റെ തലേദിവസം തന്നെ നാനയടക്കമുള്ള പത്രമാധ്യമങ്ങളിലേക്ക് ഹേ ജൂഡിന്റെ ചിത്രങ്ങളും മാറ്ററുകളും പി.ആര്‍.ഒ വഴി എത്തിയിരുന്നു. കഴിഞ്ഞയാഴ്ച അത് അച്ചടിച്ചുവരികയും ചെയ്തു. ഇതും പോരാഞ്ഞിട്ടാണ് നിവിന്‍, തൃഷയുടെ മാനേജരെ ദൂതനായി ഞങ്ങളുടെ അടുത്തേയ്ക്ക് അയച്ചത്. തൃഷയും നിവിനും കൂടി ചേര്‍ന്നെടുത്ത തീരുമാനമെന്ന നിലയ്ക്കാണ് അയാള്‍ ഞങ്ങളോട് കാര്യങ്ങള്‍ പറഞ്ഞതും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നശേഷം അവരുടെ പടമെടുത്താല്‍ മതിയത്രെ. പിന്നീട് ഇത് ക്ലാരിഫൈ ചെയ്യാന്‍ ചെന്ന ഞങ്ങളോട് നിവിന്‍ പറഞ്ഞത് സംവിധായകന്‍ സമ്മതിക്കാത്തതുകൊണ്ട് ഫോട്ടോയ്ക്ക് പോസുചെയ്യുന്നില്ലെന്നാണ്. അക്കാര്യം പിന്നീട് ശ്യാം തന്നെ നിഷേധിച്ചതോടെ പുറത്തുവന്നത് നിവിന്‍ എന്ന കലാകാരന്റെ ഇരട്ടമുഖമാണ്.

തൃഷയുടെ മനസ്സ് മാറ്റിയതാര്
ഫോട്ടോയ്ക്ക് പോസ് ചെയ്യില്ലെന്ന് തൃഷ പറഞ്ഞില്ല. നിര്‍മ്മാതാവ് പറഞ്ഞതനുസരിച്ച് അവര്‍ ഫോട്ടോയെടുക്കാന്‍ അവര്‍ തയ്യാറുമായിരുന്നു. പക്ഷേ തൃഷയുടെ മനസ്സ് മാറ്റിച്ചത് ആരായിരുന്നു?

ശാന്തികൃഷ്ണ പറഞ്ഞത്
അടുത്തിടെ ഈ താരം തന്നെ നിര്‍മ്മിച്ച ഒരു ചിത്രമുണ്ട് 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.' അതില്‍ ഈ നടന്റെ അമ്മ വേഷം ചെയ്തത് ശാന്തികൃഷ്ണയാണ്. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ നാളില്‍ ഒരിക്കല്‍ ശാന്തികൃഷ്ണയെ കാണാന്‍ ഞങ്ങള്‍ പോയി. ഫോട്ടോഷൂട്ടിന്റെ കാര്യം ചര്‍ച്ചാവിഷയമായപ്പോള്‍ അവര്‍ പറഞ്ഞത് 'ഈ സിനിമ റിലീസായതിന് ശേഷം മാത്രം ഫോട്ടോയ്ക്ക് പോസ് ചെയ്യാവൂ എന്ന് നിവിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നാണ്.' എന്നാണ്.

ശ്യാമപ്രസാദ് കീവടങ്ങിയോ
സെറ്റ് കവര്‍ ചെയ്യേണ്ട എന്ന തീരുമാനം ശ്യാമിനും ഉണ്ടായിരുന്നില്ല. കാരണം അങ്ങനെയൊരു ഉദ്ദേശം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ അത് മുന്‍കൂട്ടി ഞങ്ങളോട് പറയുമായിരുന്നു. ഞങ്ങള്‍ക്ക് അതിന് അനുഭവവുമുണ്ട്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളും കവര്‍ ചെയ്യാനനുവദിച്ച സംവിധായകനാണദ്ദേഹം. ആകെ ഒരു നിയന്ത്രണം പറഞ്ഞത് 'ഒരേ കടല്‍', 'അകലേ' എന്നീ രണ്ട് സിനിമകളുടെ ലൊക്കേഷനില്‍ എത്തിയപ്പോള്‍ മാത്രമായിരുന്നു. ഈ കുലീനത്വം കാണിച്ച ശ്യാം പോലും നിവിന് മുന്നില്‍ കീഴടങ്ങുന്നതുകണ്ടപ്പോള്‍ സഹതാപമാണ് തോന്നിയത്.

ഇത് ആപത്താണ്
സിനിമയുടെ അന്തിമവാക്ക് എന്നും സംവിധായകന്‍ തന്നെയായിരിക്കണം. അയാളുടെ തീരുമാനങ്ങളും ഇഷ്ടങ്ങളും വേണം അവിടെ നടപ്പിലാക്കാന്‍. ഇനി ഇതിന് എല്ലാത്തിനും മുകളില്‍ ഒരാളുണ്ട്. പണ്ട് മുതലാളിമാര്‍ എന്ന ആദരവോടെ, വിശിഷ്ടമായ സ്ഥാനം നല്‍കി മലയാളസിനിമയെന്നല്ല ആ ഇന്‍ഡസ്ട്രി മുഴുവനായും അംഗീകരിച്ച് ബഹുമാനിച്ചിരുന്ന ഒരു കൂട്ടരുണ്ട് നിര്‍മ്മാതാക്കള്‍. അവരെപ്പോലും നിശബ്ദരാക്കാന്‍ പാകത്തില്‍ ഒരു നടന്‍ വളര്‍ന്നുവെങ്കില്‍ അതൊരു ആപല്‍സൂചനയാണ്. അത്തരക്കാര്‍ മലയാളസിനിമയ്ക്ക് ഒരു ശാപവുമാണ്- നാന എഴുതി


Click it and Unblock the Notifications