തിരിച്ചുവരവില്‍ തിളങ്ങി നസ്രിയാ ഫഹദ്! 'കൂടെ' ടീസര്‍ പുറത്ത്! കാണൂ
ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതല്‍ അഞ്ജലി മേനോന്‍ കൂടെ എന്ന ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ചിത്രീകരണം നേരത്തെ പൂര്‍ത്തിയായെങ്കിലും അടുത്തിടെയായിരുന്നു ചിത്രത്തിന് പേരിട്ടതായി സംവിധായക അറിയിച്ചിരുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സും ഉസ്താദ് ഹോട്ടലും തന്ന ആവേശമാണ് അഞ്ജലിയുടെ പുതിയ ചിത്രം കാണുന്നതിലേക്കും പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്.
അഞ്ജലിയുടെ ചിത്രമെന്നതിലുപരി ഒരിടവേളയ്ക്കു ശേഷമുളള നസ്രിയയുടെ തിരിച്ചുവരവും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. ഫഹദുമായുളള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നു വിട്ടുനിന്ന നടി നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ജൂലായിലാണ് ചിത്രം തിയ്യേറ്ററുകളിലേക്കെത്തുനത്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ നസ്രിയയുടെ തിരിച്ചുവരവിന് സമ്മാനമായി സോംഗ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ ആരാരോ എന്നു തുടങ്ങുന്ന പാട്ടിന്റെ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഘു ദീക്ഷിതാണ് കൂടെയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. നസ്രിയയ്‌ക്കൊപ്പം പൃഥ്വിരാജ്,പാര്‍വതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

പൃഥ്വിരാജിന്റെ അനിയത്തിയായാണ് ചിത്രത്തില്‍ നസ്രിയ എത്തുന്നത്. ഇവര്‍ക്കു പുറമെ സംവിധായകന്‍ രഞ്ജിത്ത്, അതുല്‍ കുല്‍ക്കര്‍ണി,സിദ്ധാര്‍ത്ഥ് മേനോന്‍ റോഷന്‍മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം രഞ്ജിത്താണ് കൂടെ നിര്‍മ്മിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷമുളള അഞ്ജലി മേനോന്‍ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications