മമ്മൂട്ടിക്ക് മുന്നിലുള്ള വെല്ലുവിളി നിസ്സാരമല്ല! ഫഹദും സൗബിനും മാത്രമല്ല അന്യഭാഷാ താരങ്ങളുമുണ്ട്!
Recommended Video
സംസ്ഥാന അവാര്‍ഡിന് പിന്നാലെയായി ദേശീയ അവാര്‍ഡ് പ്രഖ്യാപനവും എത്താറുണ്ട്. ലോകസഭ തിരഞ്ഞെടുപ്പ് കാരണം ഇത്തവണ വൈകിയാണ് ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. വാര്‍ത്താവിതരണ വകുപ്പ് മന്ത്രിയായി പ്രകാശ് ജാവേദ്കറിനെ നിയമിച്ചതിന് പിന്നാലെയായാണ് പുരസ്‌കാര പ്രഖ്യാപനവും അധികം വൈകാതെ തന്നെ നടന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും എത്തിയിട്ടുള്ളത്. മമ്മൂട്ടിയിലൂടെ മികച്ച നടനുള്ള പുരസ്‌കാരം കേരളത്തിലേക്കെത്തുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. റാമിനൊപ്പമുള്ള വരവ് വെറുതെയാവില്ലെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. റിലീസിന് മുന്‍പ് തന്നെ തരംഗമായി മാറിയിരുന്നു പേരന്‍പ്. നിരവധി ചലച്ചിത്ര മേളകളില്‍ മാറ്റുരച്ച സിനിമയ്ക്ക് മികച്ച നിരൂപക പ്രശംസയായിരുന്നു ലഭിച്ചത്.
നേരത്തെ മൂന്ന് തവണ മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചിരുന്നു. 19 തവണ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നുവെങ്കിലും അവസാനനിമിഷം പാഴായി പോവുകയായിരുന്നു. 1989, 1994, 1999 ഈ വര്‍ഷങ്ങളിലായാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. മോഹന്‍ലാലിനാണ് കുടൂതല്‍ തവണ പുരസ്‌കാരമെങ്കിലും മികച്ച നടന്‍ എന്ന വിഭാഗത്തില്‍ 2 തവണയാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. മമ്മൂട്ടിയുടെ കരിയര്‍ ബ്രേക്ക് സിനിമയായി മാറിയ പേരന്‍പിലൂടെ അദ്ദേഹത്തിന് ദേശീയ അവാര്‍ഡും ലഭിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. ബെസ്റ്റ് ആക്ടര്‍ നോമിനേഷന്‍ ലിസ്റ്റ് പുറത്തുവന്നിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്.

മമ്മൂട്ടി ലിസ്റ്റിലുണ്ടോ?
മികച്ച നടനുള്ള നോമിനേഷന്‍ ലിസ്്റ്റ് പുറത്തുവന്നിട്ടുണ്ടെന്നും ആ ലിസ്റ്റില്‍ മമ്മൂക്കയുണ്ടോയെന്നുമായിരുന്നു ആരാധകര്‍ ചോദിച്ചിരുന്നത്. നിരവധി പേരാണ് ഇത്തരത്തിലുള്ള ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുന്നത്. ഗജ്രാജ് റാവു(ബധായി ഹോ), റിഷി കപൂര്‍(മുല്‍ക്), രാജ് കുമാര്‍ റാവു(ഒമര്‍താ) തുടങ്ങിയവരും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മമ്മൂട്ടി ലിസ്റ്റിലുണ്ടെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. എന്നാല്‍ അന്തിമ തീരുമാനം എന്തായിരിക്കുമെന്ന ആശങ്കയും ആരാധകരെ അലട്ടുന്നുണ്ട്.

മലയാളത്തില്‍ നിന്നും വേറെയും താരങ്ങള്‍
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ സൗബിന്‍ ഷാഹിറും, കാര്‍ബണിലൂടെ ഫഹദ് ഫാസിലും ഒടിയനിലൂടെ മോഹന്‍ലാലും ഈ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ടെന്നുള്ള വിവരമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. മികച്ച നടനായി പരിഗണിച്ചില്ലെങ്കില്‍ പ്രത്യേക പരാമര്‍ശത്തിനായി സൗബിനെ പരിഗണിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഇത്തവണ സംസ്ഥാന അവാര്‍ഡില്‍ സൗബിന്‍ തിളങ്ങിയിരുന്നു. അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ മികവ് തെളിയിച്ച സൗബിനും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

മികച്ച നടന്‍ ആരായിരിക്കും?
മമ്മൂട്ടിയെക്കൂടാതെ സാധന, സംവിധായകന്‍ റാം, മികച്ച സിനിമ തുടങ്ങിയ വിഭാഗങ്ങളിലും പേരന്‍പ് മാറ്റുരയ്ക്കുന്നുണ്ട്. നേരത്തെ തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട് സാധന. പേരന്‍പിലെ പാപ്പയിലൂടെ താരത്തെ തേടി രണ്ടാമത്തെ പുരസ്‌കാരം എത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്. മികച്ച നടനായി മമ്മൂട്ടിയെയാണ് ആരാധകര്‍ വിലയിരുത്തുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള പ്രവചനങ്ങള്‍ ഫലിക്കാറില്ല.

നേരത്തെയും തഴഞ്ഞിട്ടുണ്ട്
നേരത്തെ നിരവധി തവണ മമ്മൂട്ടി ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. മമ്മൂട്ടിയുണ്ടോ എങ്കില്‍ ഇനി നോക്കണ്ടെന്നാണ് അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവര്‍ പറയാറുള്ളത്. കപ്പിനും ചുണ്ടിനും ഇടയില്‍ വെച്ച് പുരസ്‌കാരം നഷ്ടമായ അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇത്തവണയും അത്തരത്തിലാവുമോ അദ്ദേഹത്തിന്റെ അവസ്ഥയെന്നാണ് ആരാധകരുടെ ചോദ്യം.

ഉറ്റുനോക്കുന്ന പ്രഖ്യാപനം
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന പ്രഖ്യാപനങ്ങളിലൊന്ന് കൂടിയാണിത്. തിരഞ്ഞെടുപ്പിനെത്തുടര്‍ന്നാണ് പുരസ്‌കാര പ്രഖ്യാപനം വൈകിയത്. ആരൊക്കെയായിരിക്കും ഇത്തവണ തിളങ്ങുന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി മമ്മൂട്ടിക്ക് തമിഴില്‍ നിന്നാണ് നോമിനേഷനുള്ളത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു അദ്ദേഹം തമിഴില്‍ എത്തിയത്. തെലുങ്ക് ചിത്രമായ യാത്രയുടെ സെന്‍സറിംഗ് പൂര്‍ത്തിയായത് 2019ലായിരുന്നു. അതിനാല്‍ ഈ ചിത്രത്തെ പരിഗണിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.


Click it and Unblock the Notifications