നയന്‍താര നന്നായി മലയാളം സംസാരിക്കും: സിദ്ദിഖ്
മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്തുകയാണ് നയന്‍താര. ഒരു ബാഹ്യ സമ്മര്‍ദ്ദവും കൂടാതെയാണ് നയന്‍താരയെ ചിത്രത്തിലെ കഥാപാത്രമായി തിരഞ്ഞെടുത്തതെന്ന് സിദ്ദിഖ് നേരത്തെയും പറഞ്ഞതാണ്. ആ കഥാപാത്രമായി ആദ്യം മുതല്‍ പരിഗണിച്ചത് നയന്‍താരയെ മാത്രമാണെന്ന് സിദ്ദിഖ് പറഞ്ഞു.
നയന്‍താരയുടെ മനസ്സില്‍ സിനിമ മാത്രമാണുള്ളതെന്നും സിദ്ദിഖ് പറയുന്നു. ജോലിയോടുള്ള നയന്‍താരയുടെ ആത്മാര്‍ത്ഥതയെ കുറിച്ചും സിദ്ദിഖിന് നല്ല അഭിപ്രായമാണ്. സ്‌റ്റേജ് ഷോകളിലോ ഉദ്ഘാടന ചടങ്ങുകളിലോ ഒന്നും നയന്‍താര പങ്കെടുക്കാറില്ല. അതുകൊണ്ട് തന്നെ ഷൂട്ടിങ് സമയത്ത് കൃത്യ സമയത്ത് നയന്‍ മേക്കപ്പോടു കൂടെ എത്തും. ഷൂട്ടിങ് കഴിഞ്ഞാല്‍ മറ്റ് താരങ്ങളെ പോലെ കാരവാനില്‍ പോയിരിക്കില്ല. സിനിമയെ നിരീക്ഷിച്ച് ലൊക്കേഷനില്‍ തന്നെയുണ്ടാവും- സിദ്ദിഖ് പറഞ്ഞു.

ഒരു നിമിഷം പോലും നയന്‍താര വെറുതെ പാഴാക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും സിദ്ദിഖ് പറയുന്നു. ശരിക്കും അത് തനിയ്ക്ക് സര്‍പ്രൈസ് ആയിരുന്നു. നയന്‍താരയുടെ രാജാറാണിയിലെ അഭിനയത്തെ കുറിച്ചും സിദ്ദിഖ് വാചാലനായി. ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിലെ വേഷം തനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടതാണെന്ന് നയന്‍ സിദ്ദിഖിനോട് പറഞ്ഞിട്ടുണ്ടത്രെ. തമിഴില്‍ നല്ല തിരക്കുള്ളപ്പോഴാണ് ഞാന്‍ നയന്‍താരയെ വിളിച്ചത്. എന്നാല്‍ കഥ കേട്ട് കഥാപാത്രത്തെ ഇഷ്ടപ്പെട്ട നയന്‍ അഭിനയിക്കാന്‍ തയ്യാറാകുകയിയിരുന്നു- സിദ്ദിഖ് പറഞ്ഞു.
ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നതും നയന്‍താര തന്നെയാണ്. മലയാളിയാണെങ്കിലും തെന്നിന്ത്യയിലൊക്കെ പോയി വന്ന നായികമാര്‍ മലയാളത്തില്‍ സംസാരിക്കാന്‍ പ്രയാസപ്പെടും. എന്നാല്‍ നയന്‍താര നന്നായി മലയാളം സംസാരിക്കുന്നുണ്ടെന്നാണ് സിദ്ദിഖ് പറയുന്നത്. കഥാപാത്രത്തിന്റെ ഇമോഷനോടെ ഡബ്ബ് ചെയ്യാന്‍ കഴിയമോ എന്ന് നയന്‍സിന് ഉറപ്പുണ്ടായിരുന്നില്ല. എന്നാല്‍ സിദ്ദിഖും മമ്മൂട്ടിയും പറഞ്ഞപ്പോള്‍ തയ്യാറാവുകയായിരുന്നത്രെ.


Click it and Unblock the Notifications