ഇരട്ടക്കുഞ്ഞുങ്ങളെ ഒരുപോലെ ഒരുക്കി നയൻതാര; നെഞ്ചോട് ചേർത്ത് അമ്മയും അച്ഛനും; ചിത്രങ്ങൾ വൈറൽ
ഉയിരിന്റെയും ഉലകത്തിന്റെയും മുഖം ഇതുവരെ നയൻസും വിഘ്നേശും ആരാധകരെ കാണിച്ചിട്ടില്ല. കുഞ്ഞുങ്ങളുടെ സ്വകാര്യത മാനിച്ചാണ് തീരുമാനം. ഉയിർ, ഉലകം എന്നിങ്ങനെയാണ് കുട്ടികളുടെ പേര്.
മലയാള സിനിമയിൽ നിന്നു മറു ഭാഷകളിലേക്കെത്തി ശ്രദ്ധ നേടിയ നിരവധി നടിമാരുണ്ട്. എന്നാൽ മലയാളത്തിൽ നിന്നും പോയി മറ്റൊരു ഭാഷയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറിയ താരമാണ് നയൻതാര. കരിയർ ഗ്രാഫിൽ തെന്നിന്ത്യയിൽ മറ്റൊരു നടിക്കും നേടിയെടുക്കാൻ പറ്റാത്ത നേട്ടങ്ങളും ഖ്യാതികളും നയൻതാര സ്വന്തമാക്കി. പേരിലെ താരയെ പോലെ തന്നെ ജീവിതത്തിലും നയൻ മിന്നും താരമായി.
മനസ്സിനക്കരെ, വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ്, രാപ്പകൽ തുടങ്ങിയ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടാൻ നയൻതാരയ്ക്ക് കഴിഞ്ഞെങ്കിലും അധിക കാലം നയൻസിനെ മലയാളത്തിൽ കണ്ടില്ല.
മികച്ച പ്രതിഫലം, നല്ല അവസരങ്ങൾ, താരമൂല്യം എന്നിവ ലഭിച്ചതോടെ തമിഴകത്തേക്ക് നയൻസ് ശ്രദ്ധ തിരിച്ചു. മലയാളത്തിൽ പിന്നീട് ചുരുക്കം സിനിനിമകളിലേ നയൻതാര അഭിനയിച്ചിട്ടുള്ളൂ.
തമിഴകത്ത് രജിനികാന്ത്, വിജയ്, അജിത്ത് തുടങ്ങിയ സൂപ്പർ സ്റ്റാറുകളുടെ നായികയാവാൻ തുടക്ക കാലത്ത് തന്നെ നയൻതാരയ്ക്ക് കഴിഞ്ഞു. രജിനികാന്തിന്റെ നായികയായി ഒന്നിലധികം തവണ അഭിനയിച്ച നടിയും നയൻസാണ്. അന്നും നയൻതാരയ്ക്കുള്ള താരമൂല്യത്തിന് കുറവൊന്നുമില്ല.

ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്ക് നയൻസ് ഉയരുന്നത് കുറച്ച് കാലത്തിന് ശേഷമാണ്. മായ, രാജ റാണി, തനി ഒരുവൻ, ഇരുമുഖൻ, ഇമ്മൈഗ നൊടികൾ തുടങ്ങിയ ഹിറ്റുകളുടെ നിര തന്നെ നടി സൃഷ്ടിച്ചതോടെ ആരാധകർ തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാറായി നയൻതാരയെ വാഴ്ത്തി. ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം കൈപറ്റുന്ന തെന്നിന്ത്യൻ നടി നയൻതാരയാണ്.
കഴിഞ്ഞ വർഷത്തോടെയാണ് നടി കുടുംബ ജീവിതത്തിലേക്ക് കടന്നത്. സംവിധായകൻ വിഘ്നേശ് ശിവനെയാണ് നയൻസ് വിവാഹം കഴിച്ചത്. 2022 ജൂൺ മാസത്തിലായിരുന്നു വിവാഹം. പിന്നാലെ ഇരുവർക്കും ഇരട്ടക്കുട്ടികളും പിറന്നു. ഉയിർ, ഉലകം എന്നാണ് കുട്ടികൾക്ക് നൽകിയിരിക്കുന്ന പേര്.

കുട്ടികളുടെ മുഖം ഇതുവരെ താര ദമ്പതികൾ സോഷ്യൽ മീഡിയയിൽ കാണിച്ചിട്ടില്ല. ഇപ്പോഴിതാ നയൻതാരയും വിഘ്നേശും കുഞ്ഞുങ്ങളോടൊപ്പം പുറത്തിറങ്ങിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
മുംബൈയിൽ നിന്നും ചെന്നെെയിലേക്ക് പോവുകയായിരുന്നു നയൻസും കുടുംബവും. ജവാൻ എന്ന സിനിമയുടെ അവസാന ഭാഗത്തെ ഷൂട്ടിനായി 9 ദിവസത്തേക്ക് മുംബൈയിലെത്തിയതായിരുന്നു നയൻതാര. ഒരു കുഞ്ഞിനെ വിഘ്നേശും ഒരു കുഞ്ഞിനെ നയൻതാരയും കൈയിലേന്തി.
കുഞ്ഞുങ്ങളുടെ മുഖം താര ദമ്പതികൾ മറച്ചു പിടിച്ചു. ഒരേപോലുള്ള വസത്രങ്ങളാണ് കുഞ്ഞുങ്ങളെ ധരിപ്പിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ മുഖം നിലവിലെ മാധ്യമങ്ങളെ കാണിക്കേണ്ടെന്ന തീരുമാനത്തിലാണ് താരം. നേരത്തെ വാടക ഗർഭധാരണമെന്ന കാരണത്താൽ താര ദമ്പതികൾക്കെതിരെ സൈബറാക്രമണം വന്നിരുന്നു.

വാടക ഗർഭ ധാരണത്തിലൂടെ കുട്ടികളെ സ്വീകരിച്ച തെന്നിന്ത്യൻ താരങ്ങൾ കുറവാണ്. അതിനാൽ തന്നെ വിഷയം സിനിമാ ലോകത്ത് വലിയ ചർച്ചയായി. എന്നാൽ ഇതിനോടൊന്നും താര ദമ്പതികൾ പ്രതികരിച്ചില്ല. ആഘോഷ ദിവസങ്ങൾ കുഞ്ഞുങ്ങൾക്കൊപ്പമുള്ള ഫോട്ടോ വിഘ്നേശ് ശിവൻ പങ്കുവെക്കാറുണ്ട്. എന്നാൽ ഫോട്ടോകളിൽ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം മറയ്ക്കാറാണ് പതിവ്.
ഷാരൂഖ് ഖാനാണ് നയൻസിന്റെ പുതിയ സിനിമ ജവാനിലെ നായകൻ. അറ്റ്ലിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കണക്ട് എന്ന സിനിമയാണ് നയൻതാരയുടേതായി പുറത്തിറങ്ങിയത്. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തിൽ പുറത്തിറങ്ങിയ ഗോൾഡും പരാജയപ്പെട്ടു. കരിയറിൽ ഒരു ഹിറ്റ് സിനിമ നിലവിൽ നടിക്ക് അനിവാര്യമായിരിക്കുകയാണ്.
തുടർച്ചയായി സിനിമകൾ പരാജയപ്പെടുന്നത് നടിയുടെ താരമൂല്യത്തെ ബാധിക്കുന്നെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് വെറും അഭ്യൂഹങ്ങളാണെന്നും സൂചനയുണ്ട്. നടിയുടെ മറ്റ് ബിജ് ബജറ്റ് സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications